സുരക്ഷ തേടുന്ന ബാലാവകാശങ്ങള്‍

 സുരക്ഷ തേടുന്ന ബാലാവകാശങ്ങള്‍

ബാല്യം എന്ന മാലാഖക്കാലത്തിന്റെ നിര്‍മ്മലമായ ഈ ഓര്‍മ്മപ്പീലികള്‍ വിടര്‍ത്തി വീണ്ടും ഒരു ശിശുദിനാഘോഷം വരവായി. പൊടിമണ്ണും നറുവെണ്ണയും ഒരേ രുചിയോടെ ഉണ്ണുന്ന ഒരു കാലത്തിന്റെ ഓര്‍ത്തെടുക്കല്‍ മാത്രമല്ല, ഇന്നത്തെ ഉണ്ണികള്‍ക്ക് ആ കാലം വീണ്ടെടുത്തു നല്‍കാനുള്ള ദൃഢപ്രതിജ്ഞ കൂടിയാകണം ഈ ശിശുദിനാഘോഷം.

ഭാവി ഇന്ത്യയുടെ ചിത്രം, വിദ്യാര്‍ഥികളുടെ മിഴികളില്‍ ദര്‍ശിച്ച സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി, ചാച്ചാജി എന്നു വിളിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിറന്നാള്‍, ഭാരതം ശിശുദിനമായി കൊണ്ടാ ടുമ്പോള്‍, ദീനം ബാധിക്കാത്ത ഒരു പുതുതലമുറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ ശിശുദിനത്തിന്റെ സ്വപ്നം.

പിറന്നു വീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്, ഓരോ ജീവിതമാണ്. ശിശുക്കളുടെ നിഷ്‌കളങ്കതയില്‍ ആത്മവിശ്വാസത്തിന്റെയും ജീവിത വിജയത്തിന്റെയും മാനുഷിക ദൈവിക മൂല്യങ്ങളുടെയും വിത്തു വിതക്കാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. അതിനുപകരം വിവിധ സ്ഥാപിത താല്‍പര്യങ്ങളുടെ കച്ചവടലക്ഷ്യങ്ങള്‍ക്ക് ഇരയാവുകയാണ് ഇന്ന് ഇന്ത്യന്‍ ബാല്യം.

ഭാരതം ശിശുക്കളെ രാഷ്ട്ര ഭാവിയുടെ ഭാസുരസ്വപ്നമായി സ്വീകരിക്കുന്ന രാജ്യമാണ്. മാനവ വിഭവ ശേഷിയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്പത്ത് എന്ന ബോധ്യമാണ് ഭരണഘടനയില്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധവും സ്വതന്ത്രവുമാക്കി അവതരിപ്പിക്കാന്‍ പ്രേരകമായത്.

എന്നാല്‍ ഇന്ത്യയിലെ കുട്ടികളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്? ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും നീതിയും ഇന്ത്യയിലെ എത്ര കുട്ടികള്‍ അനുഭവിക്കുന്നുണ്ട്?

ഇന്ത്യയുടെ ഭാവി വിദ്യാര്‍ത്ഥികളിലാണ് എന്നു പറഞ്ഞ ചാച്ചാജിയുടെ പിറന്നാള്‍ ദിനത്തില്‍, 120 ലക്ഷത്തിലധികം കുട്ടികള്‍ ഇവിടെ ബാലവേലയ്ക്ക് അടിമകളാണ്. എന്നാല്‍ വിവിധ സന്നദ്ധ സംഘടനകളുടെ കണക്കെടുപ്പില്‍, ആര്‍ത്തിമൂത്ത് ആര്‍ദ്രത വറ്റിയ ഇന്ത്യയുടെ വര്‍ത്തമാന കാലം ബാലവേലയിലൂടെ കട്ടു തിന്നുന്നത് 600 ലക്ഷക്കണക്കിനു കുരുന്നുകളുടെ അവകാശങ്ങളാണ് എന്നതാണു യാഥാര്‍ഥ്യം.

ഇന്ത്യന്‍ ജനതയെ വസ്ത്രം ധരിപ്പിക്കുന്ന ആയിരക്കണക്കിന് തുണിമില്ലുകളില്‍ അല്പ വസ്ത്രധാരികളായി കഠിന വേല ചെയ്യുന്നുണ്ട്, ബാലലക്ഷങ്ങള്‍! വന്‍ഹോട്ടലുകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലും പടക്ക നിര്‍മ്മാണ ശാലകളിലും തീപ്പെട്ടിക്കമ്പനികളിലും നൂറുകണക്കിന് ഫാക്ടറികളിലും ജോലി ചെയുന്ന എണ്ണമറ്റ കുട്ടികളുടെ സ്വപ്നങ്ങളെ തട്ടിയെടുക്കുന്നത് അവര്‍ക്ക് കാവലാകേണ്ടവര്‍ തന്നെയാണ്. 2006ലാണ് 14 വയസിനു താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കരുത് എന്ന നിയമം ഇന്ത്യ പാസാക്കിയത്. അത് ഇന്നും നടപ്പിലാകാത്ത നിയമമായി ഉറങ്ങുന്നു.

മുന്നിലൊന്ന് കുട്ടികള്‍ ലൈംഗികമായും ശാരീരികമായും മുറിവേല്ക്കുന്ന ഇന്ത്യയില്‍ ബാലാവകാശ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അത് എല്ലാ വിഭാഗം കുട്ടികള്‍ക്കും സാധാരണ കുട്ടികള്‍ക്കും ഒപ്പം തന്നെ ഭിന്നശേഷിയുള്ളവര്‍ക്കും വ്യത്യസ്ത കഴിവുകളുള്ള കുട്ടികള്‍ക്കും ഒരുപോലെ ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ ലഭ്യമായ സാഹചര്യങ്ങളില്‍ സാധ്യത കണ്ടെത്തി, ഭാവി ഇന്ത്യയുടെ ഭാസുരതാരങ്ങളാകാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കടമയുണ്ട്.

ശിശുദിനം ഓരോ കുട്ടിയുടെയും ഉള്ളുണര്‍ത്തേണ്ട സുദിനമാണ്. ബാല്യം എന്ന സമ്പത്തിന്റെ അപൂര്‍വതയും അനന്യതയും കുട്ടികള്‍ തിരിച്ചറിയണം. എന്നാല്‍ ബാല്യത്തിന്റെ സൗന്ദര്യം കൗമാരത്തിലും കൗമാരത്തിന്റെ കാതുകങ്ങള്‍ യൗവനത്തിലും യൗവനത്തിന്റെ സൗഭഗങ്ങള്‍ വാര്‍ധക്യത്തിലുമാണ് പലരും തിരിച്ചറിയുന്നത്. അതിനാല്‍, ഇന്നു കുട്ടികള്‍ സ്വന്തം പ്രായത്തിനനുസരിച്ച് ജീവിതത്തെ സ്വീകരിക്കാനുള്ള പക്വതയാണ് നേടേണ്ടത്.

തരംതിരിവുകള്‍ക്കതീതമായി ഭാരതം എന്ന ഒറ്റ സമുദായ ബോധത്തില്‍ പിച്ചവച്ചുണരുന്ന ഒരു ഭാവി ലോകമായിരുന്നു ചാച്ചാജിയുടെ സ്വപ്നം. ആ സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കു മുന്നേറാം. ഏവര്‍ക്കും ശിശുദിനാശംസകള്‍.


ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.