ഇടക്കാല തെരഞ്ഞെടുപ്പ്: അരിസോണയിലെയും നെവാഡയിലെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തി ഡെമോക്രാറ്റുകൾ

ഇടക്കാല തെരഞ്ഞെടുപ്പ്: അരിസോണയിലെയും നെവാഡയിലെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തി ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ അരിസോണ, നെവാഡ സംസ്ഥാനങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ട് വർഷത്തേക്ക് സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താൻ ഒരുങ്ങി ഡെമോക്രാറ്റിക് പാർട്ടി. ഏറ്റവും ഒടുവിൽ ഫലം വന്ന നെവാഡയിലെ കടുത്ത മത്സരത്തിൽ ഡെമോക്രാറ്റിന്റെ സെനറ്റർ കാതറൈൻ കോർട്ടസ് മാസ്റ്റോ രണ്ടാം വിജയം കുറിച്ചപ്പോൾ പാർട്ടിക്ക് 100 അംഗ ഉപരിസഭയിൽ 50 സീറ്റുകൾ നേടാനായി. 49 സീറ്റുകളാണ് ആണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.

അരിസോണയിൽ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റ് സ്ഥാനാർഥി മാർക്ക് കെല്ലിയാണ് പിടിച്ചെടുത്തത്. നിർണായക മത്സരത്തിൽ കെല്ലി റിപ്പബ്ലിക്കൻ പാർട്ടിയിലെ ബ്ലേക്ക് മാസ്റ്റേഴ്സിനെ കീഴടക്കുകയായിരുന്നു. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമ നിർമാണത്തിൽ സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് കാസ്റ്റിംഗ് വോട്ട് ചെയ്യും.

36 അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും നടന്നിരുന്നു. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻ‌തൂക്കം. ഇതേസമയം, ഭൂരിപക്ഷത്തിന് 218 സീറ്റ് വേണ്ട 435 അംഗ ജനപ്രതിനിധി സഭയിൽ 211 സീറ്റുമായി മുന്നിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സഭാ നേതാവ് കെവിൻ മക്കാർത്തി സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയിച്ചു. ഡെമോക്രാറ്റുകൾക്ക് 204 സീറ്റാണുള്ളത്.

ജോർജിയയിൽ സെനറ്റ്‌ സീറ്റിൽ ഇരു സ്ഥാനാർഥികൾക്കും 50 ശതമാനം വോട്ട്‌ കിട്ടാത്തതിനാൽ ഡിസംബറിൽ വീണ്ടും വോട്ടെടുപ്പ്‌ നടക്കും. ഡിസംബർ ആറിനു നടക്കുന്ന രണ്ടാം വട്ട വോട്ടെടുപ്പിലേ ജോർജിയൻ കാറ്റ് ഇടത്തേക്കാണോ വലത്തേക്കാണോ വീശുക എന്ന കാര്യത്തിൽ തീരുമാനമാവൂ. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ആ സീറ്റ് റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുത്താൽ പോലും 50-50 എന്ന നിലയിലേ എത്തൂ.

അപ്പോഴും കാസ്റ്റിംഗ് വോട്ടിന്റെ പിൻബലം ഡെമോക്രാറ്റുകൾക്കുണ്ട്. റിപ്പബ്ലിക്കൻ ചലഞ്ചർ ഹെർഷൽ വാക്കർ ഡെമോക്രാറ്റിക് സെനറ്റർ റാഫേൽ വാർനോക്കിനേക്കാൾ വോട്ടെണ്ണലിന്റെ പലഘട്ടത്തിലും മുന്നിലായിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും.

