ചിക്കാഗോ എക്യുമെനിക്കൽ സമൂഹം ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനെ ആദരിച്ചു

ചിക്കാഗോ എക്യുമെനിക്കൽ സമൂഹം ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ 21 വർഷത്തെ ഉദാത്തമായ ശ്രേഷ്ഠാചാര്യ ശുശ്രൂഷകൾക്കു ശേഷം ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന അങ്ങാടിയത്ത് പിതാവിനെ ചിക്കാഗോ എക്യുമെനിക്കൽ സമൂഹം ഒക്ടോബർ 11-ാം തീയതി നോർത്ത്‌ ലേക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കൂടിയ മീറ്റിംഗിൽ ആദരിക്കുകയും സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേരുകയും ചെയ്തു.


റവ. അജിത് കെ. തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ എക്യു. പ്രസിഡന്റ് മോൺ തോമസ് മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. എക്യു. കൗൺസിൽ മുൻ പ്രസിഡന്റും സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ചിന്റെ വികാരിയുമായ വെരി. റവ. സ്‌കറിയ തേലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.
സീറോ മലബാർ ബാഹ്യഭാരതത്തിലെ ആദ്യത്തെ രൂപതയായ സെന്റ് തോമസ് രൂപതയുടെ ആദ്യത്തെ മെത്രാൻ എന്ന നിലയിൽ സഭയ്ക്കും സമൂഹത്തിനും നൽകിയിട്ടുള്ള സംഭാവനകളെ സ്‌കറിയ തേലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ ശ്ലാഘിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ മോൺ തോമസ് മുളവനാൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അങ്ങാടിയത്ത് പിതാവിന്റെ പങ്കിനെ പ്രകീർത്തിക്കുകയും ഈ പ്രസ്ഥാനത്തിന്റെ രക്ഷാധികാരി എന്ന നിലയിൽ പ്രവർത്തിക്കുന്ന പിതാവിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുകയും ആയുരാരോഗ്യങ്ങൾ നേരുകയും ചെയ്തു.

ചിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിന്റെ മുൻ വികാരിയും സി.എസ്.ഐ കൊല്ലം - കൊട്ടാരക്കര ഡയസിസിന്റെ ബിഷപ്പുമായ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. ''സഭയെ നയിക്കുവാൻ നാം ഏവർക്കും ഉത്തരവാദിത്വമുണ്ട്; പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും അത് സാധിതമാകണം'' എന്ന് ഓർമ്മപ്പെടുത്തി. ബിഷപ്പ് ഉമ്മൻ ജോർജ്, അങ്ങാടിയത്ത് പിതാവിന് ഐശ്വര്യ പൂർണ്ണമായ വിശ്രമജീവിതം നേർന്നു.

തുടർന്ന് റവ. ഡോ. മാത്യു പി. ഇടിക്കുള, റവ. ഫാ. ഹാം ജോസഫ്, ജോൺസൺ കണ്ണൂക്കാടൻ, ജോർജ് പണിക്കർ, സാം തോമസ്, ഏലിയാമ്മ പുന്നൂസ് എന്നിവർ അങ്ങാടിയത്ത് പിതാവിന് ആശംസകൾ നേർന്ന് സംസാരിച്ചു.

എക്യു. കൗൺസിലിന്റെ ആശംസാഫലകവും എക്യു. പ്രസിഡന്റ് മോൺ തോമസ് മുളവനാൽ പിതാവിന് സമ്മാനിച്ചു. അങ്ങാടിയത്ത് പിതാവിന്റെ മറുപടി പ്രസംഗത്തിൽ, എക്യു. പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഏവരെയും അനുമോദിക്കുകയും ക്രൈസ്തവ സഭകൾ പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും ഒന്നിച്ച് പ്രവർത്തിക്കുവാനുള്ള സന്നദ്ധത എപ്പോഴും ഉണ്ടാകണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സദസ്സിൽ സന്നിഹിതരായ ഏവർക്കും പിതാവ് നന്ദി അറിയിച്ചു.

ജോ. ട്രഷറർ ബിജോയി സഖറിയ മീറ്റിംഗിൽ സംബന്ധിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. ജോ. സെക്രട്ടറി സാം തോമസ് എം.സി. ആയി പ്രവർത്തിച്ചു. റവ. അരുൺ മോസസ് സമാപന പ്രാർത്ഥന നടത്തി. സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സമൂഹം ഒരുക്കിയ സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.