അഹമ്മദാബാദ്: ഗുജറാത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പടയോട്ടം തുടരുമ്പോള്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് 'ആപ്പാ'കുമെന്ന ആശങ്കയിലാണ് ബിജെപിയും കോണ്‍ഗ്രസും. ഈ സാഹചര്യത്തില്‍ ആപ്പിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ പൊളിച്ചെഴുതുകയാണ് ഇരു പാര്‍ട്ടികളും.
ബിജെപിക്ക് വേണ്ടി ഗുജറാത്തില്‍ തമ്പടിച്ചാണ് അമിത് ഷാ തന്ത്രങ്ങള്‍ മെനയുന്നത്. ഗുജറാത്തില്‍ ആം ആദ്മി അക്കൗണ്ട് തുറക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. കോണ്‍ഗ്രസ് തന്ത്രങ്ങള്‍ വ്യക്തി കേന്ദ്രീകൃതമല്ല. പ്രധാന നേതാക്കളുടെയെല്ലാം സാന്നിധ്യം ഏറിയും കുറഞ്ഞും ഗുജറാത്തിലുണ്ട്.
ഇളക്കി മറിച്ചുള്ള പ്രചരണവുമായി ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ബഹളങ്ങള്‍ ഇല്ലാതെ താഴെ തട്ടിലുള്ള പ്രചരണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ ബൂത്തിലും മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിച്ച് അവര്‍ വഴി പരമാവധി വോട്ടര്‍മാരിലേക്ക് എത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ എണ്ണി പറഞ്ഞ്, കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ നടപ്പാക്കാനുള്ള വാഗ്ദാനങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ചുള്ള പ്രചരണങ്ങളും കോണ്‍ഗ്രസ് നടത്തുന്നു.
കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കെട്ടിവെച്ച കാശ് പോലും ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി അതല്ല സാഹചര്യം. ബിജെപിയുടെ കോട്ടകളില്‍ പോലും കടുത്ത പോരാട്ടമാണ് ആപ്പ് നടത്തുന്നത്.
നഗര മേഖലകളിലും യുവാക്കള്‍ക്കിടയിലുമാണ് ആം ആദ്മിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ബിജെപിയുടെ പ്രചരണം. വരും ദിവസങ്ങള്‍ ദേശീയ നേതാക്കളെ അണി നിരത്തിയുള്ള വന്‍ പ്രചരണത്തിനാണ് ബിജെപി ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളുമെല്ലാം പ്രചരണത്തില്‍ സജീവമാകും. ആം ആദ്മിയുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന നിര്‍ദ്ദേശവും അമിത് ഷാ നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്.
ആപ്പ് തങ്ങള്‍ക്കല്ല ബിജെപിക്കാണ് ക്ഷീണം തീര്‍ക്കുകയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നഗര കേന്ദ്രീകൃത മേഖലയില്‍ കോണ്‍ഗ്രസിന് ഇതുവരെ കടന്ന് കയറാന്‍ പറ്റാത്ത 66 ഓളം സീറ്റുകളില്‍ ആം ആദ്മി ബിജെപിയെ തളര്‍ത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്തായാലും ഇരു പാര്‍ട്ടികളും ഭയക്കുന്ന ആപ്പിന്റെ നീക്കങ്ങള്‍ ഫലം കാണുമോയെന്നറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.