ടെഹ്‌റാൻ: വധശിക്ഷയെന്ന പ്രതിരോധത്തിന് മുന്നിലും തളരാതെ നിർബന്ധിത ഹിജാബിനെതിരെ പ്രതിഷേധം ശക്തമാക്കുന്ന ഇറാനിലെ സ്ത്രീകൾ ആഗ്രഹിക്കുന്നത് ഒരു വിപ്ലവമാണ്. രണ്ട് മാസത്തിലേറെയായി തുടരുന്ന ജനകീയ പ്രതിഷേധത്തിൽ ഇറാനിയൻ സ്ത്രീകൾ തെരുവുകളിൽ മാർച്ച് നടത്തുകയും ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു.
ഭരണകൂടത്തിന്റെ സദാചാര പോലീസിന്റെ കൈകളാൽ ഒരു യുവതി കൊലചെയ്യപ്പെട്ടതിന്റെ പ്രതികരണമായി ആരംഭിച്ച പ്രതിഷേധങ്ങൾ ഇന്ന് സമൂലമായ മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ഒരു ദൂരവ്യാപകമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
പ്രതിഷേധക്കാരെ പോലീസ് അധിക്ഷേപിക്കുകയും ചോദ്യം ചെയ്യുകയും മർദിക്കുകയും ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്. മാത്രമല്ല ഡസൻ കണക്കിന് കുട്ടികൾ ഉൾപ്പെടെ 300 ലധികം പ്രതിഷേധക്കാരും പ്രതിഷേധം കാണാനെത്തിയവരും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
പ്രമുഖ മാധ്യമപ്രവർത്തകർ, അഭിഭാഷകർ, പൗരാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ 15,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരിൽ പലർക്കും വധശിക്ഷ ലഭിക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും ഈ പ്രതിരോധങ്ങൾ ഒന്നും ഇറാനിലെ പ്രതിഷേധാഗ്നിയെ അണയ്ക്കാൻ മാത്രം ശക്തമല്ല.
പ്രചോദനം ഭൂതകാലത്തിൽ നിന്നും
ഇറാനിൽ വീണ്ടുമൊരു വിപ്ലവം സൃഷിട്ടിക്കാനുള്ള ആഗ്രഹത്തിന്റെ വേരുകൾ 1979 ലെ ഇസ്ലാമിക വിപ്ലവത്തിൽ നിന്നാണ്. 2500 വർഷം നീണ്ടുനിന്ന പേർഷ്യൻ രാജഭരണത്തിന്റെ അന്ത്യംകൂടിയായിരുന്നു ഇസ്ലാമിക് വിപ്ലവം.
ഷാഹ് മുഹമ്മദ് റെസ് പഹ്ലവിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയാണ് ഇറാന്‍ പരമോന്നതാ നേതാവായ അയത്തുള്ള റുഹല്ല ഖുമൈനിയുടെ നേതൃത്തില്‍ അട്ടിമറി വിപ്ലവം നടന്നത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് ആഴ്ചകൾക്ക് ശേഷം, അവർ വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യവും സമൃദ്ധിയും എല്ലാ ഇറാനികൾക്കും ബാധകമല്ലെന്ന് വ്യക്തമായി.
വിപ്ലവത്തിന്റെ പ്രതീകമാണ് ഹിജാബ് എന്ന് പറഞ്ഞ അയത്തുള്ള ഖുമൈനി, ജോലിസ്ഥലത്ത് സ്ത്രീകൾക്ക് മൂടുപടം നിർബന്ധമാണെന്ന് ഉത്തരവിട്ടു. ഇറാനിൽ സ്ത്രീകൾ രണ്ടാം തരം പൗരന്മാരായിട്ടാണ് പരിഗണിക്കുന്നത് എന്ന സത്യം അയത്തുള്ള ഖുമൈനി ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതോടെ ആയിരക്കണക്കിന് സ്ത്രീകൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും പരമോന്നത നേതാവിന്റെ വസതിയിലേക്കും മാർച്ച് നടത്തി.
അതിനു ശേഷമുള്ള ദശാബ്ദങ്ങളിൽ ഇറാനികൾ നീതിയും സ്വാതന്ത്ര്യവും സമത്വവും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്തതിന്റെ പേരിൽ പലരും അറസ്റ്റുചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
1999 ജൂലൈയിൽ, അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുമായി ബന്ധമുള്ള പരിഷ്‌കരണവാദി പത്രം അടച്ചുപൂട്ടിയതിനെ തുടർന്ന് ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങൾ തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നു. നിയമപരമായ തുല്ല്യതക്കായി ‘ദശലക്ഷം ഒപ്പുകൾ’ ക്യാമ്പയിൻ ഉൾപ്പെടെ 2005ലും 2006ലും നടന്ന വനിതാ പ്രതിഷേധങ്ങളും എങ്ങുമെത്താതെ നിലച്ചു.
