കാന്‍ബറ: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ മെഡിബാങ്കിനു നേരേയുണ്ടായ സൈബര്‍ ആക്രമണത്തില്‍ തങ്ങളുടെ 40 ലക്ഷം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഥാപനത്തിനു നേരേ സൈബര്‍ ആക്രമണമുണ്ടായത്. കമ്പനിയുടെ വെളിപ്പെടുത്തല്‍ പ്രവാസി മലയാളികള്‍ അടക്കം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സംഭവത്തില്‍ ഉപയോക്താക്കളുടെ രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച ഡാറ്റ മോഷ്ടിക്കപ്പെട്ടതായി ഇന്‍ഷുറന്‍സ് കമ്പനി സമ്മതിച്ചു. ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും അല്ലെങ്കില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ ഉപയോക്താവുമായും ബന്ധപ്പെട്ട മോഷ്ടിക്കപ്പെട്ട ഡാറ്റ കണ്ടെത്താനും ആ വിവരങ്ങള്‍ ഉപയോക്താവുമായി പങ്കിടാനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് മെഡിബാങ്ക് പറഞ്ഞു.
'തങ്ങളുടെ എല്ലാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഡാറ്റയും ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി കമ്പനിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മെഡിബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കോസ്‌കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ഇതു വലിയ കുറ്റകൃത്യമാണ് - ഏറ്റവും ദുര്‍ബലരായ അംഗങ്ങള്‍ക്ക് പരമാവധി ദോഷം വരുത്താന്‍ ഉദ്ദേശിച്ചുള്ള കുറ്റകൃത്യമാണെന്ന് കോസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തെതുടര്‍ന്ന് കമ്പനി ഓഹരി വിപണിയിലെ വ്യാപാരം നിര്‍ത്തിവച്ചിരുന്നു.
അതേസമയം, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട്, ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കുള്ള പിഴകള്‍ വര്‍ധിപ്പിക്കുന്ന നിയമനിര്‍മ്മാണത്തിനായുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ ടെലികോം ഭീമനായ ഒപ്റ്റസിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഏകദേശം 10 ദശലക്ഷത്തോളം നിലവിലുള്ള ഉപയോക്താക്കളുടെയും മുന്‍ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിരുന്നു.
ഓസ്ട്രേലിയയിലെ 26 ദശലക്ഷത്തിലധികം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരുടെയും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ജനങ്ങള്‍ക്കും സര്‍ക്കാരിനും കനത്ത പ്രഹരമായി മാറി. ഇതേതുടര്‍ന്ന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് സ്വകാര്യതാ നിയമത്തില്‍ ഭേദഗതികള്‍ അവതരിപ്പിച്ചു.
സ്വകാര്യതാ നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 2.2 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 50 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് നീക്കം.
സര്‍ക്കാരുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കും ഓസ്ട്രേലിയക്കാരുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അടുത്ത കാലത്ത് നടന്ന സൈബര്‍ ആക്രമണങ്ങള്‍ ഓസ്ട്രേലിയക്കാര്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ദോഷം വരുത്താന്‍ സാധ്യതയുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മാര്‍ക്ക് ഡ്രെഫസ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.