ബാലി: ഇന്തോനേഷ്യയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കയര്‍ത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഉച്ചകോടിയില്‍ വെച്ച് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഷി ജിന്‍പിങ്, ജസ്റ്റിന്‍ ട്രൂഡോയോട് കയര്‍ത്ത് സംസാരിച്ചത്.
ഇരു രാജ്യത്തലവന്മാര്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴുണ്ടായ നീരസത്തോടെയുള്ള സംസാരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ജസ്റ്റിന്‍ ട്രൂഡോയ കണ്ടപ്പോള്‍ തന്നെ ഷി ജിന്‍പിങിന്റെ മുഖഭാവം മാറി. അദ്ദേഹത്തിന്റെ ദേഷ്യം മുഖത്ത് പ്രകടമായിരുന്നു.
'നമ്മള്‍ ചര്‍ച്ച ചെയ്ത വിവരങ്ങളെല്ലാം പത്ര മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കി, അത് ഉചിതമായ നടപടിയല്ല' എന്ന് പരിഭാഷകന്റെ സഹായത്തോടെ ട്രൂഡോയോട് സംസാരിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ വീഡിയോയാണ് പുറത്തുവന്നത്.
'നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍, പരസ്പരം മാന്യമായ രീതിയില്‍ ആശയവിനിമയം നടത്തണം. അല്ലാത്തപക്ഷം ഫലം എങ്ങനെയായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ് - ഷി കൂട്ടിച്ചേര്‍ത്തു.
ഇതിനു മറുപടിയായി 'ഞങ്ങള്‍ സ്വതന്ത്രവും തുറന്നതുമായ സംഭാഷണത്തില്‍ വിശ്വസിക്കുന്നു' എന്നാണ് ട്രൂഡോ പറഞ്ഞത്. ഇതും ചൈനീസ് പ്രസിഡന്റിനെ ചൊടിപ്പിച്ചു. 'വിയോജിപ്പുകളുണ്ടെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന്' ട്രൂഡോ പറഞ്ഞതിനു പിന്നാലെ '
ആദ്യം അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാം' എന്ന മറുപടിയാണ് ഷി ജിന്‍പിങ് നല്‍കിയത്. അത്ര പ്രസന്നമല്ലാത്ത അഭിപ്രായ പ്രകടനത്തിന് ശേഷം പരസ്പരം ഹസ്തദാനം നല്‍കിയാണ് ഇരു രാഷ്ട്രത്തലവന്‍മാരും പിരിഞ്ഞത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകുമായി നേരത്തെ തീരുമാനിച്ച ഷി ജിന്‍പിങ്ങിന്റെ കൂടിക്കാഴ്ച്ചയും റദ്ദാക്കി. നിലവിലെ സാഹചര്യത്തില്‍ ഷി ജിന്‍പിങ്ങുമായുള്ള സംസാരം പ്രതീക്ഷിക്കുന്നതു പോലെ ഗുണകരമാകില്ലെന്ന് കണ്ടാണ് ബ്രിട്ടന്‍ കൂടിക്കാഴ്ച വേണ്ടെന്ന് വെച്ചത്.
മൂന്ന് വര്‍ഷത്തിനു ശേഷം ഇരു രാഷ്ട്രത്തലവന്‍മാരും നേരിട്ടു നടത്തിയ ചര്‍ച്ചയില്‍ 2019ലെ കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ ചൈനയുടെ ബാഹ്യ ഇടപെലുണ്ടായി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അടക്കം വിഷയമായതാണ് വിവരം. ഉക്രെയ്ന്‍ റഷ്യ സംഘര്‍ഷവും ആഗോള കാലാവസ്ഥ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം ജി20 ഉച്ചകോടിക്കിടയിലെ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തായ്‌വാന്‍ വിഷയത്തില്‍ ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി, നിയന്ത്രണ രേഖ ലംഘിക്കരുതെന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.