ലൈഫ് മിഷന്‍: 70,000 വീടുകള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

ലൈഫ് മിഷന്‍: 70,000 വീടുകള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാനുള്ള നടപടിള്‍ സ്വീകരിക്കാന്‍ ഉത്തരവായി. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡിഎഫ്സി മുഖേന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ 70000 പേര്‍ക്ക് വീട് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 2017ലെ പട്ടികയില്‍ നിന്ന് ഇനിയും കരാര്‍വച്ച് ഫണ്ട് അഭ്യര്‍ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പകരം 2020 പട്ടികയിലുള്ളവര്‍ക്ക് അവസരം നല്‍കും. ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ നിന്നും ഫണ്ട് അഭ്യര്‍ഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കാം.

ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സര്‍വേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ഇങ്ങനെ ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്പയായി പരമാവധി 2,20,000 രൂപ വിനിയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതര്‍ക്കും 2019ലെ പട്ടികജാതി/ പട്ടികവര്‍ഗ/ ഫിഷറിസ് അഡീഷണല്‍ ലിസ്റ്റിലെയും അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഈ വര്‍ഷം ഭവന പദ്ധതിക്കായി വകയിരുത്തിയ വികസന ഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാന്‍ സാധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്താന്‍ സാധിക്കുന്നതുമായ പരമാവധി തുകയും വിനിയോഗിച്ച് ഭൂമിയും വീടും നല്‍കാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കള്‍ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയില്‍ ഭൂമി വാങ്ങിയാലും ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പ് ഈ വിഷയത്തില്‍ ചില അവ്യക്തതകള്‍ നിലനിന്നതിനാല്‍ നിര്‍ദേശം പുതുക്കി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 3,14,425 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 29,189 വീടുകള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.