കടത്തില്‍ മുങ്ങി സര്‍ക്കാര്‍: ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങി; എന്നിട്ടും ധൂര്‍ത്തിന് കുറവില്ല

കടത്തില്‍ മുങ്ങി സര്‍ക്കാര്‍: ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങി; എന്നിട്ടും ധൂര്‍ത്തിന് കുറവില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ക്ഷേമപെൻഷൻ നൽകാൻപോലും വകയില്ലാത്ത വിധം പ്രതിസന്ധിയിൽ. കടമെടുക്കുന്ന തുക ശമ്പളത്തിനും പെൻഷനും പോലും തികയാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ്. 

രണ്ടു മാസമായി ക്ഷേമ പെൻഷൻ വിതരണമില്ല. ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങുന്ന കുറച്ചു പേർക്കു മാത്രം സെപ്തംബറിലെ പെൻഷൻ ലഭിച്ചു. ഒക്ടോബറിൽ ആർക്കും കൊടുത്തില്ല. 1600 രൂപയാണ് മാസ പെൻഷൻ. 50.67ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകേണ്ടത്.

ഡിസംബർവരെ 17,936 കോടി രൂപ വായ്പയെടുക്കാനേ കേന്ദ്രാനുമതിയുള്ളൂ. അതിൽ 13,936 കോടി എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000 കോടിയും മറ്റു വരുമാനങ്ങളും കൊണ്ടുവേണം അടുത്ത രണ്ടുമാസം ശമ്പള, പെൻഷൻ വിതരണം നടത്താൻ. 5936 കോടിയാണ് രണ്ടിനും കൂടി മാസം വേണ്ടത്.

ക്ഷേമപെൻഷനുവേണ്ടി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുക്കുന്ന വായ്പകൾ സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചതാണ് തിരിച്ചടിയായത്. കമ്പനി തന്നെ അധികപ്പറ്റായി.

സാമൂഹ്യക്ഷേമ പെൻഷന് അർഹതയില്ലാത്തവരെ പൂർണമായും ഒഴിവാക്കി പെൻഷൻ ബാദ്ധ്യത കുറയ്ക്കാനുള്ള നീക്കം രാഷ്ട്രീയ എതിർപ്പുകാരണം നടന്നില്ല. പ്രതിവർഷം ഒരുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ നീക്കാനായിരുന്നു തീരുമാനം. തദ്ദേശസ്ഥാപനങ്ങളാണ് ലിസ്റ്റ് തയ്യാറാക്കേണ്ടത്.

മൂന്നു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് ക്രിസ്മസിനു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളാണ് ആശ്രയം. പക്ഷേ ഭീമമായ കടബാദ്ധ്യത സർക്കാരിന് അവിടെയുമുണ്ട്. ഒന്നാം പിണറായി സർക്കാർ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചാണ് കൊടുത്തിരുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ടാണ് പെൻഷൻ പ്രതിമാസം നൽകാൻ തീരുമാനിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദൂർത്തും അനാവശ്യ ചിലവുകളും സർക്കാർ തുടരുകയാണ്. എജിയും നിയമോപദേശകരും ഉള്ളപ്പോൾ നിയമോപദേശങ്ങൾക്കായി ലക്ഷങ്ങൾ മുടക്കുന്ന പ്രവണത സർക്കാർ തുടരുന്നതിൽ പൊതുവെ വിമർശനം ഉണ്ട്. ഗവർണർക്കെതിരെയുള്ള നടപടികളിൽ നിയമോപദേശത്തിനായി അരക്കോടി രൂപ സുപ്രികോടതി അഭിഭാഷകന് നൽകാൻ സർക്കാർ ഉത്തരവിട്ടത് അടുത്തിടെയാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.