എഴുപത്തിയൊൻപതാം മാർപ്പാപ്പ - വി. അഗാത്തോ (കേപ്പാമാരിലൂടെ ഭാഗം-80)

എഴുപത്തിയൊൻപതാം മാർപ്പാപ്പ - വി. അഗാത്തോ (കേപ്പാമാരിലൂടെ ഭാഗം-80)

ഏ.ഡി 678 ജൂണ്‍ 27-ാം തീയതി തിരുസഭയുടെ എഴുപത്തിയൊമ്പതാമത്തെ തലവനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി വി. അഗാത്തോ മാര്‍പ്പാപ്പ അഭിഷിക്തനായി. സഭയില്‍ പടര്‍ന്നു പന്തലിച്ചു കൊണ്ടിരുന്ന മോണൊതെലിസ്റ്റിക്ക് പാഷണ്ഡതയ്ക്ക് നല്‍കിക്കൊണ്ടിരുന്ന രാജകീയ പിന്തുണ ചക്രവര്‍ത്തി പിന്‍വലിച്ചതും വഷളായിരുന്ന റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായ വിധത്തില്‍ പുനഃസ്ഥാപിച്ചതും അഗാത്തോ മാര്‍പ്പാപ്പയുടെ ഭരണ കാലത്താണ്. തന്റെ മുന്‍ഗാമിയായിരുന്ന ഡോണൂസ് മാര്‍പ്പാപ്പയെ അഭിസംബോധന ചെയ്തു കൊണ്ട് കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തി എഴുതിയ കത്ത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് അഭിഷിക്തനായയുടനെ പാപ്പായ്ക്ക് ലഭിച്ചു. പ്രസ്തുത കത്തില്‍ മോണൊതെലിസ്റ്റിക്ക് പാഷണ്ഡത മൂലം സഭയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മിലുള്ള ഊഷ്മള ബന്ധം പുനഃസ്ഥാപിക്കുന്നതിനുമായി ഒരു സമ്മേളനം വിളിച്ചു കൂട്ടണമെന്ന അഭിപ്രായമായിരുന്നു ചക്രവര്‍ത്തി പാപ്പയുടെ മുമ്പില്‍ വെച്ചത്. ക്രിസ്തുവില്‍ ദൈവിക സ്വഭാവം മാത്രമേയുള്ളുവെന്ന് പഠിപ്പിച്ച മോണൊഫിസിറ്റിക്ക് പാഷണ്ഡതയും പ്രസ്തുത പാഷണ്ഡതമൂലം പൗരസ്ത്യ സഭയില്‍ ഉടലെടുത്ത ആശയക്കുഴപ്പങ്ങള്ളും പരിഹരിക്കുവാനും മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ക്ക് കഴിയില്ല എന്ന തിരിച്ചറിവാണ് ചക്രവര്‍ത്തിയെ അത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അത്തരമൊരു നീക്കത്തെ അഗാത്തോ പാപ്പാ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പാശ്ചാത്യ സഭയും പൗരസ്ത്യ സഭയും സംയുക്തമായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ സമ്മേളിക്കുന്നതിനുമുമ്പ്, സമ്മേളനത്തിന് മുന്നൊരുക്കമെന്ന നിലയില്‍ പാശ്ചാത്യ സഭയില്‍ പ്രാരംഭ സിനഡുകള്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്മേളനത്തില്‍ അവതരിപ്പിക്കുവാനായി മോണൊതെലിസ്റ്റിക്ക് പാഷണ്ഡതയ്‌ക്കെതിരെ ശക്തമായ നിലപാട് രൂപപ്പെടുത്തണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു. സമ്മേളനത്തിന് ഒരുക്കമായി ഏ.ഡി 680 ല്‍ റോമിലും തുടര്‍ന്ന് മിലാനിലും ഇംഗ്ലണ്ടിലും ഗൗളിലും പ്രാരംഭ സിനഡുകള്‍ സമ്മേളിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോകുവാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സമ്മേളനത്തില്‍ സംബന്ധിക്കുവാനായി തന്റെ പ്രതിനിധികളായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്കയച്ച പ്രതിനിധി സംഘത്തില്‍ ഭാവിയിലെ രണ്ടു മാര്‍പ്പാപ്പമാര്‍ അതായത് ജോണ്‍ അഞ്ചാമന്‍ പാപ്പയും കോണ്‍സ്റ്റന്റയില്‍ പാപ്പയും ഉള്‍പ്പെട്ടിരുന്നു. അഗാത്തോ മാർപ്പാപ്പ തന്റെ പ്രതിനിധി സംഘത്തിനൊപ്പം രണ്ടു സൂദീര്‍ഘമായ രേഖകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കയച്ചിരുന്നു. മോണതെലിത്തിസത്തെ അപലപിച്ചു കൊണ്ടും പ്രസ്തുത പഠനം തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടും തിരുസഭയുടെ സത്യ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിന്റെ കര്‍ത്തവ്യത്തെയും പ്രാധാന്യത്തെയും ഊന്നിപ്പറഞ്ഞു കൊണ്ടും അഗാത്തോ മാര്‍പ്പാപ്പ കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിക്ക് എഴുതിയ കത്തും റോമില്‍ സമ്മേളിച്ച സിനഡില്‍ വെച്ച് മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നൂറ്റിയൻപതു മെത്രാന്മാര്‍ ഒപ്പിട്ട ഡിക്രിയുമായിരുന്നു പ്രസ്തുത രേഖകള്‍.

മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ മൂലം സഭയിലുടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ കൂടുന്ന സമ്മേളനത്തെ ഒരു സാര്‍വത്രിക സൂനഹദോസായി ഉയര്‍ത്തുന്നതിന് ചക്രവര്‍ത്തി തീരുമാനമെടുത്തു. പ്രസ്തുത സൂനഹദോസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ സമ്മേളിക്കുമെന്നും അദ്ദേഹം തീരുമാനമെടുത്തു. കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ ഏ.ഡി 680 നവംബര്‍ 7 മുതല്‍ ഏ.ഡി 681 സെപ്റ്റംബര്‍ 16-ാം തീയതി വരെ സമ്മേളിച്ച പ്രസ്തുത സൂനഹദോസ് തിരുസഭയിലെ നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് എന്ന് അറിയപ്പെടുന്നു.

നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് ആരംഭിക്കുന്നതിനുമുമ്പു തന്നെ ചക്രവര്‍ത്തി മോണൊതെലിസ്റ്റിക്ക് പക്ഷക്കാരനായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനെ തത്സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും തിരുസഭയുടെ പ്രാമാണിക പഠനങ്ങള്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന പാത്രിയാര്‍ക്കീസിനെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയാര്‍ക്കീസായി അവരോധിക്കുകയും ചെയ്തു. മാത്രമല്ല, പുതിയ പാത്രിയാര്‍ക്കീസിനോട്, തന്റെ അധികാരപരിധിയില്‍ വരുന്ന എല്ലാ മെത്രാന്മാരോടും നിര്‍ബന്ധമായി സൂനഹദോസില്‍ പങ്കെടുക്കണമെന്ന ആജ്ഞ നല്‍കണമെന്നും ചക്രവര്‍ത്തി ആവശ്യപ്പെടുകയും ചെയ്തു.

സൂനഹദോസിന്റെ പതിമൂന്നാമത്തെ സമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി മോണൊതെലിത്തിസം എന്ന പാഷണ്ഡതയെ ഔദ്യോഗികമായി തെറ്റായ പഠനമാണെന്ന് പ്രഖ്യാപിക്കുകയും മോണൊതെലിസ്റ്റിക്ക് നേതാക്കളായിരുന്നവരെ മോണൊതെലിസ്റ്റിക്ക് പഠനങ്ങളെ അംഗീകരിച്ച ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയടക്കമുള്ളവരെ പരസ്യവും ഔദ്യോഗികമായും ഖണ്ഡിക്കുകയും ചെയ്തു. ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയെ ഖണ്ഡിച്ച നടപടിയെ പേപ്പല്‍ പ്രതിനിധികള്‍ എതിര്‍ത്തുവെങ്കിലും അത്തരം എതിര്‍പ്പുകളെയെല്ലാം സൂനഹദോസ് മറികടന്നിരുന്നു. മാത്രമല്ല, സൂനഹദോസ് നടപടികളുടെ മേല്‍ പേപ്പല്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ തങ്ങളുടെ എതിര്‍പ്പ് പിന്‍വലിക്കുന്നതു വരെ അഗാത്തോ പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ രണ്ടാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുവാന്‍ ചക്രവര്‍ത്തി തയ്യാറായില്ല. നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ വെച്ച് ക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങള്‍, ദൈവിക സ്വഭാവും മാനുഷിക സ്വഭാവും ഉള്ളതുപോലെ രണ്ടു ഇച്ഛകള്‍, ദൈവിക ഇച്ഛയും മാനുഷിക ഇച്ഛയും ഉണ്ടെന്ന് ഔദ്യോഗികമായി പഠിപ്പിച്ചു. ഏ.ഡി 683 ല്‍ ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിക്ക് എഴുതിയ കത്തു വഴി സൂനഹദോസ് നടപടികളെയും പഠനങ്ങളെയും ഔദ്യോഗികമായി അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. അഗാത്തോ മാര്‍പ്പാപ്പ സൂനഹദോസ് സമാപിക്കുന്നതിനു എട്ടുമാസം മുമ്പ് കാലം ചെയ്തിരുന്നു. എന്നിരുന്നാലും അഗാത്തോ മാര്‍പ്പാപ്പയുടെ സംഭാവനകളെ ഏറ്റുപറഞ്ഞു കൊണ്ട് പത്രോസ് അഗാത്തോ പാപ്പയിലൂടെ സംസാരിച്ചുവെന്ന് സൂനഹദോസ് പിതാക്കന്മാര്‍ ചക്രവര്‍ത്തിക്ക് എഴുതിയ കത്തില്‍ ഏറ്റുപറഞ്ഞു.

