കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. കല്‍പിത സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിനാണു ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണു ഗവര്‍ണറെ നീക്കിയത്. 

2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്. ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ സാംസ്‌കാരിക കലാ രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പുതിയ ചാന്‍സലറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കും. 75 വയസിന് മുകളില്‍ പ്രായമുള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കുംവരെ പ്രോചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.

നേരത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍നിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബില്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനും ധാരണയായി. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സില്‍ താന്‍ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്കു വിടുമെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.