കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം; മേയറെത്തിയാല്‍ പ്രതിഷേധം കനക്കും

കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം; മേയറെത്തിയാല്‍ പ്രതിഷേധം കനക്കും

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം ഭരണ സമിതിക്ക് ഇന്ന് അഗ്‌നിപരീക്ഷ. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യപ്രകാരം ഇന്ന് ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗം സംഘര്‍ഷ ഭരിതമാകും. ഇതിനിടെ ഭരണ പക്ഷത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും രംഗത്തു വന്നു.

കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ പദവി വഹിക്കുന്നതില്‍ നിന്ന് ആരോപണ വിധേയയായ മേയറെ മാറ്റി നിര്‍ത്തി പകരം ഡെപ്യൂട്ടി മേയറെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാവ് പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കി. ഈ മാസം 21ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ 35 കൗണ്‍സിലര്‍മാരാണ് കത്ത് നല്‍കിയത്.

ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയ സംഭവത്തില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് യോഗം നേരത്തേയാക്കിയത്.

ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലും വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നീ സംവിധാനങ്ങളിലൂടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലും ആരോപണ വിധേയയായ വ്യക്തി യോഗം നിയന്ത്രിക്കുന്നത് ശരിയല്ലെന്നാണ് യുഡിഎഫിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.