വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ആറാമത് ലോക ദരിദ്ര ദിനത്തിനോടനുബന്ധിച്ച് 1,300 ലധികം പാവപ്പെട്ടവരായ അതിഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോൾ ആറാമൻ ഹാളിൽ ഒരുക്കിയ വിരുന്നിൽ മാർപാപ്പയും എത്തി. കാരിത്താസ് റോമിന്റെയും സെന്റ് എജിഡിയോ കമ്മ്യൂണിറ്റിയുടെയും സഹായത്തോടെയാണ് മാർപാപ്പ ജനങ്ങളെ വിരുന്നിലേക്ക് സ്വാഗതം ചെയ്തത്.
അധിക സഹായം ആവശ്യമുള്ള 5,000 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി റോമിനു ചുറ്റുമുള്ള ഇടവകകളിലേക്ക് വത്തിക്കാൻ ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകുകയും ചെയ്തു. ഈ സംരംഭത്തിൽ 10 ടൺ പാസ്ത, അഞ്ച് ടൺ വീതം അരി, മാവ്, പഞ്ചസാര, ഉപ്പ്, കാപ്പി എന്നിവയും 1,300 ഗ്യാലൻ (അയ്യായിരം ലിറ്റർ) എണ്ണയും പാലും അടങ്ങിയ ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു. ഓരോ പാഴ്‌സലിലൂടെയും ഓരോ വീട്ടുകാർക്കും അടിസ്ഥാന ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ നല്കാൻ കഴിഞ്ഞു.
കൂടാതെ ലോക ദരിദ്ര ദിനത്തോട് അനുബന്ധിച്ച് പാവപ്പെട്ടവർക്കായി ഒരാഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരു മൊബൈൽ ഹെൽത്ത് ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ദാരിദ്ര്യത്തോട് മല്ലിടുന്നവർക്ക് പലപ്പോഴും വൈദ്യസഹായം ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് നടപടി.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സംഘടിപ്പിച്ച മൊബൈൽ ക്ലിനിക്കിൽ പൊതുവായ പരിശോധനകൾ, ഇലക്ട്രോ കാർഡിയോഗ്രാം, രക്തപരിശോധന, പ്രതിരോധ കുത്തിവെയ്പുകൾ, കോവിഡ് പരിശോധനകൾ, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ക്ഷയം എന്നിവയ്ക്കുള്ള സ്ക്രീനിംഗും ചികിത്സയും ഉൾപ്പെടെയുള്ള സംവിധാനങ്ങളും നൽകുന്നു. കോവിഡ് -19 മഹാമാരി മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സേവനങ്ങൾ സ്‌ക്വയറിൽ തിരിച്ചെത്തിയത്.
മാത്രമല്ല സമീപ മാസങ്ങളിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പം മൂലം ഉയർന്ന ഊർജ്ജ ബില്ലുമായി മല്ലിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള സഹായവും വത്തിക്കാൻ നൽകുന്നുണ്ട്. ചില സന്നദ്ധ സംഘടനകളുടെ സഹായത്താൽ പാവപ്പെട്ട ആളുകളുടെ ഗ്യാസ്, ഇലക്ട്രിക് ബില്ലുകൾ നികത്താൻ ഫണ്ട് നൽകിയിട്ടുണ്ട്.
ജനപ്രിയ പ്രഖ്യാപനങ്ങളല്ല, പാവങ്ങളെയും ഭവനരഹിതരെയും അഭയാർത്ഥികളെയും സഹായിക്കുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ കുർബാന മാർപാപ്പ അർപ്പിച്ചു. ആരാധനാക്രമ കലണ്ടറിലെ 33-ാമത്തെ ഞായറാഴ്ചയാണ് ലോകത്തെ ദരിദ്രരുടെ ദിനം ആചരിക്കുന്നത്. 2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ക്രൈസ്തവരെ സാമ്പത്തികവും അതിജീവനത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന പ്രാന്തപ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് യേശു തന്നെ കാണിച്ചു തന്ന സ്നേഹത്തിന്റെ അടയാളമായി സേവനം ചെയ്യാൻ പ്രോൽസാഹിപ്പിക്കുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
അഭയാർത്ഥി, ഉക്രൈൻ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും അനുതാപപൂർണ്ണമായ സമീപനം സ്വീകരിക്കണമെന്ന് പാപ്പാ പറഞ്ഞത്. ഇറ്റലിയിലെ പ്രാദേശിക കാത്തലിക് ചാരിറ്റിയായ കാരിത്താസ് ഇറ്റാലിയാനയുടെ കണക്കനുസരിച്ച് ലോകത്തിലെ ആറു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 5.6 ദശലക്ഷമാണ്. ഇതിൽ 1.4 ദശലക്ഷം പേർ കുട്ടികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.