കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റാലിന്‍ കേന്ദ്രത്തിന് കത്തയച്ചു; പുതിയ പൊലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചു

കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റാലിന്‍ കേന്ദ്രത്തിന് കത്തയച്ചു; പുതിയ പൊലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

ചെന്നൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി. ചീഫ് സെക്രട്ടറി ഇരൈ അന്‍പ്, ഡിജിപി ശൈലേന്ദ്ര ബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്റലിജന്‍സ് മേധാവി ഡേവിഡ്സണ്‍ ദേവാശിര്‍വാദം മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോയമ്പത്തൂര്‍ നഗരത്തിന്റെ സുരക്ഷ കൂട്ടാനും യോഗത്തില്‍ തീരുമാനമായി. കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളില്‍ ഉടന്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കും.

രഹസ്യാന്വേഷണ വിഭാഗത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉക്കടം കാര്‍ ബോംബ് സ്‌ഫോടനം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം. തീവ്രവാദ ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബാലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉടന്‍ തന്നെ എന്‍ഐഎ ഏറ്റെടുക്കാനാണ് സാധ്യത. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു.

എന്‍ഐഎ ഉദ്യോഗസ്ഥരായ കെ.ബി വന്ദന, എസ്.പി ശ്രീജിത്ത് എന്നിവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പ് ജമിഷ മുബീന്‍ പങ്കുവച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ചാവേര്‍ ആക്രമണ സംശയം ബാലപ്പെടുത്തുന്നത്.

'എന്റെ മരണ വിവരം അറിഞ്ഞാല്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കണം' എനായിരുന്നു ഉള്ളടക്കം. ഇതിനു പുറമെ ജമിഷ മുബീന്റെ മൃതദേഹത്തില്‍ നിന്ന് കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

ജമിഷിന്റെ വീട്ടില്‍ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ചിലരുടെ കേരള സന്ദര്‍ശനത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.