തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പഠിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തി ആണ് ചെയര്‍മാൻ. വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സമതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഭരണപരിഷ്‌കാര കമ്മിഷന്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു.
ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപ ഭാവിയില്‍ ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. മൂന്നുമാസമാണ് കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.
2021 മാര്‍ച്ചിലാണ് സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റണമെന്ന ശുപാര്‍ശ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ചത്. പാളയത്തുനിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിര്‍ദേശിച്ചു.
തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേര്‍ത്ത നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണം. ഇരുവശത്തായും തായ് കെട്ടിടത്തെയും ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാന്‍ഡ്വിച്ച് ബ്ലോക്കുകള്‍ പൊളിക്കണം. സെക്രട്ടേറിയറ്റ് വളപ്പിനുപുറത്ത് അനക്‌സായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ വിവിധ കമ്മിഷനുകള്‍ക്ക് ഓഫീസാക്കാം. സെക്രട്ടേറിയറ്റിനുചുറ്റും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും മാളുകളും ക്രമീകരിക്കാമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
1869 നിർമാണം പൂർത്തിയാക്കി കെട്ടിടത്തിലാണ് നിലവിൽ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്. ആര്‍ക്കിടെക്ട് വില്യം ബാര്‍ട്ടണ്‍ ആണ് കെട്ടിടം രൂപകല്പ്പന ചെയ്തത്. 1933 ല്‍ പുതിയ കെട്ടിടത്തിന്റെ പണിതുടങ്ങി. 39-ല്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തു.
1949 ല്‍ സെക്രട്ടേറിയറ്റായി പുനര്‍നാമകരണം ചെയ്തു. 1939 മുതല്‍ 1998 വരെ നിയമസഭയും ഈ സമുച്ചയത്തിലായിരുന്നു. സൗത്ത് ബ്ലോക്ക് 1961 ലും സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് 1971 ലും നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് 1974 ലും നോര്‍ത്ത് ബ്ലോക്ക് 1982 ലും പൂര്‍ത്തിയായി. അനക്‌സ് ഒന്ന് 1995 ലും അനക്‌സ് രണ്ട് 2016 ലുമാണ് നിര്‍മാണം പൂർത്തീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.