എഡിൻബർഗ്: വടക്കൻ അറ്റ്ലാന്റിക്കിൽ ആഴക്കടലിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്കരികിൽ കണ്ടെത്തിയ ഭീമാകാരനായ വസ്തുവിനെ മുങ്ങൽ വിദഗ്ധർ തിരിച്ചറിഞ്ഞു. ടൈറ്റാനിക്കിനോട് ചേർന്ന് അസാധാരണ വലുപ്പത്തിൽ ഒരു വസ്തു ഉണ്ടെന്ന് ഏകദേശം 26 വർഷം മുമ്പ് സൂചന ലഭിച്ചിരുന്നു. അത് കടലിനടിയിലെ പല അഗ്നിപർവതങ്ങൾ കൂടിച്ചേർന്ന ഭീമാകാരനായ പാറകെട്ടാണെന്നാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4,000 മീറ്റർ (13,000 അടി) താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിനോട് ചേർന്നാണ് ഇപ്പോൾ സജീവമല്ലാത്ത അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ആഴക്കടലിൽ മറഞ്ഞ ടൈറ്റാനിക് കപ്പലിന്റെ സമീപത്തേക്ക് ഏറ്റവും കൂടുതല്‍ തവണ മുങ്ങി ചെന്നിട്ടുള്ള പോള്‍ ഹെന്റി നാര്‍ഗെലോട്ടാണ് ഈ പാറക്കെട്ടും കണ്ടെത്തിയത്.
മുപ്പതിലേറെ തവണ ഉത്തര അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലുള്ള ടൈറ്റാനിക്കിനടുത്തേക്ക് എത്തിയിട്ടുള്ള അദ്ദേഹം 1998ല്‍ ഒരു കണ്ടെത്തല്‍ നടത്തി. കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിനോട് ചേര്‍ന്ന് അസാധാരണ വലുപ്പത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന എന്തോ ഒന്നുണ്ട്. ശബ്ദവീചികള്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് ടൈറ്റാനിക്കിനോട് ചേര്‍ന്ന് കടലിന്റെ അടിത്തട്ടില്‍ മറ്റെന്തോ ഉയര്‍ന്നു നില്‍ക്കുന്നതായി നാര്‍ഗെലോട്ട് കണ്ടെത്തിയത്.
പോള്‍ ഹെന്റി നാര്‍ഗെലോട്ട്
ശബ്ദവീചികളുടെ വ്യാപ്തി മൂലം, തകർന്ന് പോയ മറ്റേതെങ്കിലും കപ്പലിന്റെ അവശിഷ്ടമാണ് ഇതെന്ന് നർജിയോലെട്ട് വിശ്വസിച്ചിരുന്നു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സമുദ്ര പര്യവേഷണ കമ്പനിയാണ് കഴിഞ്ഞ വർഷം ഈ ദുരൂഹത നീക്കാനുറച്ച് മുങ്ങൽ വിദഗ്ധരെ ടൈറ്റാനിക്കിനടുത്തേക്ക് അയച്ചത്. സീനിയര്‍ മുങ്ങല്‍ വിദഗ്ധനായ നാര്‍ഗെലോട്ടിനേയും മറ്റ് നാല് ഗവേഷകരും നിഗൂഢമായ വസ്തുവിനെ തിരയാൻ മുമ്പ് രേഖപ്പെടുത്തിയ സ്ഥലത്തേക്ക് പോയി.
ഈ സംഘമാണ് അഗ്നിപർവതങ്ങളുടെ കൂട്ടത്തെ കപ്പലിനടുത്ത് സ്ഥിതി ചെയ്യുന്നതായി കണ്ടെത്തിയത്. ഇപ്പോൾ സജീവമല്ലാത്ത അഗ്നിപർവതങ്ങളുടെ അകത്തും പുറത്തുമായി നിരവധി സമുദ്ര ജീവികളും വസിക്കുന്നുണ്ട്. പല അഗ്നിപർവ്വതങ്ങൾ കൂടിചേർന്നുണ്ടായ ഭീമാകാരനായ ഈ പാറക്കെട്ട് കൊഞ്ചുകൾ, ആഴക്കടൽ മത്സ്യങ്ങൾ, ഒരുതരം ജലജീവിയായ സ്പോഞ്ചുകൾ, ആയിരക്കണക്കിന് വർഷം പഴക്കമുള്ള പവിഴങ്ങൾ എന്നിവയാൽ സമൃദ്ധമാണ്.
