യോണ്ടേ: തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന അഭ്യർത്ഥനയോടെ കാമറൂണിലെ മാംഫെ രൂപതയിൽ നിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ഉൾപ്പെടെയുള്ള സംഘം യാചിക്കുന്ന വീഡിയോ പുറത്ത്. അഞ്ച് വൈദികരെയും, ഒരു സന്യാസിനിയെയും, മൂന്ന് അല്‍മായരെയുമാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
മാംഫെ രൂപതയുടെ മെത്രാനായ അലോഷ്യസ് ഫോണ്ടോംഗ് അബംഗലോയോടാണ് മോചനം സാധ്യമാക്കാൻ വീഡിയോയിൽ അപേക്ഷിക്കുന്നത്. സെപ്തംബർ 16-നാണ് സെന്റ് മേരീസ് കാത്തലിക് എൻചാങ് ഇടവകയിൽ അജ്ഞാതരായ ആയുധധാരികൾ ആക്രമണം നടത്തിയത്. ദേവാലയവും പരിസരവും അഗ്നിക്ക് ഇരയാക്കിയതിനുശേഷമാണ് 9 പേരെ തട്ടിക്കൊണ്ടു പോയത്.
തങ്ങളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സംഘത്തിലുള്ള ഫാ. കൊർണേലിയസ് ജിങ് എന്ന വൈദികൻ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിക്കുന്നു. പിടിയിലുള്ള എല്ലാവരും വളരെ അവശരായാണ് കാണപ്പെടുന്നത്. തടവിൽ കഴിയുന്നവരുടെ അവസ്ഥകൾ ഫാദർ ജിങ് വിവരിക്കുകയും ചെയ്യുന്ന വീഡിയോക്ക് 45 സെക്കൻഡ് ദൈര്‍ഖ്യമാണുള്ളത്. ഇന്നലെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കാൻ ആരംഭിച്ചത്.
തടവിലാക്കപ്പെട്ടതിന് ശേഷം ഇത്രയും ദിവസങ്ങൾ ജീവിച്ചത് വളരെ വിഷമകരമായ അവസ്ഥയിലാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഫാദർ ജിങ് വെളിപ്പെടുത്തി. ഞങ്ങളെ ഇവിടെ നിന്ന് മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
മോചനം വൈകിയാൽ തടവിലാക്കപ്പെട്ടവർ മരിക്കും. ഞാൻ രോഗിയാണ്. ഇപ്പോൾ എന്നോടൊപ്പമുള്ളവർക്കും സുഖമില്ലെന്നും വീഡിയോ സന്ദേശത്തിൽ വൈദികൻ വെളിപ്പെടുത്തിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയവർ പണം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് ബമെൻഡ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആൻഡ്രൂ എൻകിയ ഫുവാൻയ പറഞ്ഞിരുന്നു. ആദ്യം ഒരു ലക്ഷം ഡോളർ ചോദിച്ചെങ്കിലും 50,000 ഡോളറിലേയ്ക്ക് മോചനദ്രവ്യം കുറച്ചു.
എന്നാൽ എന്നാൽ മോചനദ്രവ്യം നൽകാൻ സഭയുടെ പക്കൽ പണമില്ലെന്നാണ് ആർച്ച് ബിഷപ്പ് പറഞ്ഞത്. വിഘടനവാദി പോരാളികളെന്ന് അവകാശപ്പെടുന്ന തട്ടിക്കൊണ്ടു പോയവർ, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഇത്തരം അക്രമണങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കിയാണ് തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തീപിടിത്തത്തിനുശേഷം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ കൂടാരത്തിൽ നിന്ന് യാതൊരു കേടുപാടും കൂടാതെ തിരുവോസ്തി കണ്ടെത്തിയിരിന്നു.
ഫാ. ഏലിയാസ് ഒകോറി, ഫാ. ബർണബാസ് ആഷു, ഫാ. കൊർണേലിയസ് ജിങ്, ഫാ. ജോബ് ഫ്രാൻസിസ് ബോബെഗു, ഫാ. ഇമ്മാനുവൽ അസബ, സിസ്റ്റർ ജസീന്ത സി. ഉദേഘ, എൻകെം പാട്രിക് ഒസാങ്, ബ്ലാഞ്ചെ ബ്രൈറ്റ്, എം.എം. കെലെച്ചുക്വു എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്.
തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പയും രംഗത്തെത്തിയിരിന്നു. വൈദികരും കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി പാപ്പ പറഞ്ഞു.
ആഭ്യന്തരയുദ്ധം തുടരുന്ന കാമറൂണിന് കർത്താവ് സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തെക്കൻ ഇറ്റാലിയൻ നഗരമായ മറ്റെരയിൽ നടന്ന ദിവ്യബലിയുടെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു.
കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള 'ആംഗ്ലോഫോൺ ക്രൈസിസ്' എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധമാണ് കാമറൂണിന്റെ സമാധാനം നശിപ്പിച്ചിരിക്കുന്നത്. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലെ നീണ്ടുനിൽക്കുന്ന സംഘർഷത്തിലെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണ് സെന്റ് മേരീസ് കാത്തലിക് എൻചാങ് ഇടവകയ്ക്ക് നേരെയുണ്ടായ തീവെപ്പ്.
‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള കലാപം 2014ലാണ് പൊട്ടിപ്പുറപ്പെട്ടത്. വിദ്യാഭ്യാസത്തിലും നിയമവ്യവസ്ഥയിലും ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് ‘ആംഗ്ലോഫോൺ’ അധ്യാപകരും അഭിഭാഷകരും തെരുവിലിറങ്ങിയതോടെ സ്ഥിതി ഗുരുതരമായി.
പ്രതിഷേധത്തെ അക്രമമാർഗങ്ങളിലൂടെ ഭരണകൂടം അടിച്ചമർത്തിയതും പ്രശ്‌നം രൂക്ഷമാക്കി. കലാപത്തിൽ ഇതുവരെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷത്തിൽപ്പരം പേർ അഭയാർത്ഥികളാക്കപ്പെട്ടു.
https://twitter.com/aciafricanews/status/1582751395546923008
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.