ജോർജിയയിലെ സീറ്റ് കൂടി പിടിച്ചെടുത്ത് അടുത്ത രണ്ട് വർഷത്തേക്ക് സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താൻ ഡെമോക്രാറ്റുകൾ കഴിഞ്ഞാൽ 2016 ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടത് പോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ പാർട്ടിക്ക് കഴിയും. ഭൂരിപക്ഷം നിലനിർത്തിയാൽ മുന്നോട്ടുള്ള നിയമനിർമ്മാണങ്ങൾക്കും ജോ ബൈഡന്റെ ജുഡീഷ്യൽ നോമിനികളെ സ്ഥിരീകരിക്കാനും ബൈഡന് നിഷ്‌പ്രയാസം സാധിക്കും. സഭ പാസാക്കിയ ബില്ലുകൾ നിരസിക്കാനും അവരുടെ അജണ്ട തീരുമാനിക്കാനും സെനറ്റിലെ ഡെമോക്രാറ്റുകൾക്ക് സാധിക്കും.

അതിനിടെ ഇടക്കാല തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ താൻ അവിശ്വസനീയമാംവിധം സന്തുഷ്ടനാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സെനറ്റിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പരാമർശം. സ്ഥാനാർത്ഥികളുടെ ഗുണനിലവാരം കൊണ്ടാണ് വിജയങ്ങൾ സാധ്യമായതെന്നു പ്രസിഡന്റ് ജോ ബൈഡൻ കംബോഡിയയിൽ പറഞ്ഞു. എല്ലാവരും ഒരേ പാർട്ടി പദ്ധതി അനുസരിച്ചാണ് മത്സരിച്ചത്. ഇനി ജോർജിയയിലെ സെനറ്റ് മത്സരത്തിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎൻഎൻ എക്സിറ്റ് പോളുകൾ അനുസരിച്ച് ബിഡനെ ഒരു പരിധിവരെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ 49 ശതമാനം വോട്ടർമാർ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തപ്പോൾ 45 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ “അത്ര നല്ലതല്ല” എന്ന് പറഞ്ഞ 38 ശതമാനം വോട്ടർമാരിൽ 62 ശതമാനം പേർ ഡെമോക്രാറ്റിക്ക് വോട്ട് ചെയ്തു, 35 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിക്കായും വോട്ട് ചെയ്തു.

ഫ്ലോറിഡ, നോർത്ത് കരോലിന, ഒഹിയോ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ റിപ്പബ്ലിക്കൻമാർ വിജയകരമായി സീറ്റുകൾ സംരക്ഷിച്ചു, അരിസോണ, കൊളറാഡോ, നെവാഡ, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലെ മത്സര മത്സരങ്ങളിൽ ഡെമോക്രാറ്റുകൾ സീറ്റുകൾ നിലനിർത്തി.

അതേസമയം അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രവചന വിദഗ്‌ധർ വിഭാവനം ചെയ്‌തതുപോലെ റിപ്പബ്ലിക്കൻ സുനാമി ഉണ്ടാകുകയോ ഡെമോക്രാറ്റുകൾ തകർന്നടിയുകയോ ചെയ്‌തില്ല എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിച്ചത്‌ റിപ്പബ്ലിക്കന്മാർക്ക്‌ പാർലമെന്റിലെ ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു. എന്നാൽ, ഫലം നിരാശാജനകമായിരുന്നു.

2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിനിൽക്കുന്ന റിപ്പബ്ലിക്കൻ പാർടിയിലെ ‘മെയ്‌ക്ക്‌ അമേരിക്ക ഗ്രേറ്റ്‌ എഗെയ്‌ൻ’(മാഗ) എന്ന തീവ്രവലതുപക്ഷ വിഭാഗം നേതാവ്‌ ഡോണൾഡ്‌ ട്രംപിന്റെ കണക്കുകൂട്ടലുകളാണ്‌ പിഴച്ചത്‌. നവംബർ 15നു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ മുൻ പ്രസിഡന്റുകൂടിയായ ട്രംപ്‌ പറഞ്ഞത്‌ രണ്ടാംവട്ടം മത്സരം ലക്ഷ്യം വച്ചായിരുന്നു. ആ ശ്രമത്തിനാണ്‌ മങ്ങലേറ്റത്‌.

