അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം: ജനപ്രിയമുഖവുമായി ഒബാമ പ്രചാരണത്തിൽ സജീവം; ഭരണ പരാജയങ്ങൾ എണ്ണിപ്പറഞ്ഞു റിപ്പബ്ലിക്കൻ പാർട്ടി

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം: ജനപ്രിയമുഖവുമായി ഒബാമ പ്രചാരണത്തിൽ സജീവം; ഭരണ പരാജയങ്ങൾ എണ്ണിപ്പറഞ്ഞു റിപ്പബ്ലിക്കൻ പാർട്ടി

വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാർട്ടിക്ക് അടിതെറ്റാതിരിക്കാൻ ശക്തമായ പ്രചാരണവുമായി വൈറ്റ് ഹൗസ് വിട്ട് ആറ് വർഷത്തിന് ശേഷവും പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയായി തുടരുന്ന മുൻ പ്രസിഡന്റ് ബരാക് ഒബാമ സജീവമാണ്. 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയും ഉൾപ്പെടുന്ന അമേരിക്കയിലെ സെനറ്റിന്റെ നിയന്ത്രണം ഇപ്പോഴും സന്തുലിതമായി തുടരുകയാണ്.

മാറിമറിയുന്ന പ്രവചനങ്ങളെ മാറ്റിനിർത്തി അവസാന നിമിഷം വരെയും പാർട്ടിയെ പിടിച്ചു നിർത്തുകയാണ് ഒബാമയുടെ ലക്ഷ്യം. ഈ ഇടക്കാല തിരഞ്ഞെടുപ്പ് ഒരു ചരിത്രമായിരിക്കുമെന്നും ആ പോരാട്ടത്തില്‍ നിങ്ങള്‍ ഓരോരുത്തരും അണിചേരണം എന്നും ഒബാമ ആഹ്വാനം ചെയ്തു.

കഴിഞ്ഞ വാരാന്ത്യത്തിൽ നിർണായകമായ മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന വലിയ റാലികൾക്ക് നേതൃത്വം നൽകവെ നിങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ ഞാൻ വന്നിരിക്കുന്നുവെന്ന് ഡെമോക്രാറ്റുകളോട് ഒബാമ പറഞ്ഞു. ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രധാന്യം കണക്കിലെടുത്ത് ഡെമോക്രാറ്റുകളെ വിജയിപ്പിക്കാന്‍ തന്റെ ഭാഗം ഭംഗിയായി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും 2024 ലെ തിരഞ്ഞെടുപ്പ് ഭരണത്തിന് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്ന മത്സരങ്ങളിലും സംസ്ഥാനങ്ങളിലും സജീവമായി ഇടപെടുമെന്നും ഒബാമ നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ചില പുതിയ സര്‍വേ പ്രകാരം അരിസോണയുടെ മാര്‍ക്ക് കെല്ലി, പെന്‍സില്‍വാനിയയുടെ ജോണ്‍ ഫെറ്റര്‍മാന്‍, ജോര്‍ജിയയുടെ റാഫേല്‍ വാര്‍നോക്ക് എന്നിവര്‍ എതിരാളികളേക്കാള്‍ 3-6 പോയിന്റിന് മുന്നിലാണ്. മൂന്ന് പേരും വിജയിച്ചാല്‍ അത് ഡെമോക്രാറ്റുകള്‍ക്ക് ഒരു സീറ്റിന്റെ നെറ്റ് പിക്കപ്പിനെ പ്രതിനിധീകരിക്കും.

നിലവിൽ രാജ്യത്തെ 28 സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ ഗവർണർമാരുടെ നിയന്ത്രിണത്തിലാണ്. മറ്റ് 22 എണ്ണം ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്നു. പക്ഷെ രാജ്യം ഭരിക്കുന്ന ഡമോക്രാറ്റിക് പാർട്ടിക്ക് ജനാധിപത്യ സംരക്ഷണത്തിലെ വീഴ്ച, വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ, നാണ്യപെരുപ്പം എന്നിവ ഭീഷണിയാകുന്നുണ്ട്. കൂടാതെ വിവിധയിടങ്ങളിൽ നിലനിൽക്കുന്ന അനധീകൃത കുടിയേറ്റവും പാർട്ടിക്ക് തലവേദനയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് ഭൂരിപക്ഷം തിരിച്ചുപിടിക്കുമെന്നും അടുത്ത കോൺഗ്രസിൽ 52-ലധികം സീറ്റുകൾ നിയന്ത്രിക്കുമെന്നും നാഷണൽ റിപ്പബ്ലിക്കൻ സെനറ്റോറിയൽ ചെയർമാനായ ഫ്ലോറിഡയിലെ ജിഓപി സെനറ്റർ റിക്ക് സ്കോട്ട് പ്രവചിക്കുന്നു. ഡെമോക്രറ്റുകൾ അതിർത്തികൾ തുറന്നുകൊടുത്തതിലൂടെ ഉണ്ടായ കുടിയേറ്റങ്ങളും ഉയർന്ന പണപ്പെരുപ്പവും കുറ്റകൃത്യങ്ങളും മൂലം ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് സ്കോട്ട് പറഞ്ഞു.