2009ൽ, പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തിലെ കൃത്രിമം ചൂണ്ടിക്കാട്ടി ഗ്രീൻ മൂവ്‌മെന്റ് തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച 26 കാരിയായ നേദ ആഘാ സുൽത്വാൻ എന്ന സംഗീതജ്ഞയാണ് അന്ന് സമര പ്രതീകമായത്.
അതിന് ശേഷം 2019 ൽ പണപ്പെരുപ്പം മൂലം, പെട്രോൾ വില പെട്ടെന്ന് മൂന്നിരട്ടിയായി വർധിച്ചതിനെത്തുടർന്ന് തൊഴിലാളികളും സാധാരണക്കാരും കൂറ്റൻ പ്രതിഷേധമുയർത്തി. അവശ്യവസ്തുക്കളുടെയും വിലയിൽ വർദ്ധനവാണ് ഉണ്ടായത്. ചോര വീഴ്ത്തിയാണ് ആ സമരത്തെയും ശിയാ നേതൃത്വം മറികടന്നത്.
ഓരോ തവണയും പ്രതിഷേധങ്ങൾ പ്രധാന നഗരങ്ങളിലും പ്രാദേശിക, ഗ്രാമ പ്രദേശങ്ങളിലും വ്യാപിച്ചു. ഓരോ തവണയും അവർ ഉയർത്തുന്ന വിയോജിപ്പ് ഒടുവിൽ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കിടയിപെട്ട് ഇല്ലാതായി. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്നാണ് നിരീക്ഷകർ പറയുന്നത്.
പോരാടാനുറച്ച പുതുതലമുറ
പുതിയ തലമുറ അവരുടെ ഭൂതകാലത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് പോരാടാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. ഇറാനിയൻ-അമേരിക്കൻ പണ്ഡിതയും വാഷിംഗ്ടൺ ഡിസിയിലെ വുഡ്രോ വിൽസൺ സെന്ററിലെ മിഡിൽ ഈസ്റ്റ് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടറുമായ ഹാലെ എസ്ഫാൻദിയാരി തന്റെ കരിയറിന്റെ ഭൂരിഭാഗവും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രചാരണത്തിനായി ചെലവഴിക്കുന്ന വ്യക്തിയാണ്.
വിപ്ലവത്തിനുശേഷം 1980-ൽ തന്റെ വീട്ടിൽ നിന്ന് ഒളിച്ചോടിയ ഡോ. എസ്ഫാൻദിയാരി ഒരു പത്രപ്രവർത്തകയായും പ്രൊഫസറായും നയ ഉപദേഷ്ടാവായും ജോലി ചെയ്തു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് 105 ദിവസം ടെഹ്‌റാൻ ജയിലിൽ കഴിയുകയും ചെയ്തു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സ്ത്രീകൾ മുൻകൈ എടുത്ത് പ്രതിഷേധ പ്രസ്ഥാനം ആരംഭിക്കുന്നത്. 1979ലെ വിപ്ലവത്തിന് ശേഷം ഇറാനികൾ പലതവണ പോരാട്ട വീര്യത്തോടെ തെരുവിലിറക്കിയിട്ടുണ്ടെങ്കിലും ഇന്ന് സംഭവിക്കുന്നതിൽ ശ്രദ്ധേയമായ ചിലതുണ്ടെന്ന് അവർ പറയുന്നു.
തീർച്ചയായും 1979 ൽ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും മധ്യവർഗത്തിൽപെട്ടവരായിരുന്നു. എന്നാൽ ആ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തവർ ഇന്ന് തങ്ങളുടെ മക്കൾക്കൊപ്പമാണ്.
വിപ്ലവത്തിന് ശേഷം 20 വർഷങ്ങൾക്കിപ്പുറമാണ് ഇന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ബഹുഭൂരിപക്ഷവും ജനിച്ചത്. അവർ ഇറാനിൽ സ്കൂളിൽ പോയി, അവർ സർവ്വകലാശാലയിൽ പോയി, എല്ലായ്‌പ്പോഴും അവരെ സ്ത്രീകളുടെ സ്വാതന്ത്ര്യം കൂടി ഉൾക്കൊള്ളുള്ള ഇറാന്റെ രൂപീകരണത്തിനായി ഉപദേശിക്കുകയും ചെയ്തു. എന്നാൽ അത് ഒരു മാറ്റവും വരുത്തിയില്ല.
