ഹൈദരാബാദ്: എംഎല്‍എമാരെ വിലയ്ക്കു വാങ്ങി തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം. എംഎല്‍എമാരുടെ മൊഴികളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ടി.ആര്‍.എസിന്റെ നാല് നിയമസഭാ സാമാജികരെ പണം നല്‍കി ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ടി.ആര്‍.എസ് എംഎല്‍എമാര്‍ തന്നെ നേരിട്ടിടപ്പെട്ട് പൊളിച്ചത്. സംഭവത്തില്‍ അസീസ് നഗറിലെ ഫാം ഹൗസ് റെയ്ഡ് ചെയ്ത സൈബറാബാദ് പൊലീസ് മൂന്ന് പേരെ അറസ്റ്റു ചെയ്തു.
ഹരിയാനയിലെ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്ര ഭാരതി, ആന്ധ്രപ്രദേശ് തിരുപ്പതിയിലെ പൂജാരി ഡി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്നുപേരും അസീസ് നഗറിലെ ഫാം ഹൗസിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറില്‍ നിന്നും 15 കോടി രൂപ പൊലീസ് പിടിച്ചെടുത്തു.
ഇവര്‍ ടി.ആര്‍.എസ് എംഎല്‍എമാരായ പൈലറ്റ് രോഹിത് റെഡ്ഡി, ബി ഹര്‍ഷവര്‍ദ്ധന്‍ റെഡ്ഡി, ജി ബാല്‍രാജു, രേഖ കാന്ത റാവു എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. എംഎല്‍എമാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓപ്പറേഷന് പദ്ധതിയിട്ടത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി നാല് എംഎല്‍എമാര്‍ക്കുമായി 250 കോടിയാണ് വാഗ്ദാനം ചെയ്തതെന്ന് തെലങ്കാന സര്‍ക്കാര്‍ ഒരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. പൈലറ്റ് രോഹിത് റെഡ്ഡിക്ക് 100 കോടിയും മറ്റു മൂന്ന് എം.എല്‍.എമാര്‍ക്ക് 50 കോടി വീതവുമാണ് വാഗ്ദാനം ചെയ്തത്.
ഇവര്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്തതിന്റെ ഓഡിയോ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും ടി.ആര്‍.എസ് നേതാക്കളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ പ്രതിനിധീകരിച്ചാണ് തങ്ങള്‍ വന്നതെന്ന് ഏജന്റുമാര്‍ പറഞ്ഞതായും വാര്‍ത്തയുണ്ട്.
നാല് ടി.ആര്‍.എസ് എംഎല്‍എമാര്‍ക്കും പണത്തിന് പുറമേ മറ്റു കേന്ദ്ര സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളും കേന്ദ്ര സര്‍ക്കാര്‍ പദവിയില്‍ ഉന്നത ജോലികളും വാഗ്ദാനം ചെയ്തിരുന്നതായും ടി.ആര്‍.എസ് എംഎല്‍എ രോഹിത് റെഡ്ഡി പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ക്രിമിനല്‍ കേസുകളും ഇ.ഡി, സി.ബി.ഐ എന്നിവരുടെ അന്വേഷണവുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
നവംബര്‍ മൂന്നിന് മുനുഗോഡ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം നടക്കുന്നത്. മുനുഗോഡ് മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഇതിന്റെ മറവിലാണ് ബി.ജെ.പി തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. നാല് ടി.ആര്‍.എസ് എംഎഎമാരെ മുന്നില്‍ നിര്‍ത്തി മറ്റ് എംഎല്‍എമാരെ കൂടി തങ്ങളുടെ പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം നടത്തിയതെന്ന് ടി.ആര്‍.എസ് നേതാക്കള്‍ പറയുന്നു.
എന്നാല്‍ ടി.ആര്‍.എസ് നേതാക്കളുടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. ബി.ജെ.പി കുതിര കച്ചവടം നടത്താറില്ലെന്നും അറസ്റ്റിലായ ആര്‍ക്കും ബി.ജെ.പിയുമായി ബന്ധമില്ലെന്നും എല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. അതിനിടെ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ ആര്‍.എസ്.എസ് ബന്ധവും പുറത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.