ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ലിസ് ട്രസ് ധനമന്ത്രിയേയും ഏറ്റവും അടുത്ത രാഷ്ട്രീയ സഖ്യകക്ഷിയേയും പദവിയിലേത്തി ആഴ്‌ചകൾ മാത്രം തള്ളിക്കളഞ്ഞത് സ്വന്തം പ്രതിഛായ രക്ഷിക്കാനെന്ന് ആരോപണം ഉയരുന്നു. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനങ്ങളെ ഏറ്റുവാങ്ങിയ മന്ത്രിസഭയിലെ രണ്ടാമനായ ധനമന്ത്രി ക്വാസി ക്വാർടെങ് പുറത്താക്കിയിരുന്നു.
പകരം മുൻ വിദേശകാര്യ, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ലിസ് ട്രസ് നിയമിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസ മേയ്‌ക്കെതിരെയും ബോറിസ് ജോൺസണെതിരെയും ലിസ് ട്രസിനെതിരെയും മൽസരിച്ച നേതാവാണ് ജെറമി ഹണ്ട്.
ആദ്യം വിവാദ മിനി-ബജറ്റ് പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് പിന്നിട്ടതോടെ നികുതി ഇളവുകളുടെ പ്രഖ്യാപനം സാമ്പത്തികരംഗത്തുണ്ടാക്കിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണു ക്വാർട്ടെങ്ങിനു സ്ഥാനം നഷ്ടമായത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഇടക്കാല ബജറ്റിൽ വലിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചത് വിപണിയുടെ തകർച്ചയ്ക്കും പൗണ്ടിന്റെ വലിയതോതിലുള്ള മൂല്യശോഷണത്തിനും ഇടയാക്കിയിരുന്നു. ഒരു ഘട്ടത്തിൽ പൗണ്ട് ഡോളറിനെതിരെ പത്ത് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.
മുൻ ധനമന്ത്രി ക്വാസി ക്വാർടെങ് , ബ്രിട്ടൻ പ്രധാനമന്ത്രി ലിസ് ട്രസ്
ധനമന്ത്രിയുടെ ഈ നടപടി കനത്ത വിമർശനത്തിന് ഇടയായെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ച് ധനമന്ത്രി മുന്നോട്ടു പോകുന്നതിനിടെയാണ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി പ്രധാനമന്ത്രി തന്റെ ഏറ്റവും വിശ്വസ്തനായ ചാൻസിലറുടെ രാജി ആവശ്യപ്പെട്ടത്. ചാൻസിലറെ ഒഴിവാക്കിയില്ലെങ്കിൽ പ്രധാമന്ത്രിസ്ഥാനം തന്നെ അപകടത്തിലാകുമെന്ന ഭയമാണ് ലിസ് ട്രസിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) സമ്മേളനത്തിനായി വാഷിങ്ടനിലേക്ക് പുറപ്പെട്ട ധനമന്ത്രിയെ തിരിച്ചുവിളിച്ചു പ്രധാനമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരിക്കുന്ന വ്യക്തിയായി ക്വാസി ക്വാർടെങ് മാറി. ധനസഹമന്ത്രി ക്രിസ് ഫിലിപ്പും പുറത്തായി. പകരം എഡ്വേഡ് ആർഗർ നിയമിതനായി.
നികുതി ഇളവുകൾക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ വലിയ വിമർശനം ഉയർന്നതോടെ പ്രഖ്യാപനങ്ങളിലേറെയും പിൻവലിക്കുമെന്നും ട്രസ് വ്യക്തമാക്കി. ഇളവു ചെയ്ത കോർപറേറ്റ് നികുതി ഉയർത്തുമെന്നും പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇടപെടലിനെ തുടർന്ന് മിനി ബജറ്റ് ഉപേക്ഷിക്കപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയും ക്വാർട്ടേങിനെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തതോടെയാണ് വിപണികൾ ഒരു പരിധിവരെ സ്ഥിരത കൈവരിച്ചത്.
എന്നിരുന്നാലും, ക്വാർടെങ് പോയി എന്നതിന്റെ അർത്ഥം ട്രസ് സുരക്ഷിതമാണെന്ന് അർത്ഥമാക്കുന്നില്ല. ക്വാർട്ടെങ് പ്രഖ്യാപിച്ച കുറഞ്ഞ നികുതിയും സ്വതന്ത്ര വിപണി നയങ്ങളും ട്രസ് പ്രധാനമന്ത്രിയാകാൻ മത്സരിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടവയായിരുന്നു.
