മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം: 14 പേര്‍ക്ക് പരിക്ക്; അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചു

മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം: 14 പേര്‍ക്ക് പരിക്ക്; അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചു

 കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്‌.ഐ-കെ. എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇരു സംഘടനയുടെയും പ്രവർത്തകരുണ്ട്. 

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മഹാരാജാസ് കോളജ് കാമ്പസില്‍ വച്ചാണ് കൂട്ടയടിക്ക് തുടക്കം. നേരത്തെയുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ഒരു സംഘം വിദ്യാര്‍ഥികളും എസ്.എഫ്‌.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. 

സംഘര്‍ഷത്തില്‍ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ജിത്തിന്റെ കൈ ഒടിഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എസ്.എഫ്‌.ഐ പ്രവര്‍ത്തകരായ സ്വാലിഹ്, അമീന്‍ അന്‍സാരി, വിഷ്ണു, റയീസ്, ജെറി, ജാഫര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കെ.എസ്‌.യു യൂണിറ്റ് ജനറല്‍ സെക്രട്ടറി റോബിന്‍സണ്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുക്താര്‍, റെയ്‌സ്, ഫാസില്‍, പ്രവര്‍ത്തകരായ നിയാസ്, മുഹ്‌സിന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം രാത്രിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 

പരിക്കേറ്റവരെ സഹായിക്കാന്‍ എത്തിയ കെ.എസ്‌.യു പ്രവര്‍ത്തകനെ ജനറൽ ആശുപത്രിയിലേക്ക് സംഘടിച്ചെത്തിയ എത്തിയ എസ്എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണമായത്.

പിന്നീട് സംഘടിച്ചെത്തിയ കെ.എസ്‌.യു പ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ടായിരുന്ന എസ്.എഫ്‌.ഐ പ്രവര്‍ത്തകയെയുള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതിയെ അപമാനിച്ച കേസിന്റെ വൈരാഗ്യം തീര്‍ക്കാന്‍ സംഘടിച്ചെത്തിയ കെ.എസ്‌.യു പ്രവര്‍ത്തകര്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്നാണ് എസ്.എഫ്‌.ഐ പറയുന്നത്. എന്നാല്‍ ആദ്യമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ സഹായിക്കാന്‍ മുന്നില്‍ നിന്ന കെ.എസ്‌.യു പ്രവര്‍ത്തകനെ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് കെ.എസ്‌.യു മഹാരാജാസ് യൂണിറ്റ് ഭാരവാഹികള്‍ പറയുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.