മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന് നാളെ നൂറ്‌ ദിവസം; കരയിലും കടലിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ തീരുമാനം

മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന് നാളെ നൂറ്‌ ദിവസം; കരയിലും കടലിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന് നാളെ നൂറ്‌ ദിവസം. കരയിലും കടലിലും പ്രതിഷേധിച്ച് സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിർത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സർക്കാരും സമരസമിതിയും രണ്ട് തട്ടിൽ ഉറച്ചുനിൽക്കുന്നതോടെ സമവായ ചർച്ചകളും നിലച്ചിരിക്കുകയാണ്.

നിർമാണഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 100 ദിവസമായി വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20ന് സെക്രട്ടറിയേറ്റിൽ തുടങ്ങിയ സമരം ഓഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. പിന്നീട് കണ്ടത് തീരദേശത്തിന്‍റെ ഇരമ്പുന്ന പ്രതിഷേധമായിരുന്നു. 

ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി. എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യത്തിൽ തട്ടി സമവായം നീളുകയാണ്.

നാളെ മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടക്കും.

പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായെന്ന് സർക്കാർ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തിൽ പോലും സർക്കാർ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. 

തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുന്നു. സമരത്തിനെതിരൊയ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ്  അദാനി ഗ്രൂപ്പിന്‍റെയും കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.