ചാള്‍സ് രാജാവിനും കാമിലയ്ക്കും നേരെ മുട്ടയേറ്; സംഭവം രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോള്‍: വീഡിയോ

ചാള്‍സ് രാജാവിനും കാമിലയ്ക്കും നേരെ മുട്ടയേറ്; സംഭവം രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോള്‍: വീഡിയോ

ലണ്ടന്‍: ഇംഗ്ലണ്ടിലെ യോര്‍ക്ക് നഗരത്തില്‍ ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി മുട്ടയെറിഞ്ഞത്. പ്രതിഷേധിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

നഗര ഭരണാധികാരികള്‍ രാജാവിന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കുമ്പോഴായിരുന്നു ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ മൂന്നു മുട്ടകള്‍ എറിഞ്ഞത്. ഒന്നും ദേഹത്ത് കൊണ്ടില്ല. വലിയ ജനക്കൂട്ടവും അവിടെ തടിച്ചു കൂടിയിരുന്നു.

ഭരണാധികാരികളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുട്ടയേറ് ഉണ്ടായത്. മൂന്നു മുട്ടകള്‍ ചാള്‍സ് രാജാവിന് നേരെ എറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുട്ടയേറ് ഉണ്ടാകുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ആളുകളോട് ചാള്‍സ് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ ആക്രോശിച്ച് കൊണ്ടായിരുന്നു മുട്ടയേറ്. രാജാവിനെയും പത്നിയെയും ഉടന്‍ അവിടെ നിന്നു മാറ്റി.

23 വയസുള്ള പാട്രിക് തെല്‍വെല്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള കാലാവസ്ഥാ പ്രവര്‍ത്തകനാണെന്നാണ് സ്വയം അവകാശപ്പെട്ടത്. യോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇതിനു മുന്‍പും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് യുവാവ് അറസ്റ്റിലായിട്ടുണ്ട്. ഹൈവേ തടസപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്.


അറസ്റ്റിലായ പാട്രിക് തെല്‍വെല്‍

ഇതാദ്യമായിട്ടല്ല രാജകുടുംബത്തിന് നേരെ സമാനമായ പ്രതിഷേധം ഉണ്ടാകുന്നത്. 2022-ല്‍ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സന്ദര്‍ശിച്ചപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വാഹനത്തിന് നേരെയും മുട്ടയേറ് ഉണ്ടായിരുന്നു. 1995ല്‍ ഡബ്ലിനില്‍ നടന്ന ഒരു ചടങ്ങിനിടെ പ്രതിഷേധക്കാര്‍ ചാള്‍സിന് നേരെ മുട്ടയെറിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.