നാവിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്

 നാവിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്

നാക്കിലും വായ്ക്കകത്തും ചെറിയ അണുബാധകളുണ്ടാകുന്നതില്‍ പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് വളരെയധികം സൂക്ഷിക്കുകയും വേണം. അതായത് നീണ്ടകാലം നാക്കിലോ വായിലോ പുണ്ണ്, നിറവ്യത്യാസം, ഘടനാപരമായ വ്യത്യാസങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്തണം.

അലര്‍ജി, കാലാവസ്ഥ, വൈറ്റമിന്‍ കുറവ് എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും നാക്കില്‍ പുണ്ണുണ്ടാകാം. ഇത് നിസാരമായി തന്നെ പരിഹരിക്കാനും സാധിക്കും. ചിലയാളുകളില്‍ വൈറല്‍ അണുബാധയുടെ ഭാഗമായും നാക്കില്‍ പുണ്ണുണ്ടാകാം.

അത്തരത്തില്‍ കോവിഡിന്റെ ഭാഗമായി ഒരു വിഭാഗം ആളുകളുടെ നാവില്‍ പുണ്ണും നിറവ്യത്യാസവും കാണപ്പെട്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 'ജേണല്‍ ഓഫ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് പിരിയോഡോന്റോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കോവിഡ് രോഗികളില്‍ വ്യാപകമായി ഇത് കാണുന്നില്ലെന്നും എന്നാല്‍ ചിലരില്‍ ഇത് കണ്ടെത്തുന്നുണ്ടെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. നാവില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍, ഇതിനിടയില്‍ വിള്ളല്‍ പോലെയും കാണാം. തീരെ ചെറിയ കുമിളകളും നാക്കിലുണ്ടായിരിക്കും. സാമാന്യം വേദന അനുഭവപ്പെടുന്നത് കൊണ്ടുതന്നെ ഇത് രോഗിയില്‍ ഭക്ഷണം കഴിക്കുന്നതിനും മറ്റുമെല്ലാം തടസമുണ്ടാക്കാം.

ഇതിനൊപ്പം രുചി നഷ്ടപ്പെടുന്ന അവസ്ഥ, പൊള്ളുന്നത് പോലെയോ എരിയുന്നത് പോലെയോ ഉള്ള അനുഭവം, വായ വരണ്ടിരിക്കല്‍, വെളുത്ത നിറത്തിനൊപ്പം ചുവന്ന നിറത്തിലും നാക്കില്‍ പാടുകള്‍, പഴുപ്പ് നിറഞ്ഞതു പോലുള്ള കുമിളകള്‍ എല്ലാം കാണാം. എന്നാല്‍ നാക്കില്‍ ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ കാണുന്നത് കൊണ്ടു മാത്രം അത് കോവിഡ് ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ മറ്റ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ച് സംശയം തോന്നുന്ന പക്ഷം കോവിഡ് പരിശോധന നടത്തുന്നതാണ് ഉചിതം.

നേരത്തെ മദ്യപിക്കുന്ന ശീലം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയുള്ളവരില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുകയെന്ന് കരുതരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പതിവുകളില്ലാത്തവരിലും 'കോവിഡ് ടങ്' എന്നറിയപ്പെടുന്ന ലക്ഷണം കണ്ടെത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.