ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്താറാം ഭാഗം.
കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും ഒട്ടും ശ്രദ്ധ കൊടുക്കാതിരുന്നതും എന്നാല്‍ നാമിന്ന് ജീവിക്കുന്ന നൂറ്റാണ്ടില്‍ ഏറെ ശ്രദ്ധ നല്‍കുന്നതുമായ ഒരു ശാസ്ത്ര ശാഖയാണ് മനശാസ്ത്രം. ജീവിതത്തിന്റെ ദുഖങ്ങളിലും ബുദ്ധിമുട്ടുകളിലും നട്ടം തിരിയുന്ന അനേകരെ ആശ്വാസത്തിന്റെ തീരത്ത് അടുപ്പിക്കാന്‍ ഈ ശാസ്ത്ര ശാഖയുടെ വളര്‍ച്ച സഹായിച്ചിട്ടുണ്ട്.
ഇന്ന് അനേക ലക്ഷം ആളുകളെ നേരിട്ട് സഹായിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മനശാസ്ത്രം. മാനവിക വിഷയങ്ങള്‍ പഠിക്കുന്ന അനേകര്‍ ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെങ്കിലും പഠിക്കുന്നുണ്ട്. മനുഷ്യന്റെ മനസ് ഈ പഠനങ്ങളുടെയെല്ലാം അപ്പുറത്താണെങ്കിലും മനുഷ്യ മനസുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ഈ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഒരാളാണ് വില്യം മൈസ്സ്‌നര്‍. 1931 ലാണ് അദ്ദേഹം ജനിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ എഗേറ്റ്സ്വില്‍ (Eggertsville) എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആന്‍ഡ്രൂ ഓണ്‍ ഹഡ്‌സണ്‍ (St. Andrew-on-Hudson) എന്ന സ്ഥലത്തുള്ള ജെസ്യൂട്ട് ആശ്രമത്തില്‍ 1951 ല്‍ അദ്ദേഹം ചേര്‍ന്നു. 1953 ല്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിച്ചു.
സെന്റ് ലൂയിസ് എന്ന സ്ഥലത്തെ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലും മേരിലാന്‍ഡിലെ വുഡ്‌സ്റ്റോക്ക് കോളജിലുമാണ് വിദ്യാഭ്യാസം നേടിയത്. 1961 ല്‍ മൈസ്‌നര്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രശംസനാര്‍ഹമായ തരത്തില്‍ മെഡിക്കല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ സവിശേഷമായ ശ്രദ്ധ സൈക്യാട്രി (psychiatry) ആയിരുന്നു.
ബോസ്റ്റണില്‍ താമസിച്ചാണ് വില്യം മൈസ്‌നര്‍ സൈക്യാട്രി പരിശീലിച്ചത്. 1969 മുതല്‍ 1999 വരെ അദ്ദേഹം ഹാര്‍വാര്‍ഡില്‍ സൈക്യാട്രി പരിശീലിക്കുകയും 1969 മുതല്‍ 1987 ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സൈക്യാട്രി പഠിപ്പിക്കുകയും ചെയ്തു. ഇത് കൂടാതെ ബോസ്റ്റണ്‍ കോളജില്‍ ഏറെക്കാലം സൈക്കോ അനാലിസിസ് പഠിപ്പിച്ചു.
മനശാസ്ത്രം മനുഷ്യന്റെ മനസിനെയും അനുഭവങ്ങളെയും അറിയാനും വിശകലനം ചെയ്യാനുമുള്ള പരിശ്രമമാണ്. ആ പരിശ്രമം അദ്ദേഹത്തിന്റെ ജീവിതസപര്യ ആയിരുന്നു. ഒരു വൈദികനായ മനശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ക്രിസ്തു മതത്തിന്റെ ആരംഭം, മതാത്മക അനുഭവങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വിശകലനത്തിന് വിധേയമാക്കി.
കൃപയുടെ മനശാസ്ത്രം എന്ന മേഖലയില്‍ നിരവധി ലേഖനങ്ങള്‍ ദൈവശാസ്ത്ര തത്വശാസ്ത്ര മാസികകളില്‍ അദ്ദേഹം രചിച്ചു. Ignatius of Loyola:The Psychology of a Saint എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു മനുഷ്യന്റെ ആത്മീയ അനുഭവങ്ങളെയും വിശ്വാസ ജീവിതത്തെയുമൊക്കെ മനശാസ്ത്രത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ സഹായിക്കുന്നു.
ഇരുപത്തിയഞ്ചോളം പുസ്തകങ്ങളും മുന്നൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. Time self and psychoanalysis, The paranoid process, To the greater glory. A psychological study of Ignatian Spirituality, Psychotherapy and the Paranoid process തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങളാണ്. ഇവ കൂടാതെ മറ്റനേകം പുസ്തകങ്ങളും ഈ മേഖലയില്‍ മൈസ്‌നര്‍ രചിച്ചിട്ടുണ്ട്.
മനശാസ്ത്രതിലെ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും അദ്ദേഹം പുലര്‍ത്തിയ സൂക്ഷ്മതയും കൃത്യതയും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മനശാസ്ത്രജ്ഞരുടെ നിരയിലേക്ക് അദ്ദേഹത്തിന്റെ പേര് എടുത്തു ചേര്‍ക്കാന്‍ പര്യാപ്തമാക്കുന്നു. 1989 ല്‍ American Psychiatric Association ല്‍ നിന്നും Oskar Pfister അവാര്‍ഡ്, 2001 ല്‍ American Psychological Association ല്‍ നിന്നും William C. Bier അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി. മനശാസ്ത്രമേഖലയില്‍ അദ്ദേഹം നേടിയ ഔന്നത്യം ഈ അവാര്‍ഡുകള്‍ വിളിച്ചോതുന്നു.
2010 ഏപ്രില്‍ 16 നാണ് വില്യം മൈസ്‌നര്‍ ഈ ലോകത്തോട് വിട പറയുന്നത്. Campion Health Center എന്ന പേരില്‍ അമേരിക്കയില്‍ ജെസ്യൂട്ട് സഭക്കുള്ള ഒരു സ്ഥാപനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം പ്രാപിച്ചത്. ഔറിസ്വില്‍ (Auriesville) എന്ന സ്ഥലത്തെ ജെസ്യൂട്ട് സെമിത്തേരിയിലാണ് സംസ്‌കരിക്കപ്പെട്ടത്.
ഏറ്റവും നൂതനമായ ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോളും അവ പൊതുസമൂഹം എത്ര മതവിരുദ്ധമെന്ന് വിലയിരുത്തിയാലും അവയിലൂടെയും മതാത്മകത പരിപോഷിപ്പിക്കാന്‍ സാധിക്കുമെന്നതിന്റെ നല്ല ഉദാഹരണമാണ് വില്യം മൈസ്‌നര്‍.
പൊതുവെ മതാത്മകതയോട് നിഷേധ മനോഭാവം പുലര്‍ത്തുന്ന ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ആര്‍ജ്ജവത്തോടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ച് അത് മറ്റുള്ളവര്‍ക്ക് കൂടി പകരാനുള്ള അദ്ദേഹത്തിന്റെ മനോഭാവം ശ്ലാഘനീയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.