മഹ്‌സ അമിനിയെപ്പോലെ, ഈ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളവരിൽ ഭൂരിഭാഗവും 1990 കളുടെ മധ്യത്തിൽ ജനിച്ചവരാണ്. അവർ ജനസംഖ്യയുടെ 7 ശതമാനം മാത്രമാനുള്ളത്. പക്ഷേ അവർ ശബ്ദം ഉയർത്താൻ ഭയപ്പെടുന്നില്ലെന്നും ഡോ എസ്ഫാൻഡിയരി പറഞ്ഞു.
യുവതികൾ മരിക്കാൻ ഭയപ്പെടുന്നില്ല. 18 വയസ്സുള്ള ഒരു പെൺകുട്ടി താൻ വെടിയേറ്റ് മരിക്കുമെന്ന് അറിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ തന്റെ സുരക്ഷിത സ്ഥാനം വിട്ട് പുറത്തുവരുന്നത് അവിശ്വസനീയമാണെന്നും അവർ വ്യക്തമാക്കി.
ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം പ്രതിഷേധത്തിന്റെ ആദ്യ മാസത്തിൽ 23 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടു. ഇതിൽ സുരക്ഷാ സേനയുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട 17 വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. ഈ തലമുറ ഉയർന്ന വിദ്യാഭ്യാസമുള്ളവരും ആഗോളതലത്തിൽ ബന്ധമുള്ളവരും തൽസ്ഥിതിയിൽ തീർത്തും മടുത്തവരുമാണെന്ന് ഡോ എസ്ഫാൻദിയാരി വിശദീകരിക്കുന്നു.
അവർ വിദ്യാസമ്പന്നരാണ്, മിടുക്കരാണ്, ബുദ്ധിയുള്ളവരാണ്. കൂടാതെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിയാം. ആ തിരിച്ചറിവ് തന്നെ വലിയ മാറ്റമുണ്ടാക്കുന്നുവെന്നും ഡോ എസ്ഫാൻദിയാരി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന മറ്റ് യുവ തലമുറയെപോലെ ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഒരിക്കലും സ്വന്തം രാജ്യത്ത് രണ്ടാം തരം പൗരന്മാരാകാൻ അവർക്ക് ആഗ്രഹമില്ല. എല്ലായ്‌പ്പോഴും അപമാനിക്കപ്പെടാനും അവർ ആഗ്രഹിക്കുന്നില്ല.
ഈ തലമുറ അധികാരത്തെ ചോദ്യം ചെയ്യുന്ന പ്രവണത കാണിക്കുന്നു. സമൂഹമോ ഭരണകൂടമോ വരച്ച നിലവിലുള്ള ചുവന്ന വരകളിൽ അവർ വിശ്വസിക്കുന്നില്ല. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാർ " ഉണരുക, അത് മതി, അടുത്ത സിനിമാ റെക്‌സ് ആകുന്നത് വരെ" എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു.
തെക്ക്-പടിഞ്ഞാറൻ നഗരമായ അബാദനിലെ സിനിമാ റെക്‌സ് എന്ന തിയേറ്റർ 1978 ൽ കത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ആഹ്വാനം. അന്ന് നൂറുകണക്കിന് ആളുകളെയാണ് ആ സിനിമ തിയേറ്ററിനുള്ളിൽ പൂട്ടിയിട്ട് കൊന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ഭീകരാക്രമണമാണ്. ഭരണകക്ഷിയായ പഹ്‌ലവി രാജവംശം, ഷിയാ വിപ്ലവകാരികളാണ് തീ വെച്ചതെന്ന് ആരോപിച്ചു.
അതേസമയം പഹ്‌ലവി വിരുദ്ധ പ്രതിഷേധക്കാർ ഇറാന്റെ രഹസ്യ പോലീസായ സവാകിനെ കുറ്റപ്പെടുത്തി, എന്തായാലും 1979 ലെ വിപ്ലവത്തിന് വഴിയൊരുക്കിയ ചൂണ്ടുപലകയായാണ് സിനിമാ റെക്‌സ് തീപിടിത്തത്തെ പലരും കാണുന്നത്. 40 വർഷങ്ങൾക്ക് ശേഷം, യുവ ഇറാനികൾ വീണ്ടും ഒരു വിപ്ലവത്തിനായി പ്രേരിപ്പിക്കുകയാണ്.
