ഖത്തർ- ഇക്വഡോർ മത്സരം ഉയർത്തുന്ന രണ്ട് ചോദ്യങ്ങള്‍

ഖത്തർ- ഇക്വഡോർ മത്സരം ഉയർത്തുന്ന രണ്ട് ചോദ്യങ്ങള്‍

ദോഹ: അറബ് ലോകം ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയ ടീമിന്‍റെ പരാജയത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമിന്‍റെ പരാജയം ആദ്യമാണ് എന്ന വിലയിരുത്തലും അങ്ങനെയൊരു വസ്തുതാ വിവരണവും പരക്കെയുണ്ട്. എന്നാല്‍ ആതിഥേയ ടീം എല്ലാ ലോകകപ്പ് ഉദ്ഘാടനമത്സരത്തിലും കളിക്കണമെന്നില്ല. അങ്ങനെയല്ലാത്ത ധാരാളം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.

1990 ല്‍ ഇറ്റലിയില്‍ വച്ച് നടന്ന ലോകപ്പ്, ഇറ്റാലിയ 90 എന്നറിയപ്പെടുന്ന ലോകകപ്പില്‍ ആദ്യമത്സരം കളിച്ചത് അന്നത്തെ ചാമ്പ്യന്‍മാരായിരുന്ന അർജന്‍റീനയും കാമറൂണുമാണ്. അന്ന് കാമറൂണ്‍ ഒരു ഗോളിന് അർജന്‍റീനയെ പരാജയപ്പെടുത്തി. ഏഷ്യയില്‍ ആദ്യമായി ഒരു ലോകകപ്പ് വരുന്നത് 2002 ലാണ്. ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.ആ ടൂർണമെന്‍റിലെ ആദ്യ മത്സരവും ആതിഥേയ ടീമായിരുന്നില്ല. അന്ന് ഉദ്ഘാടനമത്സരത്തില്‍ അന്നത്തെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സും സെനഗലുമാണ് മത്സരിച്ചത്. അന്ന് സെനഗല്‍ ഒരു ഗോളിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.അതുകൊണ്ടുതന്നെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയ ടീമിന്‍റെ പരാജയം ആദ്യം എന്നുപറയുമ്പോള്‍, എല്ലാ ലോകകപ്പിലും ആദ്യ മത്സരത്തില്‍ ആതിഥേയ ടീം കളിച്ചിരുന്നു എന്ന് അർത്ഥമില്ല.

ഈ മത്സരത്തിലേക്ക് വരുമ്പോള്‍ പ്രധാനപ്പെട്ട രണ്ട് ചോദ്യങ്ങളാണ് ഈ മത്സരം ഉയർത്തുന്നത്. വാർ (വീഡിയോ അസിസ്റ്റന്‍റ് റഫറി)യെന്ന ന്ന് ആധുനിക സാങ്കേതിക വിദ്യയുടെ വിലയിരുത്തല്‍ പ്രകാരമാണ് ഈ മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ പിറന്ന ഗോള്‍ ഓഫ് സൈഡാണെന്ന വിധിയുണ്ടായത്.
വാസ്തവത്തില്‍ സാങ്കേതിക വിദ്യ അവലംബിക്കുന്നത് മത്സരങ്ങളുടെ കൃത്യതയും നിഷ്പക്ഷതയും കൂടുതല്‍ സഹായിക്കുമെങ്കില്‍ പോലും മത്സരത്തില്‍ പലപ്പോഴും സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി തലമുടിനാരിഴ കീറി പരിശോധിക്കുന്നത് മത്സരത്തിന്‍റെ ആത്മാവിനെ എത്രത്തോളം ഇല്ലാതാക്കുമെന്നുളള ചോദ്യം ഉയർത്തുന്നു. ഇന്നത്തെ മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ എനർ വലന്‍സിയ ഗോള്‍ നേടിയതാണ്. പിന്നീട് റഫറി അതില്‍ ഇടപെടുകയും ഓഫ് സൈഡാണെന്ന് വാറിന്‍റെ സഹായത്തോടെ വിധിക്കുകയും ചെയ്തത്.ഒരു കാല്‍ മാത്രം ഓഫ് സൈഡിലേക്ക് എത്തി നില്‍ക്കുന്നുവെന്നുളളതാണ് നമ്മള്‍ കണ്ടത്. അത്ര സൂക്ഷ്മമായി തലമുടിനാരിഴ കീറി ഓഫ് സൈഡ് വിളിക്കുമ്പോഴുണ്ടാുന്ന അപകടത്തെ കുറിച്ച് ഫുട്ബോള്‍ വിദഗ്ധരും കളിപ്രേമികളുമൊക്കെ ഒരുപോലെ ആശങ്കാകുലരാണ്. അത് ഒരു പക്ഷെ ഇത്തരം സാങ്കേതിക വിദ്യകളെ മാത്രം ആശ്രയിച്ചുളള വിധി നിർണയം ലോകകപ്പില്‍ ചർച്ചയാകാനിടയുണ്ട്. ഒരു പക്ഷെ ലോകകപ്പ് കഴിഞ്ഞാലും അത്തരം ചർച്ചകള്‍ തുടരാനും സാധ്യതയുണ്ട്.ഈ ലോകകപ്പിലെ ആദ്യമത്സരം തന്നെ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുളള വിധി നിർണയത്തിനെതിരെയുളള നീക്കങ്ങള്‍ക്കും ശക്തിപകർന്നേക്കാം.

