ഒന്നുകില്‍ പാര്‍ട്ടി ഇല്ലെങ്കില്‍ മേയര്‍ കുടുങ്ങും; കത്ത് വിവാദത്തില്‍ ഉത്തരംമുട്ടി സിപിഎം

ഒന്നുകില്‍ പാര്‍ട്ടി ഇല്ലെങ്കില്‍ മേയര്‍ കുടുങ്ങും; കത്ത് വിവാദത്തില്‍ ഉത്തരംമുട്ടി സിപിഎം

തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിന്റെ പേരില്‍ പുറത്ത് വന്ന കത്തിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും സിപിഎമ്മിന് വിമര്‍ശനം. വിഷയത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിനെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

കത്ത് പുറത്തായതിനെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് മേയറുടെ വിശദീകരികരണം. അതിന് പുറമെ എസ്എടി ആശുപത്രിയിലെ താത്കാലിക നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വഞ്ചിയൂര്‍ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആര്‍ അനിലിനോട് വിശദീകരണം തേടാന്‍ കീഴ്ഘടകത്തോട് നിര്‍ദേശിക്കാനും സാധ്യതയുണ്ട്.

കത്ത് ചോര്‍ന്നത് വാര്‍ത്തയായതില്‍ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. കത്ത് എഴുതിയത് താന്‍ തന്നെയാണെന്ന് ഡി.ആര്‍ അനില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കത്തെഴുതിയത് ശരിയല്ലെന്ന് കണ്ട് അത് സെക്രട്ടറിക്ക് കൊടുത്തിരുന്നില്ലെന്നും ഡി.ആര്‍ അനില്‍ പറയുന്നു. ഇതിനെല്ലാം പുറമെ കത്ത് പുറത്ത് വന്നതിന് പിന്നില്‍ ആരെന്ന അന്വേഷണം പാര്‍ട്ടി തലത്തില്‍ നടക്കുന്നുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ നടന്ന കൈമാറ്റങ്ങള്‍ എങ്ങനെ പുറത്തു വന്നുവെന്നത് ജില്ലാ നേതൃത്വത്തിലെ ചേരിപ്പോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ഡി.ആര്‍ അനിലിന്റെ കത്ത് പുറത്തുവന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോര്‍ന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും. കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച വിവരം.
ഇയാളില്‍ നിന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കൈമാറി കിട്ടുകയും ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ കത്ത് പങ്കുവയ്ക്കുകയുമായിരുന്നു. അവിടെ നിന്നു കത്ത് പുറത്തായി. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

മേയറുടെ പേരില്‍ വന്ന കത്തിന് പിന്നില്‍ പാര്‍ലമെന്ററി പാര്‍ട്ടിയിലുള്ളവര്‍ തന്നെയെന്ന സംശയവും ഉയരുന്നുണ്ട്. ഓഫീസില്‍ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒപ്പുള്ള ലെറ്റര്‍പാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണെന്നാണ് കരുതുന്നത്. മേയര്‍ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും മേയര്‍ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് ഇക്കാര്യത്തില്‍ സിപിഎം ഉയര്‍ത്തിക്കാണിക്കുന്ന വാദം.

അങ്ങനെയെങ്കില്‍ മേയറുടെ ഓഫീസ് കുത്തഴിഞ്ഞുവെന്ന് സമ്മതിക്കേണ്ടി വരും. നഗരസഭയിലെ കമ്പ്യൂട്ടറില്‍ നിര്‍മ്മിച്ച് അത് അവിടെ നിന്ന് തന്നെ പ്രിന്റ് ചെയ്ത ശേഷം പാര്‍ട്ടി ഏരിയാ ഘടകം വഴി കത്ത് പുറത്ത് പോയെന്നാണ് പ്രാഥമിക നിഗമനം. നഗരസഭയില്‍ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന് പറയുന്ന കത്തിലെ ഒപ്പ് വ്യാജമാണെന്നും സിപിഎം വാദിക്കുന്നു. ഇന്‍ഷ്യലായ 'എസ് ' ഇല്‍ തുടങ്ങുന്നതാണ് മേയറുടെ ഒപ്പ്. എന്നാല്‍ പ്രചരിക്കുന്ന കത്തിലെ ഒപ്പ് മറ്റൊന്നാണ്.

എന്നാല്‍ കത്ത് വ്യാജമാണോ അല്ലയോ എന്ന ചോദ്യത്തിന് പാര്‍ട്ടിയും മേയറും വ്യക്തമായ മറുപടി നല്‍കുന്നുമില്ല. അതേസമയം നഗരസഭയില്‍ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങള്‍ മേയര്‍ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന കീഴ്വഴക്കമുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. നഗരസഭയിലെ താത്കാലിക നിയമനത്തില്‍ ഒരു പരിധി വരെ പാര്‍ട്ടിയും യൂണിയനും ഇടപെടുന്നുമുണ്ട്. എന്നാല്‍ കത്ത് വിവാദം വന്നതോടെ എല്ലാ താത്കാലിക നിയമനങ്ങളും ഇതോടെ സംശയ നിഴലിലായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.