വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുജനങ്ങൾക്കായുള്ള വിശുദ്ധന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സംഭവപരമ്പര 'ലെക്ടോ പെട്രി: ദി അപ്പോസ്തോൽ പീറ്റർ ഇൻ ഹിസ്റ്ററി, ആർട്സ് ആൻഡ് കൾച്ചറിന് വത്തിക്കാൻ ആതിഥേയത്വം വഹിക്കും.
മുൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചറിന്റെ പ്രസിഡന്റും കോർട്യാർഡ് ഓഫ് ജന്റയിൽസിന്റെ സ്ഥാപകനുമായ കർദ്ദിനാൾ ജിയാൻഫ്രാങ്കോ റവാസിയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രൈയന്റും വത്തിക്കാൻ സിറ്റിയുടെ വികാരി ജനറൽ കർദിനാൾ മൗറോ ഗാംബെറ്റിയും ചേർന്ന് പരിപാടിയുടെ രൂപരേഖ ഇന്നലെ വത്തിക്കാൻ പ്രസ് ഓഫീസിൽ അവതരിപ്പിച്ചു.
കർദ്ദിനാൾ റവാസിയും (ഇടത്) കർദ്ദിനാൾ ഗാംബെറ്റിയും (നടുക്ക്) വത്തിക്കാൻ പ്രസ് ഓഫീസിൽ
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിനായി കർദിനാൾ ജിയാൻഫ്രാങ്കോ റവാസി സ്ഥാപിച്ച സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡികാസ്റ്ററിയുടെ സംഘടനയാണ് കോർട്യാർഡ് ഓഫ് ജന്റയിൽസ്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയും ഫ്രതെല്ലി തൂത്തി ഫൗണ്ടേഷനും കോർട്യാർഡ് ഓഫ് ജന്റയിൽസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചരിത്രത്തിലും കലകളിലും സംസ്‌കാരത്തിലും പത്രോസ് ശ്ലീഹായുടെ ജീവിതവും ശുശ്രൂഷയും പര്യവേക്ഷണം ചെയ്യുന്നതിനായി വത്തിക്കാൻ ബസിലിക്കയുടെ ഉജ്ജ്വലമായ പശ്ചാത്തലത്തിൽ നാല് സമ്മേളനങ്ങളും ഈ പരമ്പരയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 25 ചൊവ്വാഴ്ച റോം സമയം വൈകുന്നേരം 6.30ന് ബസിലിക്കയിൽ കർദിനാൾ ജിയാൻഫ്രാങ്കോ റവാസിയാണ് ആദ്യ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുക. ഈ യോഗത്തിൽ അപ്പോസ്തലനെയും അദ്ദേഹത്തിന്റെ വിളിയെയും സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട ചില സുവിശേഷ ഭാഗങ്ങളെക്കുറിച്ചുള്ള വിചിന്തനവും നിരൂപണവും നടത്തും. കർദ്ദിനാൾ ഗാംബെറ്റിയുടെ ആമുഖവും ഉപസംഹാരങ്ങളും, ഒപ്പം ഒരു സ്ട്രിംഗ് ക്വാർട്ടറ്റ് പ്രകടനവും ഈ പരിപാടിയെ സമ്പന്നമാക്കും.
രണ്ടാമത്തെ യോഗം നവംബർ 22 ചൊവ്വാഴ്ച നടക്കും. അന്നേ ദിവസം "ഈ പാറയിൽ ഞാൻ എന്റെ സഭ പണിയും" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു കത്തോലിക്കനും പ്രൊട്ടസ്റ്റന്റും ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനും ചേർന്ന് സംവാദം നടത്തും.
