ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍ മുതല്‍ വെള്ളി വരെ ആക്കാന്‍ യൂണിയനുകളുടെ നിര്‍ദേശം; ജോലി സമയം അര മണിക്കൂര്‍ വര്‍ധിപ്പിക്കാനും ശുപാര്‍ശ

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍ മുതല്‍ വെള്ളി വരെ ആക്കാന്‍ യൂണിയനുകളുടെ നിര്‍ദേശം; ജോലി സമയം അര മണിക്കൂര്‍ വര്‍ധിപ്പിക്കാനും ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് (ഐബിഎ) കത്തയച്ചു. നിലവിലുള്ള ജോലി സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവര്‍ത്തന ദിനമാക്കുക എന്ന ആവശ്യമാണ് വിവിധ യൂണിയനുകള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.

യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം അപ്പാടെ മാറും. നിര്‍ദേശം അനുസരിച്ച് പുതുക്കിയ പ്രവര്‍ത്തന സമയം രാവിലെ 9:15 മുതല്‍ 4:45 വരെയായിരിക്കും. പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 3:30 വരെയും ആയിരിക്കും. മറ്റ് ഇടപാടുകള്‍ 3:30 മുതല്‍ 4:45 വരെയായി പരിഷ്‌കരിക്കും.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങള്‍ അഞ്ച് ദിവസമാക്കി ചുരുക്കണമെന്ന് തങ്ങള്‍ ഐബിഎയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവില്‍ രണ്ട് ശനിയാഴ്ചകള്‍ അവധി ദിനമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പറഞ്ഞു.

നിലവില്‍ ഞായറാഴ്ചയ്ക്കു പുറമേ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഇനി മുതല്‍ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.