കൊവിഡിക്കാലം അമ്മയുടെ ജോലി കവര്‍ന്നപ്പോള്‍ കുടുംബത്തെ നോക്കാന്‍ ചായ വില്‍ക്കേണ്ടിവന്ന 14-കാരന്‍

കൊവിഡിക്കാലം അമ്മയുടെ ജോലി കവര്‍ന്നപ്പോള്‍ കുടുംബത്തെ നോക്കാന്‍ ചായ വില്‍ക്കേണ്ടിവന്ന 14-കാരന്‍

പതിനാലാം വയസ്സില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് സുബന്‍ ഷെയ്ഖ്. അതും പരിഭവങ്ങളും പരാതികളും ഇല്ലാതെ നിറഞ്ഞ ഒരു ചിരിയോടെ. മുംബൈ സ്വദേശിയാണ് സുബന്‍ ഷെയ്ഖ്. ഒരു സൈക്കിളില്‍ ചായയുമയി പോകുന്ന സുബനെ കാണുമ്പോള്‍ പലരും അതിശയിച്ചുപോകും. ഇത്ര ചെറുപ്പത്തിലേ... എന്നു ചിന്തിച്ചുപോകും. എന്നാല്‍ സുബന്‍ കുടുംബത്തെ പരിപാലിക്കാന്‍ വേണ്ടിയാണ് ചായ വില്‍ക്കുന്നത് എന്നറിയുമ്പോള്‍ അറിയാതെ ഈ മിടുക്കനെ അഭിനന്ദിച്ചു പോകും എന്നതാണ് വാസ്തവം.

സുബന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനെ മരണം കവര്‍ന്നു. ഹൃദയഘാതം സംഭവിച്ചായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നീട് ആ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയുടേതായി. ഒരു സ്‌കൂള്‍ ബസിലെ അറ്റന്‍ഡറായിരുന്നു സുബന്റെ അമ്മ. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരി അമ്മയുടെ ജോലിക്ക് വില്ലനായി. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്‌കൂളുകള്‍ അടഞ്ഞു. ഇതോടെ സ്‌കൂള്‍ ബസുകളുടെ ഓട്ടവും നിലച്ചു. ഏകദേശം ഒരുമാസത്തോളം ജോലിയില്ലാതെ പിടിച്ചു നിന്നു. എന്നാല്‍ കാര്യമായ നീക്കിയിരിപ്പുകള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ കുടുംബം ഏറെ വലഞ്ഞു.

ഇതോടെയാണ് സുബന്‍ ചായ വില്‍ക്കാനിറങ്ങിയത്. അമ്മയും സഹോദരിമാരും അടങ്ങുന്ന തന്റെ കുടുംബത്തെ പോറ്റുക എന്നത് അങ്ങനെ ആ പതിനാലുകാരന്റെ ഉത്തരവാദിത്വമായി. സുബന്‍ ആ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുകയാണ്. മുംബൈയിലെ ഭെന്‍ഡി ബസാറിലെ ഒരു കടയില്‍വെച്ച് സുബന്‍ ചായയുണ്ടാക്കും. ശേഷം അവ ഫ്‌ളാസികിലാക്കി സൈക്കിളില്‍ പല ഇടങ്ങളിലായി കൊണ്ടുപോയി വില്‍ക്കും. 300- മുതല്‍ 400 രൂപ വരെ വരുമാനം ലഭിക്കാറുണ്ട് ഓരോ ദിവസവും. ഈ തുക അമ്മയെ ഏല്‍പിക്കുകയും ചെയ്യുന്നു സുബന്‍.

ചായ വില്‍പന തുടങ്ങിയപ്പോള്‍ സുബന് പല ദിവസങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. എങ്കിലും കിട്ടുന്ന സമയത്ത് ഈ മിടുക്കന്‍ പഠനവും തുടരുന്നു. കൊവിഡ് പ്രതിസന്ദി മാറിക്കഴിയുമ്പോള്‍ സ്‌കൂളില്‍ പോയി തുടങ്ങണം. മികച്ച വിദ്യാഭ്യാസം നേടി നല്ലൊരു എയര്‍ ഫൈറ്റര്‍ പൈലറ്റ് ആകണമെന്നാണ് സുബന്റെ ആഗ്രഹം. സമൂഹമാധ്യമങ്ങളിലടക്കം സുബന്റെ കഥ വൈറലായപ്പോള്‍ നിരവധിപ്പേരാണ് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തുന്നതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.