ഷൈലജ മന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജിന് എന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വിശദീകരണം തേടി സുപ്രീം കോടതി

ഷൈലജ മന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജിന് എന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.കെ.ഷൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെപ്പറ്റി സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് പരിശോധന പോലും നടത്താതെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ചാണ് വിശദീകരണം തേടിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സത്യവാങ്മൂലമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നടപടി.

പുതിയ കോളജുകള്‍ക്ക് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്ന് വി.എന്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ കാലയളവില്‍ പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ട്രസ്റ്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും സുപ്രീം കോടതിക്കു കൈമാറി.

ഇത് എങ്ങനെ സംഭവിച്ചെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. തുടര്‍ന്നാണ് വിശദീകരണം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലമായി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളജ് പൂട്ടിച്ചു. പിന്നീട് ഈ കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.