അമേരിക്കയിൽ നിന്നും വേൾഡ് മിഷൻ സൺഡേയിൽ സമാഹരിച്ച സംഭാവനകൾ ലോകമെമ്പാടുമുള്ള അർഹരായവരിലേക്ക് എത്തിക്കും: ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി

അമേരിക്കയിൽ നിന്നും വേൾഡ് മിഷൻ സൺഡേയിൽ സമാഹരിച്ച സംഭാവനകൾ ലോകമെമ്പാടുമുള്ള അർഹരായവരിലേക്ക് എത്തിക്കും: ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി

വാഷിംഗ്ടൺ: ക്രൈസ്തവ സമൂഹത്തിന്റെ ഊർജമായി നിലകൊള്ളുന്ന മിഷനറിമാർക്കുവേണ്ടി പ്രാർത്ഥിക്കാനും, അവരെ സഹായിക്കുവാനും അതേപോലെ മാമോദീസയിലൂടെ നാമെല്ലാവരും ക്രിസ്തുവിന്റെ മിഷനറിമാരാകാൻ വിളിക്കപ്പെട്ടവരാണെന്ന ബോധ്യം നമ്മിലേക് ഉൾച്ചേർക്കുവാനുമായി മാറ്റിവെക്കപ്പെട്ട പുണ്യ ദിനമായ വേൾഡ് മിഷൻ സൺഡേയിൽ സമാഹരിച്ച സംഭാവനകൾ അർഹരായ എല്ലാവരിലേക്കും എത്തിക്കുമെന്ന് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി.

ഒക്‌ടോബർ 23-ന് നടന്ന വേൾഡ് മിഷൻ ഞായറാഴ്‌ചയ്‌ക്കായി സമാഹരിച്ച ഉദാരമായ സംഭാവനകൾ ലോകമെമ്പാടും ഏറ്റവും ആവശ്യമുള്ളവർക്കും ദുർബലരായവർക്കും പീഡനവും ഭീഷണിയും നേരിടുന്നവർക്കും ശക്തമായ സഹായമായി വർത്തിക്കുന്നുവെന്നും അമേരിക്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി പറഞ്ഞു.

മിഷൻ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുക, അനാഥരെയും വൃദ്ധരെയും രോഗികളെയും സഹായിക്കുക, ചാപ്പലുകളും പള്ളികളും നിർമ്മിക്കുകയും നന്നാക്കുകയും ചെയ്യുക, മിഷനറി രൂപതകളെ സഹായിക്കുക, മതപരമായ രൂപീകരണത്തെയും സെമിനാരികളെയും പിന്തുണയ്‌ക്കുക അങ്ങനെ അമേരിക്കയിലെ പൊന്തിഫിക്കൽ മിഷൻ സൺഡേ സംഭാവന ശേഖരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

അമേരിക്കയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ പ്രാദേശിക ബിഷപ്പുമാർ, പള്ളികൾ, മിഷനറി സഭകൾ എന്നിവയിലൂടെ വ്യക്തിഗത സഭകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ശേഖരിച്ച സംഭാവനകൾ തുല്യമായും ന്യായമായും വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും. പണം അമേരിക്കയിൽ നിന്ന് നേരിട്ട് മിഷൻ പ്രദേശങ്ങളിലെ ബിഷപ്പുമാരിലേക്കാണ് എത്തിക്കുകയാണ് ചെയ്യുന്നത്.

ഉഗാണ്ട, ഹെയ്തി, മൊസാംബിക്ക്, സിംബാബ്‌വെ, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ നിരവധി മിഷൻ പ്രദേശങ്ങളിലെ പ്രവർത്തനം മിഷൻ സൺ‌ഡേ സമാഹരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് അനുഭവം നൽകിയെന്ന് ആർച്ച് ബിഷപ്പ് പിയറി കൂട്ടിച്ചേർത്തു.

പയസ് പതിനൊന്നാം മാർപ്പാപ്പ 1926-ൽ സ്ഥാപിച്ച വേൾഡ് മിഷൻ സൺഡേയുടെ 95-ാമത് വാർഷികമാണ് ഒക്ടോബർ 23 ന് നടന്നത്. സാധാരണയായി ഇത് ഒക്ടോബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ആചരിക്കുന്നത്. വിദേശ മിഷനുകളുടെയും മിഷനറിമാരുടെയും ജീവൻ പണയപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ആത്മീയവും സാമ്പത്തികവുമായ പിന്തുണയ്‌ക്കായുള്ള മാർപാപ്പയുടെ അഭ്യർത്ഥനയാണ് വേൾഡ് മിഷൻ സൺഡേ.

ഏഷ്യ, ആഫ്രിക്ക, പസഫിക് ദ്വീപുകൾ, ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും ഭാഗങ്ങളിലും പ്രാദേശിക പള്ളികൾ നിർമ്മിക്കാനും സഭയെ പ്രാപ്തമാക്കുന്ന ഒരു സമ്പൂർണ്ണ ആഗോള ശ്രമമാണ് വേൾഡ് മിഷൻ സൺഡേയിലൂടെ നടക്കുന്നത്. 1100-ലധിക വരുന്ന രൂപതകൾക്ക് ആഗോള സഭ ഒന്ന് ചേർന്ന് സഹായം നൽകുന്ന മിഷനറി പ്രവർത്തനമാണ് ഇതിലൂടെ സാധ്യമാകുന്നത്.

സഭയുടെ അടിസ്ഥാന സ്വഭാവം തന്നെ മിഷനറിയാണെന്നും ഈ ദൗത്യത്തിൽ ഒരുമിച്ച് പങ്കാളികളാകാനാണ് നാം ജ്ഞാനസ്നാനത്തിൽ വിളിക്കപ്പെടുന്നതെന്നും വേൾഡ് മിഷൻ ഞായറാഴ്‌ചയ്‌ക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് മിഷനറിയാകാനും ക്രിസ്തുവിന് സാക്ഷിയാകാനുമാണ്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ സമൂഹമായ സഭയ്ക്ക് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തി ലോകമെമ്പാടും സുവിശേഷം എത്തിക്കുക എന്നതല്ലാതെ മറ്റൊരു ദൗത്യവുമില്ല. സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയുടെ സ്വത്വമാണെന്നും ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.