മാത്രമല്ല, ട്രംപിന്റെ നാടായ ഫ്‌ളോറിഡയിൽനിന്ന്‌ റിപ്പബ്ലിക്കൻ പാർടി ടിക്കറ്റിൽ റോൺ ഡി സാന്റിസ്‌ വൻഭൂരിപക്ഷത്തോടെ വിജയിച്ചത്‌ ട്രംപിന്‌ ഭീഷണിയാണ്‌. ട്രംപിന്റെ പിന്തുണയില്ലാതിരുന്നിട്ടും 20 ശതമാനം കൂടുതൽ വോട്ട്‌ നേടിയാണ്‌ ഡി സാന്റിസ്‌ വിജയിച്ചത്‌. ട്രംപിനെ എതിർക്കുന്നവർ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നയാളാണ്‌ സാന്റിസ്‌.

ഏതായാലും ഒരു പ്രസിഡന്റിന്റെ ഭരണകാലത്തിന്റെ പാതിസമയത്ത്‌ നടന്ന കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ മുഖം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ജോ ബൈഡനായി. രണ്ടാം ലോകയുദ്ധത്തിനുശേഷം നടന്ന 19 ഇടക്കാല തെരഞ്ഞെടുപ്പിൽ 16ലും അധികാരത്തിലിരുന്ന പ്രസിഡന്റിന്റെ കക്ഷിക്ക്‌ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഒബാമയ്‌ക്ക്‌ 63 സീറ്റും ട്രംപിന്‌ 40 സീറ്റുമാണ്‌ ജനപ്രതിനിധി സഭയിൽ കുറഞ്ഞിരുന്നത്‌. എന്നാൽ, ബൈഡൻ മുൻ സീറ്റുകൾ നിലനിർത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതിനാൽ 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്‌. അടുത്തവർഷം ആദ്യം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്‌ ബൈഡൻ പറഞ്ഞുകഴിഞ്ഞു.

തെരഞ്ഞെടുപ്പിൽ വിലക്കയറ്റവും കുറ്റകൃത്യങ്ങളുടെ വർധനയും ജോ ബൈഡന്റെ ജനപ്രതീക്കുറവുമാണ്‌ റിപ്പബ്ലിക്കൻ പാർടി പ്രധാന വിഷയമാക്കിയിരുന്നത്‌. അമേരിക്കയിൽ വിലക്കയറ്റം പ്രധാന വിഷയമാണെന്നതിൽ തർക്കമില്ല. ഭക്ഷ്യവസ്‌തുക്കൾക്ക്‌ 13 ശതമാനമാണ്‌ വിലക്കയറ്റം. 31 ശതമാനം ജനങ്ങളാണ്‌ ഇത്‌ പ്രധാന വിഷയമായി കണ്ടത്‌. എന്നാൽ, കോവിഡ്‌കാലത്ത്‌ ബൈഡൻ പ്രഖ്യാപിച്ച പാക്കേജാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്ന റിപ്പബ്ലിക്കന്മാരുടെ ആഖ്യാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്‌ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി.

കോർപറേറ്റുകളുടെ ലാഭാർത്തിയാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന്‌ അമേരിക്കൻ ജനങ്ങൾക്ക്‌ അറിയാമായിരുന്നു. കുറ്റകൃത്യങ്ങളും ആക്രമണങ്ങളും ബൈഡന്റെ കാലത്ത്‌ വർധിച്ചുവെന്നതായിരുന്നു റിപ്പബ്ലിക്കന്മാരുടെ മറ്റൊരു പ്രചാരണം. എന്നാൽ ഇതും ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞതായി ഫലങ്ങൾ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയങ്ങൾ ഇടതുപക്ഷം ലോകവ്യാപകമായി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ്‌ എന്നുകാണാം. ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കുക. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഭൂരിപക്ഷം സ്ഥാനാർഥികളും വിജയിച്ചതായും തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ കണ്ടെത്താൻ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.