തിരുവനന്തപുരം: മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലും കുറവന്‍കോണത്ത് വീട് കയറി അതിക്രമം നടത്തിയ സംഭവത്തിലും പ്രതിയായ സന്തോഷിനെ വാട്ടര്‍ അതോറിറ്റിയില്‍ നിയമിക്കാന്‍ ആവശ്യപ്പെട്ടത് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു ആണെന്ന് കരാറുകാരന്‍ ഷിനില്‍ ആന്റണി.
കരാറെടുക്കുമ്പോള്‍ പഴയ തൊഴിലാളികളെ നിലനിര്‍ത്താന്‍ സിഐടിയു നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ഷിനില്‍ ആന്റണി വ്യക്തമാക്കുന്നത്.
'സന്തോഷുമായി മറ്റ് പരിചയമില്ല. വര്‍ഷങ്ങളായി ഇയാള്‍ വാട്ടര്‍ അതോറിറ്റിയിലുണ്ട്. കരാര്‍ ഏറ്റെടുക്കുമ്പോള്‍ സന്തോഷിന്റെ വിവരങ്ങള്‍ അറിയുമായിരുന്നില്ല. വിവരങ്ങള്‍ ആവശ്യപ്പെട്ടാലും യൂണിയന്‍ നേതൃത്വം നല്‍കാറില്ല. സംഘടന അംഗീകരിക്കാത്തവരെ നിയമിക്കാനുമാകില്ല.'- ഷിനില്‍ പറഞ്ഞു.
അതേസമയം, മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും. വനിതാ ഡോക്ടര്‍ പ്രതിയെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. പ്രതിയെ ഇന്നലെ കുറവന്‍കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കവടിയാര്‍ ഭാഗത്ത് ഗവ. ഒഫ് കേരള എന്ന ബോര്‍ഡ് വച്ച കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് കുറവന്‍കോണത്തെത്തി വീട്ടില്‍ മോഷണശ്രമം നടത്തിയത്. പിന്നീട് പുലര്‍ച്ചെ 4.45ന് മ്യൂസിയം പരിസരത്തെത്തി വനിതാ ഡോക്ടര്‍ക്കുനേരെ അതിക്രമം കാട്ടുകയായിരുന്നു.
പ്രതിയെക്കുറിച്ച് വനിതാ ഡോക്ടര്‍ സൂചന നല്‍കിയിട്ടും മ്യൂസിയം പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാറില്‍ രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ അതിനിടെ തല മൊട്ടയടിച്ചിരുന്നു.
മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടിക്കേസിലെ പ്രതിയാണ് സന്തോഷെന്നും പൊലീസ് പറഞ്ഞു. പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു വീട്ടില്‍ കടന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതും സന്തോഷാണെന്ന് സംശയമുണ്ട്. കേസ് തന്റെ തലയില്‍ കെട്ടിവച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.