ഇസ്ലാമാബാദ്: സൈനിക മേധാവിക്ക് രാജ്യത്തെ കര, നാവിക, വ്യോമ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍. ഈ ഭേദഗതിയിലൂടെ സൈനിക മോധാവിയായ അസിം മൂനീറിന് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്ന ഉന്നത പദവി ലഭിക്കും.
പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും നേതൃത്വത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ വ്യക്തമാക്കുന്നത്.
ഫെഡറല്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഉടന്‍ 27-ാം ഭരണഘടനാ ഭേദഗഗതി ബില്‍ ശനിയാഴ്ച സെനറ്റില്‍ അവതരിപ്പിക്കുകയും നിയമ-നീതി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പുനപരിശോധനയ്ക്ക് വിടുകയും ചെയ്തു.
പാക് നിയമമന്ത്രി അസം നസീര്‍ തരര്‍ അവതരിപ്പിച്ച ബില്‍, ഫെഡറല്‍ ഭരണഘടനാ കോടതിയുടെ രൂപീകരണം, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രൊവിന്‍ഷ്യല്‍ കാബിനറ്റുകളുടെ പരിധി മാറ്റം, സൈനിക നേതൃത്വത്തിന്റെ പുനസംഘടന തുടങ്ങിയ സമഗ്രമായ ഭരണഘടനാ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് സൂചന.
സായുധ സേനയുടെ നിയന്ത്രണവും അധികാരവും ഫെഡറല്‍ സര്‍ക്കാരിനായിരിക്കും എന്ന് നിലവില്‍ പറയുന്ന ആര്‍ട്ടിക്കിള്‍ 243 ലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ട്, അധികാര ഘടനകളും നിയമനങ്ങളും പുനര്‍ നിര്‍വചിക്കാന്‍ പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കുന്നുണ്ടെന്ന് അസം നസീര്‍ പറഞ്ഞു.
ഭേദഗതി പ്രകാരം, സൈനിക മേധാവി ഒരേസമയം സംയുക്ത സേനാ മേധാവി ആയും പ്രവര്‍ത്തിക്കും. അതോടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും നേരിട്ടുള്ള അധികാരം സൈനിക മേധാവിയില്‍ നിക്ഷിപ്തമാകും.
സ്ഥാനപരമായി നിലവിലുള്ള ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി.ജെ.സി.എസ്.സി) ചെയര്‍മാന്‍ പദവി നിര്‍ത്തലാക്കാനും ബില്‍ ലക്ഷ്യമിടുന്നു. നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്ന 2025 നവംബര്‍ 27 മുതല്‍ ഈ സ്ഥാനം ഇല്ലാതാകും.
പുതിയ നിയമനം ഉണ്ടാകില്ലെന്ന് നിയമ മന്ത്രി വ്യക്തമാക്കി. സംയുക്ത സേനാ മേധാവിയുടെ ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രി നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കമാന്‍ഡറെ നിയമിക്കും. ഇതോടെ പാകിസ്ഥാന്റെ ആണവ ശേഷിയുടെ നിയന്ത്രണം സൈന്യത്തിന് നല്‍കും.
ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ഔദ്യോഗികമായി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു റാങ്കോ നിയമനമോ അല്ല, മറിച്ച് ദേശീയ നായകന്മാര്‍ക്ക് നല്‍കുന്നതും ആജീവനാന്തം നിലനില്‍ക്കുന്നതുമായ ഒരു പദവിയാണെന്ന് നിയമ മന്ത്രി വിശദീകരിച്ചു. ഈ പദവിയെ ഇംപീച്ച് ചെയ്യാനോ പിന്‍വലിക്കാനോ ഉള്ള അധികാരം പ്രധാനമന്ത്രിക്കല്ല, പാര്‍ലമെന്റിനായിരിക്കുമെന്നും അദേഹം വ്യക്തമാ്കകി.
ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ്, അല്ലെങ്കില്‍ അഡ്മിറല്‍ ഓഫ് ദി ഫ്‌ളീറ്റ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും റാങ്കും പ്രത്യേകാവകാശങ്ങളും നിലനിര്‍ത്തുകയും ജീവിതകാലം മുഴുവന്‍ യൂണിഫോമില്‍ തുടരുകയും ചെയ്യുമെന്നും അവരുടെ സജീവ സേവനത്തിന് ശേഷം രാജ്യത്തിന്റെ താല്‍പര്യാര്‍ഥം ഫെഡറല്‍ സര്‍ക്കാരിന് അവര്‍ക്ക് ചുമതലകള്‍ നല്‍കാമെന്നും ബില്‍ വ്യക്തമാക്കുന്നു.
നിലവില്‍ രാഷ്ട്രപതിക്ക് ബാധകമായ അനുച്ഛേദം 47, 248 എന്നിവയിലെ നിയമ പരിരക്ഷാ വ്യവസ്ഥകള്‍ പുതുതായി സൃഷ്ടിച്ച ഈ പദവികള്‍ക്കും കരട് രേഖ ബാധകമാക്കുന്നു. ഇത് ആജീവനാന്ത നിയമപപരിരക്ഷ ഉറപ്പാക്കും. വിരമിച്ചതിന് ശേഷവും സൈനിക ഉന്നതരെ പദവിയില്‍ നിന്ന് നീക്കം ചെയ്യല്‍, ജുഡീഷ്യല്‍ പരിശോധന, അല്ലെങ്കില്‍ രാഷ്ട്രീയ ഉത്തരവാദിത്വം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ആണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് ഭേദഗതി നിലനിര്‍ത്തുന്നുണ്ടെങ്കിലും യഥാര്‍ഥ അധികാരം സംയുക്ത സേനാമേധാവിയിലേക്ക് മാറും. എല്ലാ പ്രധാന ശുപാര്‍ശകളും അദേഹത്തിന്റെ ഓഫീസില്‍ നിന്നായിരിക്കണമെന്നാണ് വ്യവസ്ഥ.
രാഷ്ട്രീയ പാര്‍ട്ടികള്‍ ദുര്‍ബലമാവുകയും സമ്പദ് വ്യവസ്ഥ സൈനികവല്‍ക്കരിക്കപ്പെടുകയും അധികാരം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഭരണഘടനാപരമാക്കുകയും ചെയ്യുന്നതോടെ, ഈ ഭേദഗതി അസിം മുനീറിന്റെ അധികാരം നിയമപരമായി ഉറപ്പിക്കുകയും പാകിസ്ഥാന്‍ സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ നിയന്ത്രിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.