സൗഹൃദ മത്സരത്തില്‍ 5-0 ന് യുഎഇയെ തോല്‍പിച്ച് അര്‍ജന്റീന

 സൗഹൃദ മത്സരത്തില്‍ 5-0 ന് യുഎഇയെ തോല്‍പിച്ച് അര്‍ജന്റീന

അബുദാബി: ലോകകപ്പിന് മുന്നോടിയായി യു.എ.ഇക്കെതിരായ സൗഹൃദ മത്സരത്തില്‍ ഗോള്‍മഴ തീര്‍ത്ത് അര്‍ജന്റീന. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മെസിയും സംഘവും യുഎഇയെ കീഴടക്കിയത്. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. മെസി ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു.

ഒന്നാം പകുതിയവസാനിക്കുമ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിലായിരുന്നു. അര്‍ജന്റീനക്കായി എയ്ഞ്ചല്‍ ഡി മരിയ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ജൂലിയന്‍ അല്‍വാരസും ഓരോ ഗോളുകള്‍ വീതം നേടി. രണ്ടാം പകുതിയില്‍ 60-ാം മിനുറ്റില്‍ ഡി പോളിന്റെ അസിസ്റ്റില്‍ ജ്വാക്വിം കൊറേയ ലക്ഷ്യം കണ്ടു.

കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീനയാണ് കളം നിറഞ്ഞു കളിച്ചത്. നിരന്തരമായ അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളില്‍ യു.എ.ഇ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 17ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ ഗോള്‍ കണ്ടെത്തി.

വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണല്‍ മെസി മറിച്ചു നല്‍കിയ പന്തിനെ ജൂലിയന്‍ അല്‍വാരസ് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഊഴമായിരുന്നു അടുത്തത്. മാര്‍കോസ് അക്വിനയുടെ ക്രോസില്‍ കര്‍വിങ് ഷോട്ടിലൂടെ മരിയ പന്തിനെ വലയിലാക്കി.

37ാം മിനിറ്റില്‍ വീണ്ടും അര്‍ജന്റീനയുടെ മാലാഖ അവതരിച്ചു. ഇക്കുറി പെനാല്‍ട്ടി ബോക്‌സിന് അകത്ത് രണ്ട് ഡിഫന്റമാരെ വെട്ടിയൊഴിഞ്ഞാണ് മരിയ വല കുലുക്കിയത്. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ആയിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മിന്നും ഗോള്‍ പിറന്നത്. എയ്ഞ്ചല്‍ ഡി മരിയ നീട്ടി നല്‍കിയ പന്തുമായി കുതിച്ച ലിയോ മൂന്ന് ഡിഫന്റര്‍മാരെ കാഴ്ചക്കാരാക്കി നിര്‍ത്തി വല കുലുക്കി.

4-3-3 ശൈലിയിലാണ് സ്‌കലോണി തന്റെ ടീമിനെ മൈതാനത്ത് അവതരിപ്പിച്ചത്. ഏഞ്ചല്‍ ഡി മരിയ, മെസി, ജൂലിയന്‍ ആല്‍വാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് അര്‍ജന്റീന ഇറങ്ങി. പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെല്‍സോ പുറത്തായപ്പോള്‍ റോഡ്രിഗോ ഡി പോളും ഡാനിയല്‍ പരേഡസും അലക്‌സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി. ഒട്ടോമെന്‍ഡിക്ക് പുറമെ മാര്‍ക്കോസ് അക്യൂനയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ജുവാന്‍ ഫോയ്ത്തുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ അധിപനായി എമിലിയാനോ മാര്‍ട്ടിനസും ഇടംപിടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.