അഗാത്തോ മാര്‍പ്പാപ്പ തന്റെ ഭരണകാലത്ത് റവേന്നയുടെ എക്‌സാര്‍ക്കുമായി ചേര്‍ന്ന് റവേന്ന രൂപതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ ഒരു അന്തിമ യോജിപ്പിലെത്തിച്ചേര്‍ന്നു. പ്രസ്തുത ഉടമ്പടി പ്രകാരം റവേന്നയുടെ ഭാവി മെത്രാപ്പോലീത്താമാര്‍, മാര്‍പ്പാപ്പാമാരാല്‍ മാത്രമേ അഭിഷേകം ചെയ്യപ്പെടുകയും അജപാലനാധികാര ചിഹ്നമായ പാലിയം സ്വീകരിക്കുകയുള്ളുവെന്നുമുള്ള തീര്‍പ്പിലെത്തിച്ചേര്‍ന്നു. റോമന്‍ സഭയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ ചക്രവര്‍ത്തിയില്‍ നിന്നും പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈടാക്കിയിരുന്ന നികുതിയില്‍നിന്ന് ഒഴിവ് വാങ്ങിയെടുക്കുന്നതില്‍ പാപ്പ വിജയിച്ചു. പ്രസ്തുത ഒഴിവിന് പ്രത്യുപകാരമെന്നോണം പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് ശേഷം പ്രസ്തുത തിരഞ്ഞെടുപ്പിന് ചക്രവര്‍ത്തിയുടെ അംഗീകാരം പാശ്ചാത്യദേശത്തെ തന്റെ പ്രതിനിധിയായ റവേന്നയിലെ എക്‌സാര്‍ക്കില്‍ നിന്നും നേടുന്നതിനു പകരം പാപ്പ തന്റെ തിരഞ്ഞെടുപ്പിനുള്ള അംഗീകാരം ചക്രവര്‍ത്തിയില്‍ നിന്നും നേരിട്ട് വാങ്ങണമെന്ന വഴക്കത്തെ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നു. കാന്റർബറിയുടെ ആര്‍ച്ച് ബിഷപ്പ് യോര്‍ക്ക് രൂപതയെ മൂന്ന് വ്യത്യസ്ത രൂപതകളായി വിഭജിച്ച നടപടിക്കെതിരെ യോര്‍ക്കിലെ മെത്രാന്‍ റോമിന് അപ്പീല്‍ നല്‍കിയപ്പോള്‍ അഗാത്തോ മാര്‍പ്പാപ്പ യോര്‍ക്കിലെ മെത്രാനെ പിന്തുണച്ചു.

പൊതുവായി ദയാലുവും ഉത്സാഹിയുമായ വ്യക്തിയെന്നാണ് അഗാത്തോ മാര്‍പ്പാപ്പ അറിയപ്പെട്ടിരുന്നത്. റോമില്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധിയുടെ സമയത്ത് ഏ.ഡി 681 ജനുവരി 10-ാം തീയതി അഗാത്തോ പാപ്പ ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.