ബംഗളൂരു: മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഏറണാകുളത്തു നിന്ന് സഹായം ലഭിച്ചതായും വിവരം.
സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇയാള്‍ ആലുവയില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാരിഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആലുവയിലെ ചില സ്ഥലങ്ങളില്‍ പരിശോധനയും നടത്തി.
ഷാരിഖിന് കൊടും ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മംഗളുരു നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താനാണ് മുഹമ്മദ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവര്‍ തീരുമാനിച്ചിരുന്നു. മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായാണ് മംഗളുരു സ്വദേശിയായ പുരുഷോത്തമന്റെ ഓട്ടോറിക്ഷയില്‍ ഇയാള്‍ കയറിയത്.
യാത്രയ്ക്കിടെ ഘര്‍ഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗില്‍ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നത്. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌ഫോടനത്തില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികള്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
മംഗളൂരുവിലെ ചില കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ തൊയ്ബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരില്‍ ഷാരിഖിനെ 2020 ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ അടുത്തിടെ ശിവമോഗയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി.
ശിവമോഗയില്‍ നടന്ന സംഘര്‍ഷത്തില്‍ ഐഎസ് ബന്ധമുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാരിഖ് ആണ് ബോംബ് നിര്‍മാണത്തിലടക്കം ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ത്തതോടെ ഇയാള്‍ വീട്ടില്‍നിന്ന് മുങ്ങുകയും ഒളിവില്‍ കഴിഞ്ഞു വരികയുമായിരുന്നു.
കോയമ്പത്തൂരിലെ മനുഷ്യ ബോംബ് സ്‌ഫോടനവുമായി മംഗളുരു ഓട്ടോറിക്ഷ സ്ഫോടനത്തിന് സാമ്യമുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെയും വിലയിരുത്തല്‍. സ്‌ഫോടനത്തിന് മുമ്പ് ഇയാള്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയില്‍ മേല്‍വിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരില്‍ ഉള്ളതാണത്. തുംകൂറില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ആറ് മാസം മുമ്പ് പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു.
മൈസുരുവില്‍ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.