ന്യൂഡല്‍ഹി: ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് പിന്നാലെ സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന സൂചന. ഒപ്പം നിന്ന നേതാക്കളുമായി ചര്‍ച്ച തുടങ്ങിയ ശശി തരൂരും തുടര്‍ നീക്കങ്ങളിലാണ്.
ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം, അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും ഇങ്ങനെ ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ നിര്‍ണായക പ്രഖ്യാപനങ്ങളാണ് ഖര്‍ഗെക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാറ്റങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉടന്‍ സമിതിക്ക് അദ്ദേഹം രൂപം നല്‍കും.
അധ്യക്ഷനെ സഹായിക്കാന്‍ ഒന്നിലധികം വര്‍ക്കിങ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിച്ചേക്കും. അങ്ങനെയെങ്കില്‍ മുകുള്‍ വാസ്‌നിക്, ദീപേന്ദര്‍ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കള്‍ പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനും പദവി നല്‍കിയേക്കും.
തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്ന ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും പരിഗണന പ്രതീക്ഷിക്കുന്നുണ്ട്. ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയും പുനസംഘടനയില്‍ ദേശീയ തലത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
ഒരു പദവിയില്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം എന്ന നിബന്ധന നടപ്പാക്കിയാല്‍ 2024 ല്‍ കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. കൂടാതെ സംസ്ഥാന വിഷയങ്ങളില്‍ പിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ആലോചനയിലുണ്ട്. ഖര്‍ഗെക്കൊപ്പം നേതൃനിരയിലെത്താന്‍ തരൂരിന് താല്‍പര്യമുണ്ട്. വര്‍ക്കിങ് പ്രസിഡന്റ് പദവി തരൂര്‍ ചോദിച്ചേക്കും.
തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന നേതാക്കളുമായി കഴിഞ്ഞ രാത്രി ചര്‍ച്ച നടത്തിയ തരൂര്‍ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ കടുത്ത നിലപാട് തുടരേണ്ടെന്ന ധാരണയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.