ഒരിക്കൽ റിപ്പബ്ലിക്കൻ ശക്തി കേന്ദ്രമായിരുന്ന എന്നാൽ 2021 ജനുവരി 5-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പിടിച്ചെടുത്ത ജോർജിയയും രണ്ട് പതിറ്റാണ്ടിലേറെ കൂടെയുണ്ടായിട്ടും കൈവിട്ടുപോയ അരിസോണയും തിരിച്ചു പിടിക്കേണ്ടത് ചുവപ്പൻപടയുടെ ആവശ്യമാണ്. അതിനാൽ ഈ സംസ്ഥാനങ്ങളിൽ വളരെ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്,

മത്സരത്തിലുള്ള അഞ്ച് ഓപ്പൺ സീറ്റുകൾ ഉൾപ്പെടെ 35 സെനറ്റ് സീറ്റുകളിൽ 21 എണ്ണത്തിലും റിപ്പബ്ലിക്കൻ പാർട്ടി എതിര്‍ത്തു നില്‍ക്കുന്നുണ്ട്. ഓപ്പൺ സീറ്റുകളിൽ രണ്ടെണ്ണം യുദ്ധഭൂമിയായ പെൻസിൽവാനിയയിലും നോർത്ത് കരോലിനയിലുമാണ്. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ഒഹായോയിലും ഓരോ തിരഞ്ഞെടുപ്പിലും ഇരുപക്ഷങ്ങളിലേക്കും ചാഞ്ചാടുന്ന വിസ്കോൺസിനിൽ റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസൺ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുന്നു.

പക്ഷെ ഒന്നര വർഷത്തിലേറെയായി റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നത് അരിസോണ, ജോർജിയ, നെവാഡ, ന്യൂ ഹാംഷെയർ എന്നീ യുദ്ധഭൂമികളിൽ നിന്നുള്ള നാല് ഡെമോക്രാറ്റിക് സെനറ്റർമാരെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നീലയണിഞ്ഞ ഈ സംസ്ഥാനങ്ങളെ ഒരിക്കൽ കൂടി തിരിച്ചു പിടിക്കാൻ കഴിയുമെന്ന് റിപ്പബ്ലിക്കൻമാർ വിശ്വസിക്കുന്നു.

2020 ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൈറ്റ് ഹൗസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. ചേമ്പറിലെ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷത്തിൽ നിന്ന് വലിയ തിരിച്ചടിയാണ് നേരിട്ടത്. റിപ്പബ്ലിക്കൻമാർക്ക് 2018 ലെ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ചേംബറിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇടക്കാല തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളുടെ നേട്ടം ആവശ്യമാണെന്ന് സ്കോട്ട് പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഓൾ-സ്റ്റാർ ക്ലാസ് സ്ഥാനാർത്ഥികളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഈ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ദിനത്തിൽ വിജയിക്കുമെന്നും അവർ അമേരിക്കൻ ജനതയ്ക്ക് വേണ്ടി മുന്നോട്ട് വരുമെന്നും നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് കമ്മിറ്റി ചെയർ പ്രതിനിധി ടോം എമ്മർ പറഞ്ഞു.

കൻസാസ്, മൈൻ, മിഷിഗൺ, മിനസോട്ട, നെവാഡ, ന്യൂ മെക്സിക്കോ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് നിയന്ത്രിത ഗവർണർഷിപ്പുകൾ അട്ടിമറിക്കാനാണ് റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിൽ കൻസാസ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ ബൈഡൻ ജയിച്ചിരുന്നു.

ഡമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യുയോർക്കിൽ ഇത്തവണ പാർട്ടിക്ക് അടിപതറാനുള്ള സാധ്യതകൾ തള്ളികളയാനാവില്ലെന്നാണ് സൂചന. ന്യുയോർക്കിലെ പ്രധാന സിറ്റികളിൽ ഗവർണർ കാത്തി ഹോച്ചലിന് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ലി സെൽഡിന് ലഭിക്കുന്നത് വമ്പിച്ച പിന്തുണയാണ്. സബർബ് വോട്ടർമാരിൽ 52 ശതമാനം സെൽഡിനെ പിന്തുണക്കുമ്പോൾ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്.

നീലയണിഞ്ഞ അരിസോണയിലും മേരിലാൻഡിലും മസാച്യുസെറ്റ്‌സ്സിലും റിപ്പബ്ലിക്കൻ പാർട്ടി പ്രതിരോധത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം റിപ്പബ്ലിക്കൻ സംസ്ഥാനമായ ഒക്‌ലഹോമയിലും യുദ്ധഭൂമിയായ ജോർജിയയിലും എങ്ങനെയും പിടിച്ചുനിൽക്കാനുള്ള വഴികളാണ് ഡെമോക്രറ്റുകൾ തിരയുന്നത്.

കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിലും ഈ വർഷത്തിന്റെ ആദ്യ പകുതിയിലും റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ രാഷ്ട്രീയ പ്രതിരോധമാണ് ഡെമോക്രാറ്റുകൾക്ക് എതിരെ ഉയർത്തിയത്. വർദ്ധിച്ചുവരുന്ന ഗ്യാസ് വില റെക്കോർഡ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയതും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അമേരിക്ക-മെക്‌സിക്കോ അതിർത്തിയിലെ വിട്ടുമാറാത്ത പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.