നാർഗെലോട്ടിനോടുള്ള ബഹുമാനാർഥം നാർഗെലോട്ട് -ഫാനിങ് റിഡ്ജ് എന്നാണ് ഈ ഭാഗത്തിന് ഓഷ്യൻഗേറ്റ് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ദൗത്യത്തിന് ചുക്കാൻ പിടിച്ച ഒയ്സിൻ ഫാനിങ്ങിന്റെ പേരാണ് നാർഗെലോട്ടിനൊപ്പം ഓഷ്യൻഗേറ്റ് ചേർത്തിരിക്കുന്നത്.
കണ്ടെത്തൽ ജൈവശാസ്ത്രപരമായി ആകർഷകമാണ്. അഗാധ സമുദ്രത്തിൽ കാണപ്പെടുന്ന ജീവികളിൽ നിന്ന് വളരെ വ്യത്യസ്തമാണ് അവിടെ ജീവിക്കുന്ന ജന്തുക്കളെന്ന് സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ അപ്ലൈഡ് മറൈൻ ബയോളജി ആൻഡ് ഇക്കോളജി പ്രൊഫസറും പര്യവേഷണത്തിലെ ഗവേഷകരിൽ ഒരാളുമായ മുറെ റോബർട്ട്സ് പറഞ്ഞു.
ടൈറ്റാനിക്കിലേയും ചേര്‍ന്നു കിടക്കുന്ന ഈ പാറക്കെട്ടിലെയുമൊക്കെ സമുദ്ര ജീവിതങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഓഷ്യന്‍ഗേറ്റ് അടക്കമുള്ള കമ്പനികളുടെ തീരുമാനം. ഈ ഭാഗത്തെ സമുദ്ര ജീവികളുടെ വൈവിധ്യം അദ്ഭുതപ്പെടുത്തിയെന്നാണ് ഓഷ്യന്‍ഗേറ്റ് ചീഫ് സയന്റിസ്റ്റ് ഡോ. സ്റ്റീവ് ഡബ്ല്യു. റോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ടൈറ്റാനിക്കിലേയും പുറത്തേയും സമുദ്ര ജീവിതങ്ങളെ താരതമ്യപ്പെടുത്താനുള്ള അവസരവും ഉപയോഗിക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന വില്‍മിങ്ടണ്‍സ് സെന്റര്‍ ഫോര്‍ മറൈന്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസര്‍ കൂടിയായ ഡോ. റോസ് കൂട്ടിച്ചേര്‍ക്കുന്നു.
ടൈറ്റാനിക്കിന്റെ ആദ്യത്തെ 8K ദൃശ്യങ്ങള്‍ ഈ വര്‍ഷം തുടക്കത്തില്‍ ഓഷ്യന്‍ഗേറ്റ് പുറത്തുവിട്ടിരുന്നു. ഇതില്‍ ടൈറ്റാനിക്കിന്റെ പലഭാഗങ്ങളും തുരുമ്പെടുത്ത് പോയതായും കാണാനാകും. പര്യവേഷണങ്ങള്‍ക്കൊപ്പം ആഴക്കടലില്‍ ടൈറ്റാനിക് കാണാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാനും ഓഷ്യന്‍ഗേറ്റിന് പദ്ധതിയുണ്ട്. ടൈറ്റാനിക്കിലേക്കുള്ള ആഴക്കടല്‍ മുങ്ങല്‍ യാത്രകള്‍ക്ക് രണ്ടര ലക്ഷം ഡോളര്‍ മുതലാണ് ഓഷ്യന്‍ഗേറ്റ് ഈടാക്കുന്നത്.
ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് നിര്‍മാതാക്കള്‍ വാഴ്ത്തിയ ടൈറ്റാനിക് 1912 ഏപ്രില്‍ 14 -നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെട്ടത്. എന്നാല്‍ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചു ഭീമാകാരമായ കപ്പല്‍ ആ കന്നി യാത്രയുടെ നാലാം ദിവസം തന്നെ തകരുകയായിരുന്നു. വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായ ടൈറ്റാനിക്കിന്റെ നിർമ്മാണം 1911 -ലാണ് പൂര്‍ത്തിയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.