തൃശൂര്‍: ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായ നവംബര്‍ 20 ന് തൃശൂരിലെ എറവ് കപ്പല്‍ പള്ളി എന്ന പേരില്‍ പ്രസിദ്ധമായ സെന്റ് തെരേസാസ് ദേവാലയത്തിന് ചുറ്റും ക്രിസ്തു രാജനും വിശുദ്ധരുമായി ശിശുക്കള്‍ അണിനിരന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ബാല്യകാലം വിശുദ്ധരാകാനുള്ള സാധ്യതയുണ്ടെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുവാനാണ് ക്രിസ്തുവിന്റെ രാജത്വ തിരുന്നാള്‍ ദിനത്തില്‍ ഇത്തരമൊരു പുതുമയുള്ള കാര്യം ചെയ്തത്.
സെന്റ് തെരേസാസ് ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപതോളം വരുന്ന കുഞ്ഞുങ്ങള്‍ വിശുദ്ധരുടെ വേഷം ധരിച്ചു ദേവാലയത്തില്‍ എത്തിയത് വിശ്വാസി സമൂഹത്തിനും വേറിട്ട അനുഭവമായിരുന്നു.
കുട്ടികള്‍ക്ക് വിശുദ്ധരെപ്പറ്റി മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് വിശുദ്ധരുടെ വേഷമണിഞ്ഞു റാലിയില്‍ പങ്കെടുപ്പിച്ചത്. അതിനാല്‍ തന്നെ ഈ ദിനത്തെപ്പറ്റി കൂടുതല്‍ ആഴത്തില്‍ മനസിലാക്കുവാന്‍ കുട്ടികള്‍ക്ക് സാധിച്ചു. വിശുദ്ധി ഒരു സാധ്യതയാണെന്ന് കുട്ടികളെയും മാതാപിതാക്കളെയും ഓര്‍മപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇടവക വികാരി ഫാ. റോയ് വടക്കന്റെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുന്നാള്‍ ശ്രദ്ധേയമായ വിധത്തില്‍ ആചരിച്ചത്. മാതാപിതാക്കളും വിശ്വാസ പരിശീലകരും കുട്ടികള്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി അണിനിരന്നപ്പോള്‍ അതൊരു പുതിയൊരു അധ്യായം കുറിക്കുകയായിരുന്നു.
നേഴ്‌സറി, ഒന്ന്, രണ്ട് തുടങ്ങിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് അവര്‍ക്കു ഇഷ്ടപെട്ട ഒരു വിശുദ്ധനെയോ വിശുദ്ധയെയോ കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുകയും ഞായറാഴ്ച വിശുദ്ധരുടെ വേഷം ധരിപ്പിച്ച് വിശ്വാസ പരിശീലനത്തിനു അവരെ എത്തിക്കുകയുമായിരിന്നു. മതബോധന വിദ്യാര്‍ത്ഥിയെന്ന നിലയില്‍ വിശുദ്ധരെപ്പറ്റി പറഞ്ഞും പഠിപ്പിച്ചും കൊടുത്തും അതോടൊപ്പം വേഷവിധാനം ധരിപ്പിച്ചും കുട്ടികള്‍ക്കു വിശുദ്ധരുമായി ഒരു ബന്ധം സ്ഥാപിക്കാനും അതുവഴി അവരുടെ ജീവിതത്തില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കാനും വിശുദ്ധി ഒരു സാധ്യതയാണെന്നു അനുഭവവേദ്യമാക്കി നല്‍കുവാനുമാണ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതെന്നു ഫാ. റോയി വടക്കന്‍ പറഞ്ഞു.
ദേവാലയത്തിനു ചുറ്റും നടന്ന റാലിയില്‍ ക്രിസ്തുരാജനായി വേഷമണിഞ്ഞ വിദ്യാര്‍ത്ഥിയെ അനുഗമിച്ച വിശുദ്ധ വേഷധാരികളായ കുട്ടികളെ അള്‍ത്താരയില്‍ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തിയതിനു പിന്നിലും വിശുദ്ധിയുടെ പ്രഘോഷണമുണ്ടായിരിന്നു. ഭാവിയില്‍ അള്‍ത്താര വണക്കത്തിനായി സാധ്യതയുള്ളവരാണ് ഓരോ വിശുദ്ധാത്മാക്കളും എന്ന ബോധ്യം പകരാന്‍ ഇത് കാരണമായി. കുഞ്ഞ് വിശുദ്ധരോടൊപ്പം മറ്റു ക്ലാസുകളിലെ കുട്ടികള്‍ പ്ലക്കാര്‍ഡുകളുമായി ക്രിസ്തു രാജന് ജയ് വിളിച്ചു റാലിയില്‍ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26