ലാവലിന്‍ കേസ് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ സുപ്രിം കോടതി മാറ്റുന്നത് മുപ്പത്തിമൂന്നാം തവണ

 ലാവലിന്‍ കേസ് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ സുപ്രിം കോടതി മാറ്റുന്നത് മുപ്പത്തിമൂന്നാം തവണ

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുപ്പത്തിമൂന്നാം തവണയാണ് കേസ് മാറ്റുന്നത്. ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും.

ഇന്ന് എട്ടാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലാണ് സി.ബി.ഐ സമര്‍പ്പിച്ചത്.

കേസില്‍ രണ്ട് കോടതികള്‍ തന്നെ കുറ്റ വിമുക്തനാക്കിയതാണെന്നും ഇനി ഹ്രസ്വമായ വാദം കേള്‍ക്കലേ ആവശ്യമുള്ളുവെന്നും ഫ്രാന്‍സിസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറും അഭിഭാഷകന്‍ എം.എല്‍ ജിഷ്ണുവും ചൂണ്ടിക്കാട്ടി.

എന്നാല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചു. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാം. എന്നാല്‍ വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാവലിന്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍ സിബിഐയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകര്‍ ആരും ഉണ്ടായിരുന്നില്ല. സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ എസ്. വി രാജു, മാധവി ദിവാന്‍, കെ.എം നടരാജന്‍ എന്നിവരെയാണ് കേസില്‍ നേരത്തെ സിബിഐയ്ക്കുവേണ്ടി ഹാജരായിരുന്നത്.

എന്നാല്‍ ഇന്ന് ഇവരാരും ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. വിശദമായ വാദം കേള്‍ക്കല്‍ നടക്കില്ലെന്ന് ഉറപ്പായതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകര്‍ ആരും കോടതിയില്‍ ഉണ്ടാകാതിരുന്നതെന്നാണ് സൂചന.

ഹര്‍ജികള്‍ ഇനി സുപ്രീം കോടതി പരിഗണിക്കുന്നത് നവംബര്‍ അവസാന ആഴ്ച്ചയാണ്. ചീഫ് ജസ്റ്റിസ് യു. യു ലളിത് നവംബര്‍ രണ്ടാം വാരം വിരമിക്കും. അതിനാല്‍ പുതിയ ബെഞ്ചാകും ഹര്‍ജികള്‍ ഇനി പരിഗണിക്കുക. ബെഞ്ച് ഏതാണെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.