മൂന്നാമത്തെ സമ്മേളനം 2023 ജനുവരി 17 ചൊവ്വാഴ്ചയാണ്. നമ്മിലുള്ള പ്രതീക്ഷയുടെ അക്കൗണ്ടിംഗ് എന്നാണ് ഈ യോഗം വിളിക്കപ്പെടുക. നിർദ്ദിഷ്ട വിഭാഗം ചരിത്രത്തിലും സംസ്കാരത്തിലും വിശുദ്ധന്റെ രൂപത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിനായിട്ടാണ് സമർപ്പിക്കുന്നത്.
കൂടാതെ ആദ്യകാല ക്രിസ്ത്യാനികളുടെ ജീവിതം വിവരിക്കുന്ന ഏറ്റവും പഴക്കം ചെന്ന സ്രോതസ്സുകളിൽ ഒന്നായ പ്ലിനിയുടെ കത്തിൽ നിന്നുള്ള ചില ഭാഗങ്ങളും പത്രോസിന്റെ രണ്ട് കത്തുകളും ചില ഭാഗങ്ങളും കർദിനാൾ റവാസി പരാമർശിക്കും. വിശ്വാസവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കോർട്യാർഡ് ഓഫ് ജന്റയിൽസ് പ്രസിഡന്റ് പ്രൊഫസര് ഗിയുലിയാനോ അമാറ്റോയുടെ വിശകലനത്തേടെ യോഗം സമാപിക്കും.
നാലാമത്തേതും അവസാനത്തേതുമായ സമ്മേളനം മാർച്ച് 7 നാണ് ചേരുക. ഇതിൽ സാംസ്കാരിക ലോകത്തെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തോടെ കല, സാഹിത്യം, സംഗീതം എന്നിവയിൽ പത്രോസിന്റെ വ്യക്തിത്വം വിശകലനം ചെയ്യുമെന്നും പരിപാടിയുടെ രൂപരേഖയിൽ പറയുന്നു.
പത്രോസ് ശ്ലീഹ ഒരേസമയം ആകർഷകവും സങ്കീർണ്ണവുമായ ഒരു വ്യക്തിത്വമാണെന്ന് കർദ്ദിനാൾ റവാസി പറഞ്ഞു. സുവിശേഷങ്ങളിൽ അവന്റെ ബലഹീനതകളും ചാപല്യങ്ങളും വിവരിച്ചിട്ടുണ്ട്. ഒരു പരിധിവരെ പത്രോസ് ശ്ലീഹ ഒരു ആധുനിക കഥാപാത്രമാണ്. ഈ വിശുദ്ധൻ ആഴത്തിൽ പര്യവേക്ഷണം ചെയ്യപ്പെടാൻ അർഹനും സമകാലിക പ്രസക്തനുമാണെന്നും എൺപതുകാരനായ കർദ്ദിനാൾ വിശദീകരിച്ചു.
ഈ പരിപാടി സന്ദര്‍ഭോചിതമാണെന്ന് കർദ്ദിനാൾ ഗാംബെറ്റിയും വിശേഷിപ്പിച്ചു. മെഡിറ്ററേനിയൻ കടന്ന് റോമിൽ എത്തിയതിനും യേശുവിനോടുള്ള തന്റെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചതിനും അപ്പോസ്തലന്മാരിൽ ഒന്നാമനായ പത്രോസ് ശ്ലീഹായെ കൃതജ്ഞതയോടും ആദരവോടും കൂടി നാം നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ പത്രേസ് കർത്താവിനെ അനുഗമിച്ച് എല്ലാ വിധത്തിലും അവനെപ്പോലെയായി. ഈ വിശുദ്ധന്റെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ സഭയുടെ മുഖം പ്രകാശിപ്പിക്കാനും രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ള ഈ മൂന്നാം സഹസ്രാബ്ദത്തിലെ എല്ലാ ജനങ്ങൾക്കും ആധികാരികമായി നൽകപ്പെട്ടിരിക്കുന്ന ഈ വഴി നന്നായി ഗ്രഹിക്കാനും കഴിയട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും കർദ്ദിനാൾ ഗാംബെറ്റി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.