'ഞാന്‍ നിങ്ങളുടെ വിനീത ദാസനായിരിക്കാന്‍ യാചിക്കുന്നു... സവര്‍ക്കര്‍ മാപ്പു പറഞ്ഞത് ചരിത്രം'; രാഹുലിനെ പിന്തുണച്ച് തുഷാര്‍ ഗാന്ധി

 'ഞാന്‍ നിങ്ങളുടെ വിനീത ദാസനായിരിക്കാന്‍ യാചിക്കുന്നു... സവര്‍ക്കര്‍ മാപ്പു പറഞ്ഞത് ചരിത്രം'; രാഹുലിനെ പിന്തുണച്ച് തുഷാര്‍ ഗാന്ധി

ഷെഗാവ്(മഹാരാഷ്ട്ര): ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി.

വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സുഹൃത്തായിരുന്നു. ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹം അവരോട് മാപ്പു പറഞ്ഞു. ഇത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളതല്ല, ചരിത്ര രേഖയാണെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

ബ്രിട്ടീഷ് ജയിലില്‍ കഴിയവേ, അവരുടെ ദയ തേടി വി.ഡി സവര്‍ക്കര്‍ അയച്ച കത്ത് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 'ഞാന്‍ നിങ്ങളുടെ വിനീത ദാസനായിരിക്കാന്‍ യാചിക്കുന്നുവെന്ന' പരാമര്‍ശമടക്കമുള്ള കത്ത് പ്രദര്‍ശിപ്പിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സവര്‍ക്കറിനെ വിമര്‍ശിച്ചത്.

സംഭവത്തില്‍ ശിവസേനയിലെ ഏക്നാഥ് ഷിന്‍ഡെ പക്ഷം നല്‍കിയ പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. വി.ഡി സവര്‍ക്കറെ വിവാദ പ്രസ്താവനയിലൂടെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്. ഇതുപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500,501 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കറും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തുഷാര്‍ ഗാന്ധി പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര ഷെഗാവിലെ ബുല്‍ധാന ജില്ലയില്‍ വെച്ചാണ് ഇന്ന് രാവിലെ രാഹുലിനൊപ്പം നടക്കാന്‍ തുഷാര്‍ ഗാന്ധിയെത്തിയത്. 'ചരിത്രപരമെന്നാ'ണ് തുഷാര്‍ ഗാന്ധിയുടെ പങ്കാളിത്തത്തെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.

നവംബര്‍ ഏഴു മുതല്‍ മഹാരാഷ്ട്രയില്‍ പ്രയാണം തുടങ്ങിയ പദയാത്ര ഇന്ന് രാവിലെ ആറു മണിക്ക് അകോള ജില്ലയിലെ ബാലാപൂരില്‍ നിന്നാണ് തുടങ്ങിയത്. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ഷെഗാവിലെത്തിയപ്പോള്‍ തുഷാര്‍ ഗാന്ധിയും കൂടെച്ചേരുകയായിരുന്നു. പദയാത്രയില്‍ പങ്കെടുക്കുന്ന കാര്യം വ്യാഴാഴ്ച ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഷെഗാവാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം.

രാഹുല്‍ ഗാന്ധിയും തുഷാര്‍ ഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും പാരമ്പര്യമുള്ള മഹാന്മാരായ കൊച്ചു മക്കളാണെന്ന് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ ഓര്‍മിപ്പിച്ചു. 'ഇവര്‍ രണ്ടുപേരും ഒന്നിച്ചു നടക്കുന്നത് രാജ്യത്തെ ഭരണ കൂടത്തിന് നല്‍കുന്ന സന്ദേശം ജനാധിപത്യത്തെ അപകടത്തിലാക്കാം, എന്നാല്‍ തീര്‍ത്തുകളയാനാകില്ലയെന്നാണ്' - കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

തുഷാര്‍ ഗാന്ധിക്ക് പുറമേ, കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്, ദീപേന്ദര്‍ ഹൂഡ, മിലിന്ദ് ദിയോറ, മണിക്റാവു തക്റെ തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു. നിലവില്‍ മഹാരാഷ്ട്രയിലുള്ള പദയാത്ര 20 ന് മധ്യപ്രദേശിലേക്ക് പ്രവേശിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.