ചുവടുറപ്പിക്കാന്‍ ഉറച്ച് തരൂര്‍; താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച്ച നടത്തി തുടക്കം

ചുവടുറപ്പിക്കാന്‍ ഉറച്ച് തരൂര്‍; താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച്ച നടത്തി തുടക്കം

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ നടത്തുന്ന ജില്ലാ പര്യടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഘടകങ്ങളുടെ പിന്‍മാറ്റം. പാര്‍ട്ടി സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെയാണ് ചുവടുമാറ്റം. കണ്ണൂര്‍ ഡിസിസിയും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമാണ് തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവച്ചത്.

എന്നാല്‍ തരൂര്‍ മലബാര്‍ പര്യടനം നടത്തുന്നത് കൃത്യമായ രാഷ്ട്രയീ നീക്കത്തോടെയാണ്. ഇന്നു രാവിലെ കോഴിക്കോട് എത്തിയ തരൂര്‍ എം.ടി.വാസുദേവന്‍ നായരെ സന്ദര്‍ശിച്ചതിന് ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 22ന് പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. എന്‍എസ്എസ് ആസ്ഥാനത്ത് ജനുവരിയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിലും മുഖ്യാതിഥി തരൂരാണ്.

അതേസമയം പരിപാടികള്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സംഘടിപ്പിക്കാനാണ് സംഘാടകരുടെ നീക്കം. ഇന്നു മുതല്‍ നാല് ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തരൂരിന്റെ പര്യടനം.

'മതനിരപേക്ഷതയും സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും' എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു നടത്താനിരുന്ന സെമിനാറില്‍ തരൂരായിരുന്നു മുഖ്യാതിഥി. എന്നാല്‍ പരിപാടി മാറ്റിവച്ചതായി യൂത്ത് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. 23ന് കണ്ണൂര്‍ ഡിസിസി നടത്തുന്ന സെമിനാറിലും തരൂര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

അതേസമയം ഡിസിസിക്കു പകരം ഇതേ പരിപാടി കണ്ണൂര്‍ ജവാഹര്‍ ലൈബ്രറി സംഘടിപ്പിക്കുമെന്നാണ് പുതിയ അറിയിപ്പ്. യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാര്‍ അതേ വേദിയില്‍ തന്നെ നെഹ്‌റു യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ബാനറില്‍ നടത്താനാണ് തീരുമാനം.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച എം.കെ.രാഘവന്‍ എംപിയാണ് മലബാറിലെ പര്യടനം ഏകോപിപ്പിക്കുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നേതാക്കളുടെയും പിന്തുണ പുതിയ നീക്കത്തിനില്ല. ഇതോടെ രാഘവനും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്.

തരൂരിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി എന്നായിരുന്നു ശബരീനാഥന്റെ ചോദ്യം.

കോണ്‍ഗ്രസില്‍ തനിക്ക് വിലക്ക് ഇല്ലെന്ന് തരൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ആരെയും ഭയമില്ല. തന്നെയും ആരും ഭയപ്പെടേണ്ടതില്ല. പാര്‍ട്ടിയില്‍ ശത്രുക്കളില്ല. പാര്‍ട്ടി പരിപാടികളില്‍ വിലക്കുമില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

അതേസമയം തരൂരിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒരു വിഭാഗം കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഐ.പി രാജേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തരൂര്‍ പങ്കെടുക്കുന്ന ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.