ഇറാനിയൻ പ്രതിഷേധ പ്രസ്ഥാനത്തിന് എന്താണ് വേണ്ടത്?
മുൻകാലങ്ങളിൽ ഇറാനിയൻ പ്രതിഷേധ പ്രസ്ഥാനങ്ങൾ അസമത്വം, ക്ഷേമം, അടിച്ചമർത്തൽ എന്നിങ്ങനെ ഭരണകൂടത്തിന്റെ പ്രത്യേക വശങ്ങൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത്തവണ ആവശ്യങ്ങൾ കൂടുതൽ വിശാലമാണ്. രാജ്യത്തുടനീളമുള്ള പ്രകടനങ്ങളിൽ "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം", "സ്വേച്ഛാധിപതിയുടെ മരണം" എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. പലരും അതിനെ ഒരു വിപ്ലവത്തിന്റെ പോർവിളിയായി കാണുന്നു.
ഇറാനിയൻ-അമേരിക്കൻ പത്രപ്രവർത്തകനും വനിതാ അവകാശ പ്രവർത്തകനുമായ മസിഹ് അലിനെജാദ് 2014 ൽ ഒരു ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ചു. ഇസ്‌ലാമിക് റിപ്പബ്ലിക്കിൽ പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടികൾക്ക് നിർബന്ധിത വസ്ത്രമായ ഹിജാബ് ഇല്ലാതെ അവരുടെ ചിത്രങ്ങൾ പങ്കിടാൻ സ്ത്രീകളോട് അലിനെജാദ് ആഹ്വാനം ചെയ്തു.
ഇതോടെ അവർക്ക് നേരെ തട്ടിക്കൊണ്ടുപോകൽ ശ്രമവും കൊലപാതക ഗൂഢാലോചനകളും നടന്നിട്ടുണ്ട്.
ഇറാൻ സ്ത്രീകൾക്ക് ശിരോവസ്ത്രം ഒരു ചെറിയ തുണിക്കഷണം മാത്രമല്ല. ഇത് ഒരു മത സ്വേച്ഛാധിപത്യത്തിന്റെ പ്രധാന സ്തംഭമാണെന്ന് അലിനെജാദ് പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് പ്രക്ഷോഭമല്ല വിപ്ലവമാണെന്നാണ് അവർ പറയുന്നത്. ഹിജാബ് വലിച്ചു കീറുന്നത് ചില്ലറ കാര്യമല്ല, അത് ബർലിൻ വാൾ മൂവ്‌മെന്റിന് സമാനമാണെന്നും അവർ പറയുന്നു. നിലവിലെ പ്രതിഷേധം ഹിജാബിൽ നിന്നും ആരംഭിച്ചതാകാം. എന്നാൽ വ്യാപകമായ മാറ്റം ഉണ്ടാകുന്നത് വരെ അത് അവസാനിപ്പിക്കില്ലെന്നും അലിനെജാദ് പറയുന്നു.
അതുകൊണ്ടാണ് കൗമാരക്കാർ തോക്കുകളും വെടിയുണ്ടകളും നേരിടുന്നത് നിങ്ങൾ കാണുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ല, മരിക്കാൻ തയ്യാറാണെന്ന് പ്രതിഷേധക്കാർ പറയുന്നു. അപമാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ള മുൻ പ്രതിഷേധങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ എന്ന് അലിനെജാദ് വ്യക്തമാക്കി. കാരണം ഇത്തവണ ഇത് ലിംഗ വർണ്ണവിവേചന ഭരണകൂടത്തിന് എതിരാണ്, ഇറാൻ പൗരന്മാർ ഇസ്ലാമിക് റിപ്പബ്ലിക്കിനെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
മിക്കവാറും എല്ലാ ഇറാനികളും മോശം തൊഴിലവസരങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിത്യോപയോഗ സാധനങ്ങളുടെ അമ്പരപ്പിക്കുന്ന വിലകൾ എന്നിവയിൽ നിരാശരാണ്. എന്നാൽ യുവതികളെ സംബന്ധിച്ചിടത്തോളം അവരുടെ അടിസ്ഥാന ലക്ഷ്യം മറ്റാരെയും പോലെ അതേ അവകാശങ്ങൾ മാത്രമാണെന്നും അലിനെജാദ് വിശദീകരിച്ചു.
