സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നു; ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

 സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നു; ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൂടുതല്‍ കരുത്തരായി. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നല്‍കിയതോടെ വിപ്ലവകരമായ മാറ്റമാണ് കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. യുവാക്കള്‍ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്‍കി ബാത്തിന്റെ 94 -ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറി. ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങള്‍ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്ക്കുമായി തുറന്നിട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ട് വരുന്നതിലുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകം മുഴുവന്‍ സൗരോര്‍ജ്ജത്തിന്റ ഭാവിയിലേക്ക് ഉറ്റു നോക്കുകയാണെന്നും ഇന്ത്യയില്‍ മിക്ക വീടുകളും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടുത്തെ പല വീടുകളിലും മാസാവസാനം കറണ്ട് ബില്ല് ലഭിക്കുന്നില്ല, പകരം വൈദ്യുതിയില്‍ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് അവര്‍ക്ക് കിട്ടുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ലോകം മുഴുവന്‍ ഛത് പൂജ ആഘോഷിക്കുകയാണ്.

ഇന്ത്യന്‍ സംസ്‌കാരം ലോക ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടുകയാണ്. ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു. അത് കൊണ്ടാണ് ഇന്ന് സൗരോജര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വിലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.