മറ്റൊരു പ്രധാനകാര്യം ഈ ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ കളിച്ച രണ്ട് ടീമുകള്‍ ഒന്ന് ആതിഥേയരായ ഖത്തർ, ഫിഫയുടെ റാങ്കിംഗില്‍ 50 ആം സ്ഥാനത്താണ് ഖത്തർ, പിന്നെ ഇക്വഡോർ, ഫിഫയുടെ റാങ്കിംഗില്‍ 44 ആം സ്ഥാനത്താണ് ഇക്വഡോർ. ആതിഥേയ  രാഷ്ട്രമായതുകൊണ്ടാണ് ലോകകപ്പില്‍ സ്ഥാനം നേടിയതെങ്കിലും ഖത്തർ ഏഷ്യന്‍ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ടീമാണ്.നിലവിലെ ഏഷ്യാകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരാണ്. അവരെ സംബന്ധിച്ചിടത്തോളം 42 ഗോളുകള്‍ നേടിയിട്ടുളള അല്‍ മോള്‍സ് അലിയെന്ന താരത്തില്‍ അവർ പ്രതീക്ഷയർപ്പിച്ചിരുന്നു. പക്ഷെ ഏഷ്യ കപ്പ് ജേതാക്കളായ ടീമായിരുന്നിട്ട് പോലും അന്തർദേശീയ മത്സരത്തില്‍ ലോകകപ്പ് വേദിയില്‍ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ഖത്തറിന് സാധിച്ചോവെന്നുളള ചോദ്യം കളിപ്രേമികള്‍ ഉന്നയിക്കും. പ്രത്യേകിച്ചും ആദ്യ പകുതിയില്‍ ഖത്തർ നിഷ്പ്രഭമായിരുന്നു. ഗംഭീര മുന്നേറ്റങ്ങളാണ് ഇക്വഡോർ കാഴ്ച വച്ചത്. ആദ്യ പകുതിയിലെ കളി ഖത്തറിന്‍റെ പകുതിയിലായിരുന്നുവെന്നു പറയുന്നതാകും ശരി. നല്ലൊരുനീക്കം ആദ്യപകുതിയില്‍ നടത്താന്‍ പോലും ഖത്തറിന് സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു ചെറിയ സാധ്യത ഖത്തറിനുണ്ടായിരുന്നുവെന്നുളളത് ഒഴിച്ച് നിർത്തിയാല്‍ ഭൂരിഭാഗം സമയത്തും കളി നിയന്ത്രിച്ചത് ഇക്വഡോറാണ്. പന്ത് കൈവശം വച്ചത് ഇക്വഡോറാണ്.നല്ല നീക്കങ്ങള്‍ നടത്തിയത് ഇക്വഡോറാണ്. രണ്ട് ഗോളുകള്‍ നേടിയതും ഇക്വഡോറാണ്. ഇക്വഡോറിന്‍റെ ആധിപത്യമായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്.

എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും ധാരാളമായി സബ്സ്റ്റിറ്റ്യൂഷന്‍സ് നടത്തി.രണ്ടാം പകുതിയില്‍ ഖത്തർ ഏറെ ഒത്തിണക്കത്തോടെ കളിക്കാന്‍ ശ്രമിച്ചു. അത് പ്രകടമായിരുന്നു. അവരുടെ ഒത്തിണക്കം പ്രവർത്തിച്ചത് പ്രതിരോധനത്തിലായിരുന്നുവെന്നുകൂടെ പറയേണ്ടിവരും. ഗോളുകള്‍ ഇനി വഴങ്ങാന്‍ പാടില്ല എന്നുളള കാര്യത്തില്‍ അമിത ശ്രദ്ധ കൊടുക്കുകയും അതേസമയം ആക്രമണത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ അവർക്ക് കഴിയാതെ പോവുകയും ചെയ്തുവെന്ന തോന്നല്‍ കളികാണുന്നവർക്കുണ്ടായിരുന്നു.ഒന്ന് രണ്ട് സാധ്യതകള്‍ അവർക്ക് കിട്ടി.അതിലൊരു മികച്ച സാധ്യത അല്‍ മോയിസ് അലി തന്നെ പാഴാക്കുകയും ചെയ്തു. അതോടെ ഗോള്‍ തിരിച്ചടിക്കാനുളള അവസരം ഖത്തറിന് നഷ്ടപ്പെട്ടു.അല്ലെങ്കില്‍ സമനിലയ്ക്ക് വേണ്ടി ശ്രമിക്കാനുളള സാധ്യതയും നഷ്ടപ്പെട്ടു.

മത്സരത്തിന്‍റെ ആകെത്തുകയെന്നു പറയുന്നത് ഏഷ്യന്‍ ടീമുകള്‍ ലോകകപ്പ് പോലുളള അന്തർദ്ദേശീയ വേദികളില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്നുളളതാണ്. ആ വലിയ പാഠം ഈ ടൂർണമെന്‍റിലെ ആദ്യ മത്സരം തന്നെ നല്‍കുന്നു. ഇക്വഡോറിനെ പോലുളള ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ഒരു ഏഷ്യന്‍ ടീമിന് ഫലപ്രദമായ രീതിയില്‍ മുന്നേറ്റങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നുളള പരിമിതി നില്‍ക്കുന്നു. പാസുകള്‍ നല്‍കുന്ന കാര്യത്തിലും പാസുകള്‍ കണക്ട് ചെയ്യുന്ന കാര്യത്തിലും ആക്രമണം ഏകോപിപ്പിക്കുന്ന കാര്യത്തിലും ഇക്വഡോർ ഖത്തറിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ആരാധകരുടെയും കളിപ്രേമികളുടെയുമെല്ലാം വലിയൊരു പിന്തുണ ഉണ്ടായിട്ട് പോലും ഖത്തറിന് നല്ല രീതിയിലുളള മത്സരം നടത്താന്‍ സാധിച്ചില്ല. മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ അവർ മികച്ചുനിന്നു. ഗോളിയുടെ പിഴവിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. 16ആം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങേണ്ടിവന്നു.അതിന് ശേഷം 31 ആം മിനിറ്റില്‍ ക്യാപ്റ്റന്‍ എന്നർ വലസിയുടെ അതിഗംഭീര ഹെഡർ ഗോളാക്കി മാറ്റാനും സാധിച്ചു. ആദ്യ പകുതിയില്‍ പിറന്ന ഈ രണ്ട് ഗോളുകളാണ് മത്സരത്തിന്‍റെ വിധി നിർണയിച്ചത്.രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഇക്വഡോർ ശ്രമിച്ചുവെങ്കിലും അത് നിഷ്പ്രഭമാക്കാന്‍ ഖത്തറിന്‍റെ പ്രതിരോധത്തിന് സാധിച്ചു.എന്നാല്‍ ഒരിക്കല്‍ പോലും ഇക്വഡോറിന്‍റെ പ്രതിരോധത്തെ മറികടക്കാനോ ഗോളിയുടെ മികവിനെ മറികടക്കാനോ ഖത്തറിന് സാധിച്ചില്ല.ഇത് ഗ്രൂപ്പിലെ ആദ്യമത്സരമാണ്. ഇനിയും ഗ്രൂപ്പില്‍ മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ട് ടീമുകള്‍ക്കും ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ട്. ടൂർണമെന്‍റ് പുരോഗമിക്കുമ്പോള്‍ കൂടുതല്‍ മികച്ച മത്സരങ്ങള്‍ കാണാന്‍ നമുക്ക് സാധിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.