ബ്രിട്ടൻ പ്രധാനമന്ത്രി ലിസ് ട്രസ്
2012-ൽ ഒരു കൂട്ടം കൺസർവേറ്റീവുകൾ തയ്യാറാക്കിയ ഒരു പുസ്തകത്തിൽ, കുറഞ്ഞ നികുതിയും ഉയർന്ന വളർച്ചയും നേടുന്ന ബ്രിട്ടനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച് ട്രസ്സും ക്വാർടെങും എഴുതിയിരുന്നു. എന്നാൽ ട്രസ്സിന്റെ ഓഫീസിൽ നിന്ന് ക്വാർടെങിനെ നീക്കിയത് അവരുടെ സാമ്പത്തിക തന്ത്രം പരാജയപ്പെട്ടുവെന്നതിന്റെ മൗനമായ സമ്മതമാണെന്നും വിലയിരുത്തപ്പെടുന്നു.
അടുത്തത് എന്ത്
ആഗോള വിപണിയിലും പ്രത്യാഘാതമുണ്ടാക്കിയ ധനനയത്തിൽനിന്നു സർക്കാർ പിന്നോക്കം പോകുന്നതിനിടെ, ട്രസിനെ നീക്കം ചെയ്തു ഋഷി സുനകിനെ നേതാവായി കൊണ്ടുവരാൻ വിമതർനീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. പുതിയ ധനമന്ത്രി ജെറമി ഹണ്ട് പാർട്ടി നേതൃമത്സരത്തിൽ ട്രസിന്റെ എതിരാളി ഋഷി സുനകിനെയായിരുന്നു പിന്തുണച്ചത്.
പുതിയ ധനമന്ത്രി ജെറമി ഹണ്ട്
ക്വാർട്ടെങ്ങിന്റെ നികുതി പരിഷ്കാരങ്ങൾ എല്ലാം തന്നെ ജെറമി ഹണ്ട് പൊഴിച്ചെഴുതുമെന്നാണ് കരുതുന്നത്. ഈ പൊളിച്ചെഴുത്ത് വിപണിയെ രക്ഷിക്കുമോ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഭരണഘടനാപരമായി 2025 ജനുവരി വരെ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല. പക്ഷേ ട്രസ് അത്രയും കാലം നിലനിൽക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. കാര്യങ്ങൾ മോശമായി തുടരുമ്പോൾ ക്വാർട്ടെങ് സ്ഥാനം ഒഴിഞ്ഞതോടെ ബ്രിട്ടന് കഴിഞ്ഞ നാല് മാസത്തിനിടെ നാലാമത്തെ ചാൻസിലറെയാണ് ലഭിച്ചിരിക്കുന്നത്.
ട്രസിനെ നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് ചില കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ അഭിപ്രായമുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരം ഒരു തീരുമാനം സ്വീകരിച്ചാൽ പുതിയ നേതാവിന് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിപക്ഷം വൻതോതിൽ തകർക്കുന്നതിൽ നിന്നും ഒരു പരിധിവരെ തടയാൻ സഹായിക്കുമെന്നും അവർ പറയുന്നു.
പൊതുജനങ്ങളോട് കൂടിയാലോചിക്കാതെ ഒരു മന്ത്രിയെ മാറ്റി മറ്റൊരാളെ നിയമിക്കുന്നത് പാർട്ടിയെ പൊതുജനങ്ങളുടെ കണ്ണിൽ കൂടുതൽ മോശമാക്കുമെന്ന് ഇവർ ഭയപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ് ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന് മാസങ്ങൾക്ക് മുമ്പ് തന്റെ സ്ഥാനം നഷ്ടമായത്.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത് ട്രസും അവരുടെ കൺസർവേറ്റീവ് പാർട്ടിയും ഒറ്റപ്പെട്ടിരിക്കുന്നു എന്നാണ്. കാര്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ കഴിയാത്തതും നിർണായക സഖ്യകക്ഷികളുടെ ഐക്യത്തിനു വേണ്ടി പാർട്ടിക്ക് എല്ലാ തലങ്ങളിലേക്കും എത്താൻ കഴിയാത്തതും കാരണം സത്യത്തിൽ ഇപ്പോൾ ട്രസ്സിന്റെ സർക്കാർ പുതിയ ആരോ ഉത്തരവാദിത്വം ഏറ്റെടുക്കൻ കാത്തിരിക്കുന്ന ഒരു കവല പ്രധാനമന്ത്രിയെ പോലെയാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.