ഇറാനില്‍ നിന്ന് യെമനിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച കപ്പൽ; അമേരിക്കൻ സേന ഒമാൻ ഉൾക്കടലിൽ മുക്കി

ഇറാനില്‍ നിന്ന് യെമനിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച കപ്പൽ; അമേരിക്കൻ സേന ഒമാൻ ഉൾക്കടലിൽ മുക്കി

വാഷിംഗ്ടൺ: ഇറാനില്‍ നിന്ന് യെമനിലേക്ക് സ്‌ഫോടക വസ്തുക്കളുമായി പോയ കപ്പല്‍ അമേരിക്കൻ നാവിക സേന ഉൾക്കടലിൽ മുക്കിയതായി റിപ്പോർട്ട്. ഒമാന്‍ ഉള്‍ക്കടലിൽ വെച്ചാണ് വലിയ അളവിൽ സ്ഫോടനവസ്തുക്കൾ കടത്താൻ ശ്രമിച്ച മത്സ്യബന്ധന കപ്പല്‍ തടഞ്ഞതെന്ന് അമേരിക്കൻ നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

യെമനിലെ ഹൂതി ഗ്രൂപ്പിന് വേണ്ടിയാണ് സ്ഫോടനവസ്തുക്കൾ കടത്താന്‍ ശ്രമിച്ചതെന്നും നാവികസേനയുടെ അഞ്ചാം കപ്പല്‍ അറിയിച്ചു. റോക്കറ്റ്, മിസൈല്‍ ഇന്ധനം, സ്‌ഫോടകവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന 70 ടണ്ണിലധികം അമോണിയം പെര്‍ക്ലോറേറ്റ് കപ്പലില്‍ അമേരിക്കൻ സേന കണ്ടെത്തിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


ഇത്കൂടാതെ 100 ടണ്‍ യൂറിയ വളവും ഉണ്ടായിരുന്നു. ഇത് കാര്‍ഷിക മേഖലയിലും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതാണെന്നും നാവിക സേന പറഞ്ഞു. അമേരിക്ക തടഞ്ഞുവച്ച കപ്പലില്‍ നാല് യെമന്‍ ക്രൂ അംഗങ്ങളുണ്ടായിരുന്നു.

ഇവരെ യെമന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. തുടർന്ന് വാണിജ്യ ഷിപ്പിംഗിനുള്ള നാവിഗേഷന്‍ അപകടകരമായതിനാല്‍ അമേരിക്കൻ സേന ഞായറാഴ്ച കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ മുക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


കപ്പലില്‍ വലിയ അളവിലുള്ള സ്‌ഫോടനാത്മക വസ്തുക്കള്‍ ഉണ്ടായിരുന്നു. വലുപ്പമനുസരിച്ച് ഒരു ഡസനിലധികം ഇടത്തരം ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാക്കാൻ ഇവ പര്യാപ്തമാണെന്ന് അമേരിക്കൻ നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.

ഇറാനില്‍ നിന്നുള്ള സ്ഫോടകവസ്തുക്കൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിയിൽപെടുന്നുണ്ട്. ഇത് നിരുത്തരവാദപരവും അപകടകരവും മിഡില്‍ ഈസ്റ്റിലുടനീളം അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ ഇറാനില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 2015 മുതല്‍ യെമനിലെ ഇറാന്‍ അനുകൂല ഹൂത്തികളുമായി പോരാടുകയാണ് അമേരിക്ക. നേരത്തേയും ഇറാന്‍ ഹൂതികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതായി അമേരിക്ക ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.

ഇറാൻ ഈ ആരോപണം നിഷേധിക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഡിസംബറില്‍, ഹൂതികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നു എന്ന് കരുതുന്ന മത്സ്യബന്ധന കപ്പലില്‍ നിന്ന് റൈഫിളുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.