വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ നവംബറില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറ്റി ആറു പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് വിസ്‌കോന്‍സിന്‍ കോടതി. അമേരിക്കയെ ഞെട്ടിച്ച സംഭവത്തില്‍, മില്‍വാക്കി സ്വദേശിയായ ഡാരെല്‍ ബ്രൂക്സിനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. 12 പേരടങ്ങുന്ന ജൂറിയാണ് വിധി പറഞ്ഞത്. ഡാരെല്‍ ബ്രൂക്സിന് ആറ് ജീവപര്യന്തം തടവും 859 വര്‍ഷത്തെ തടവും ലഭിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. കേസില്‍ വിധി തിങ്കളാഴ്ച്ച പ്രഖ്യാപിച്ചേക്കും.
അപകടത്തിനിടയാക്കിയ എസ്യുവി കാറും പ്രതിയെയും പൊലീസ് സംഭവസമയത്തുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നാല്‍പതുകാരനായ പ്രതിക്കെതിരേ മനപൂര്‍വമുള്ള നരഹത്യ, ജാമ്യത്തിലിറങ്ങി രക്ഷപ്പെടല്‍ തുടങ്ങി 76 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിധിന്യായം വായിച്ചപ്പോള്‍ പ്രതിക്കെതിരേ കോടതി മുറിക്കുള്ളിലെ ഗാലറിയില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു.
'പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കൊലപാതകിയുടേതാണെന്ന് ലീഡ് പ്രോസിക്യൂട്ടര്‍ സ്യൂ ഓപ്പര്‍ ചൊവ്വാഴ്ച അവസാന വാദത്തിനിടെ പറഞ്ഞു. പോലീസ് ഓഫീസര്‍മാരും ബാരിക്കേഡുകളും തടയാനുണ്ടായിട്ടും അക്രമി ഒരിക്കലും വാഹനം നിര്‍ത്തിയില്ല. ഇത് മനഃപൂര്‍വ്വം ചെയ്ത കുറ്റകൃത്യമാണെന്നും മനുഷ്യജീവനെ തീര്‍ത്തും അവഗണിച്ചുള്ള പ്രവൃത്തിയാണെന്നും സ്യൂ ഓപ്പര്‍ പറഞ്ഞു.
40 കാരനായ അക്രമി വിചാരണയില്‍ സ്വയം വാദിക്കുകയായിരുന്നു. ഇയാള്‍ മാനസിക രോഗത്തിന്റെ പേരു പറഞ്ഞ് ആദ്യം കുറ്റം നിഷേധിച്ചിരുന്നു.
തങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലല്ലെന്നും യുഎസ് നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്നും വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അനുയായിയാണ് പ്രതി. പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യങ്ങളോട് ധാര്‍ഷ്ട്യത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതി ജഡ്ജി ജെന്നിഫര്‍ ഡോറോവിനെ ആവര്‍ത്തിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. ഇയാളുടെ മോശമായ പെരുമാറ്റത്തിലൂടെ പ്രതിക്ക് ലഭിക്കാവുന്ന അവകാശങ്ങള്‍ പോലും നഷ്ടപ്പെടാമെന്ന് ജഡ്ജി പറഞ്ഞു.
ക്രിസ്മസിനു മുന്നോടിയായി യുഎസില്‍ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21-ന് വിസ്‌കോന്‍സിനില്‍ നടന്ന പരേഡിനിടെ അമിതവേഗത്തില്‍ വന്ന കാര്‍ ബാരിക്കേഡ് തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. കുട്ടികളടക്കം നിരവധി പേരെ കാര്‍ ഇടിച്ചിട്ടു. ആളുകള്‍ക്കിടയിലൂടെ വേഗത കുറയ്ക്കാതെ പാഞ്ഞ കാറിന്റെ സ്പീഡ് മണിക്കൂറില്‍ 48 കിലോമീറ്ററായിരുന്നു.
എട്ട് മുതല്‍ 81 വയസ് വരെ പ്രായമുള്ളവരാണ് അപകടത്തില്‍ പെട്ടത്. 18 കുട്ടികളടക്കം 60-ലധികം പേര്‍ക്ക് പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.