ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്ന ആറുവയസുകാരനെ മർദിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ. കണ്ണൂർ കളക്ടർക്കും എസ്പിക്കും ബാലാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാൻ കത്തിൽ നിർദേശമുണ്ട്. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദേശിച്ചു.

മര്‍ദ്ദനമേറ്റ കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കേസിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാലാവകാശകമീഷൻ ചെയർമാൻ മനോജ് കുമാർ വ്യക്തമാക്കി. കുട്ടിയെ മർദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകൻ ഗണേഷിനാണ് ചവിട്ടേറ്റത്‌. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.

കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയെ ഉപദ്രവിച്ചത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.