കൊച്ചി: എവിടെയും പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. എന്നാല്‍ ഇതാണ് പൊലീസ് ഇങ്ങനെയാവണം പൊലീസ് എന്ന് തെളിയിക്കുകയാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ സ്‌നേഹ കരുതല്‍. താരാട്ടുപാട്ടും ബേബി ഫുഡുമായി പൊലീസ് മാമന്‍മാര്‍. അടുത്ത് തന്നെ ഒരു യുവാവ് തല തല്ലി അലറി വിളിക്കുന്നുമുണ്ട്. അതൊന്നും വക വയ്ക്കാതെ യൂണിഫോമിലുള്ള പൊലീസുകാര്‍ ഗൗരവമൊക്കെ വെടിഞ്ഞു കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനാണ് കണ്ണു നനയിക്കുന്ന കാഴ്ചയ്ക്ക് വേദിയായത്.
ഇന്നലെ കേരള പിറവി ദിനമായതിനാല്‍ സംസ്ഥാനത്ത് മുഴുവന്‍ ലഹരിക്കെതിരെ കാമ്പയിനും ബോധവത്കരണ പരിപാടികളും ആയിരുന്നു. അതേസമയത്ത് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ അയ്മുറി സ്വദേശിയായ അശ്വിന്‍ തന്റെ എട്ട് മാസം, ഒന്നര വയസ് പ്രായം ഉള്ള രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. കുഞ്ഞുങ്ങളെ മാറോടണച്ച് ഒരു സംഘം പൊലീസുകാരും മറ്റൊരു സംഘം അച്ഛന് പിന്നാലെയുമായി കൂടി.
ഒടുവില്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ച് അശ്വിനെ സ്റ്റേഷനിലേക്ക് കൊണ്ടു വരുമ്പോള്‍ കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുകയായിരുന്നു. കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായി കൂടെയുള്ള പൊലീസുകാരില്‍ ഒരാള്‍ പാലും പാല്‍കുപ്പിയും സംഘടിപ്പിച്ച് കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് പാല് നല്‍കുന്നു. മറ്റൊരാള്‍ അടുത്ത കുഞ്ഞിന് ബേബിഫുഡും. പൊലീസുകാരില്‍ ഒരാള്‍ താരാട്ട് പാട്ടും പാടി.
എനിക്ക് വട്ടായി പോയിയെന്ന് ലഹരി തലയ്ക്ക് പിടിച്ച് ബോധം മറിഞ്ഞ അശ്വിന്‍ സ്റ്റേഷനില്‍ അലറി വിളിക്കുന്നുണ്ട്. ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ പൊലീസുകാരുടെ പരിചരണത്തില്‍ ശാന്തരായി. അതോടെ കുഞ്ഞുങ്ങളെ കാണിച്ച് താന്‍ എന്തിനാടോ ഈ പൈതങ്ങളോട് ക്രൂരത കാണിച്ചതെന്ന് ചോദിച്ച് പൊലീസുകാര്‍ യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാര്യ ഉപേക്ഷിച്ചു പോയി. മക്കളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ല. മരിക്കും എന്നൊക്കെയാണ് അശ്വിന്‍ പൊലീസുകാരോട് പറഞ്ഞത്. സ്വന്തം മുഖത്തടിച്ചും കരഞ്ഞും നിലവിളിച്ചുമാണ് അയാള്‍ ഇതൊക്ക പൊലീസിനോട് പറഞ്ഞത്.
ഇത്രയും ആയപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു. കോടനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അശ്വിന്‍ താമസിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെന്ന് അറിഞ്ഞതോടെ കുട്ടികളുടെ താത്കാലിക സംരക്ഷണ ഉത്തരവാദിത്തം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പിച്ചു. കുട്ടികളുടെ സംരക്ഷണമേറ്റെടുക്കാന്‍ അടുത്ത ബന്ധുക്കളെത്തിയാല്‍ വിട്ടുനല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.
സമൂഹമാധ്യങ്ങളില്‍ പൊലീസിന്റെ ഈ സദ് പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നാല് മണിക്കൂറോളമാണ് കുഞ്ഞുങ്ങള്‍ പൊലീസിന്റെ സ്‌നേഹ തണലില്‍ കഴിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.