മേയറുടെ കത്ത് വിവാദം: സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കും; തിരുവനന്തപുരം കോർപ്പറേഷന്റെ അകത്തും പുറത്തും സംഘർഷം തുടരുന്നു

മേയറുടെ കത്ത് വിവാദം: സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കും; തിരുവനന്തപുരം കോർപ്പറേഷന്റെ അകത്തും പുറത്തും സംഘർഷം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ടുള്ള മേയർ ആര്യ രാജേന്ദ്രന്റെ കത്തിൽ സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കാൻ തീരുമാനമായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. കൂടാതെ, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

അതേസമയം വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോ‍ർപ്പറേഷനിൽ വൻ സംഘർഷം. ബിജെപി-സി.പി.എം കൗൺസിലർമാർ തമ്മിൽ നഗരസഭ ഓഫീസിൽ ഏറ്റുമുട്ടിയപ്പോൾ ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലായിരുന്നു സംഘർഷം.

ബാരിക്കേഡുകൾ മറിച്ചിട്ട് നഗരസഭ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ആം ആദ്മി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇവരെ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. യുവമോർച്ച പ്രവർത്തകരും നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയറുടെ ചേംബറിനുള്ളിലേക്ക് ഇവർ കടക്കാതിരിക്കാൻ പൂട്ടിയിട്ട ഗ്രില്ല് തുറക്കാന്‍ ബിജെപി ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇതിനു തയാറാഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇതോടെ ബിജെപി കൗൺസിലർമാർ സിപിഎം കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാർ രംഗത്തെത്തിയതോടെയാണ് ഓഫീസിനുള്ളിൽ സംഘർഷം അരങ്ങേറിയത്. തന്നെ സന്ദർശിക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെ പ്രതിഷേധക്കാർ പൂട്ടിയിട്ടെന്ന് സലീം ആരോപിച്ചു.

പോലീസെത്തിയാണ് ഒടുവിൽ സലീമിനെ മോചിപ്പിച്ചത്. മേയർ ആര്യ രാജേന്ദ്രൻ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഇടയ്ക്ക് കല്ല് ഉപയോ​ഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി.

പ്രധാന ​ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും വനിത കൗൺസിലർമാരടക്കം തടസം നിന്നു. സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നിരവധി കൗൺസിലർമാർക്ക് സംഘർഷത്തില്‍ പരിക്കേറ്റു.

അതേസമയം കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമാവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. കോര്‍പ്പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്ന തരത്തിലാണ് നിലവില്‍ സമരം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.