സൈനികനെ തല്ലിച്ചതച്ച കേസ്: മിലിട്ടറി ഇന്റലിജന്‍സ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു

സൈനികനെ തല്ലിച്ചതച്ച കേസ്:  മിലിട്ടറി ഇന്റലിജന്‍സ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനെ തല്ലിച്ചതച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ മിലിട്ടറി ഇന്റലിജന്‍സ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കരിക്കോട് പേരൂര്‍ 'ഇന്ദീവര'ത്തില്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും സെപ്തംബര്‍ 25 ന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും തുടര്‍ന്ന് പൊലീസിനെ ആക്രമിച്ചതായി കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് രക്ഷപ്പെടല്‍ എളുപ്പമാകില്ലെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സൈനികന് മര്‍ദ്ദനമേറ്റ സംഭവം സൈന്യം വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സൈനികന്റെ കുടുംബവും വിമുക്ത ഭടന്മാരുടെ സംഘടനകളും പരാതി നല്‍കിയതിനു പിന്നാലെയാണ് കേസില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ദക്ഷിണമേഖലാ ഐജിപി പ്രകാശ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യമാണ് സമൂഹത്തില്‍ നിന്നുമുയര്‍ന്നത്. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പരാതിയുണ്ട്. 12 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തു വന്ന സഹോദരങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ വിവരങ്ങളറിഞ്ഞ് കേരളം ഞെട്ടിയിരുന്നു.

ഇതിനിടെ എസ്.ഐ അനീഷ് മുഹമ്മദിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്ത വന്നിട്ടുണ്ട്. ഇതോടെ സഹോദരങ്ങളെ മര്‍ദ്ദിച്ച കേസില്‍ എന്‍ഐഎ അന്വേഷണവും ഉണ്ടായേക്കുമെന്നുള്ള സൂചനകളും എത്തുന്നുണ്ട്. അതേസമയം ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സേന മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യം പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷവും ഉയര്‍ത്തിയിട്ടുണ്ട്.

കൊലപാതകം, മനപൂര്‍വമല്ലാത്ത നരഹത്യ, ബലാല്‍സംഗം എന്നീ മൂന്ന് കുറ്റകൃത്യങ്ങളിലൊഴികെ ഒരു സൈനികനെയോ സൈനിക ഓഫീസറെയോ അറസ്റ്റ് ചെയ്യാന്‍ ലോക്കല്‍ പൊലീസിന് ഒരധികാരവും ഇല്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 45 (1) വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ മൂന്നു കുറ്റകൃത്യങ്ങളില്‍ ഇര സിവിലിയന്‍ ആണെങ്കില്‍ മാത്രമേ ഒരു സൈനികനെയോ ഓഫീസറെയോ വ്യക്തമായ തെളിവോടെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുള്ളൂ.

ഈ കുറ്റകൃത്യങ്ങളിലെ ഇര സേനയിലുള്ളവരാണെങ്കില്‍ അതിന്മേല്‍ കേസെടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും സൈനിക പൊലീസിനും കോടതിക്കും മാത്രമാണ് അധികാരം. ആര്‍മി ആക്ട് 70, എയര്‍ഫോഴ്‌സ് ആക്ട് 72, കോസ്റ്റ് ഗാര്‍ഡ് ആക്ട് 50 എന്നീ വകുപ്പുകള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.