ഇറാനികൾ ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന വിപ്ലവം ഇതാണോ?
പ്രതിഷേധ പ്രസ്ഥാനത്തെ തകർക്കാൻ ഇറാനിയൻ ഭരണകൂടം ആയുധപ്പുരയിലുള്ളതെല്ലാം ഉപയോഗിക്കുമ്പോൾ, ഈ പ്രതിഷേധ തരംഗം ശമിച്ചേക്കുമോ എന്ന ഭയം രാജ്യത്തിനകത്തും പുറത്തും ഉണ്ട്. പോലീസും നിയമ സംവിധാനവും മാറ്റിനിർത്തിയാൽ പ്രതിഷേധത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രചരണവും സെൻസർഷിപ്പും ഇന്റർനെറ്റ് ആക്‌സസ് പരിമിതപ്പെടുത്തലും എല്ലാം സർക്കാർ ഉപയോഗിക്കുന്നു.
എങ്കിലും മുമ്പത്തേക്കാൾ കൂടുതൽ നിശ്ചയദാർഢ്യമുള്ള സ്ത്രീകൾ പോരാട്ടത്തിന്റെ മുൻനിരയിലാണെന്ന് മാത്രമല്ല, ആഗോള സമൂഹത്തിലും ശ്രദ്ധേയമായ മാറ്റവും ഉണ്ടായിട്ടുണ്ടെന്ന് ഡോ എസ്ഫാൻദിയാരി പറയുന്നു. ഇറാനിലെ വനിതാ പ്രസ്ഥാനത്തെ പിന്തുടർന്ന തന്റെ 60 വർഷത്തിനിടയിൽ, ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ അവർക്ക് ഇത്രയും പിന്തുണ ലഭിക്കുന്നതെന്നും ഡോ എസ്ഫാൻദിയാരി പറഞ്ഞു. ആ പിന്തുണ അവർക്ക് വളരെയധികം ധൈര്യവും ഒപ്പം ഊർജ്ജവും നൽകുന്നു.
ഇറാനിയൻ പ്രവാസികൾ അവർ ജീവിക്കുന്ന ഇടങ്ങളിലുള്ള രാഷ്ട്രീയക്കാരെ സ്വാധീനിക്കുകയും ഇസ്ലാമിക ഭരണകൂടത്തെ നേരിടാൻ മാറ്റ് ഗവൺമെന്റുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതിലൂടെ പുറത്തുനിന്നുള്ള മാറ്റത്തിനായി പ്രേരിപ്പിക്കുകയാണെന്നും ഡോ എസ്ഫാൻദിയാരി അഭിപ്രായപ്പെട്ടു.
പ്രതിഷേധക്കാരെ ഓൺലൈനിൽ തുടരാനും അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും സഹായിക്കുന്നതിന് ഇറാന് പുറത്തുള്ള ആളുകൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ പങ്കിടുന്നു. പ്രതിഷേധക്കാരെ ടാർഗെറ്റുചെയ്യാൻ ഉപയോഗിക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള വിദ്യകൾ പങ്കുവെയ്ക്കുന്നു.
ഭരണമാറ്റത്തിനായി ലോക നേതാക്കളോട് അവർ സജീവമായി അഭ്യർത്ഥിക്കുന്നു. നേതാക്കൾ തങ്ങളുടെ അംബാസഡർമാരെ ടെഹ്‌റാനിൽ നിന്ന് പുറത്താക്കുക, യുഎൻ വുമണിൽ നിന്നും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനെ പുറത്താക്കുക, എല്ലാ ആണവ ചർച്ചകളും മരവിപ്പിക്കുക, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു.
ഇത്തരം പിന്തുണകൾ ഇറാനിലെ സ്ത്രീകൾക്ക് ഊർജം നൽകുന്ന ഒന്നാണ്. സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അവർ തനിച്ചാണെന്ന് അവർക്ക് തോന്നുന്നില്ലെന്നും ഡോ എസ്ഫാൻദിയാരി പറഞ്ഞു. ഇറാൻ പുറത്ത് അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അവരെ പിന്തുണയ്ക്കുന്ന ഒരു ലോകമുണ്ട്. ഇത് വലിയ ഒരു മാറ്റമുണ്ടാക്കിയെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും ഈ പ്രതിഷേധം എങ്ങനെ അവസാനിക്കുമെന്ന് നോക്കാമെന്നും ഡോ എസ്ഫാൻദിയാരി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.