പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കും: കേന്ദ്രം സുപ്രീം കോടതിയില്‍

പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കും: കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതില്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ഈ ക്രമീകരണം ഒരുക്കുകയെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് വോട്ട് അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കി. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ ആണ് 2014 ല്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിങ് ഏര്‍പ്പെടുത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. പ്രവാസി വോട്ട് യാഥാര്‍ഥ്യം ആക്കുന്നതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതിക്ക് തീരുമാനം ആയതായി സര്‍ക്കാര്‍ 2017ല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാത്തതിനാല്‍ കാലഹരണപ്പെടുകയായിരുന്നു. ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പാര്‍ലമെന്റിന്റെ അധികാരത്തില്‍ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പ്രവാസി വോട്ട് അവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യമില്ലെന്ന് ഷംഷീര്‍ വയലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് തയ്യാറായില്ല.
അതേസമയം ഡോ. ഷംസീര്‍ വയലില്‍ ഉള്‍പ്പടെ ഫയല്‍ ചെയ്ത ഹര്‍ജികള്‍ കാരണം ഈ വിഷയം സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും സജീവ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി ചീഫ് ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി.

അതേസമയം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈനികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണം പ്രവാസി ഇന്ത്യക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടിയാണ് അതിര്‍ത്തികള്‍ ഉള്‍പ്പടെ വിവിധ ഭാഗങ്ങളില്‍ സൈനികര്‍ സേവനം അനുഷ്ഠിക്കുന്നത്. അതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണം മറ്റുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.