അനപൊലീസ്: ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന 'നല്ല' കൊളസ്ട്രോൾ അല്ലെങ്കിൽ ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എച്ച്‌ഡിഎൽ) മുമ്പ് കരുതിയിരുന്നപോലെ ഗുണം ചെയ്യില്ലെന്ന് പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ സാന്നിധ്യം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
1970 കളിൽ നടത്തിയ ഒരു പഠനത്തിൽ ഉയർന്ന അളവിലുള്ള എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ മനുഷ്യ ശരീരത്തിൽ കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇടത്, വലത് കൊറോണറി ധമനികൾക്ക് ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം നൽകാൻ കഴിയുന്നില്ലെങ്കിൽ, ശരീരത്തിലെ മുഴുവൻ രക്തചംക്രമണ പ്രക്രിയയും തടസ്സപ്പെടും. ഈ അവസ്ഥയെയാണ് കൊറോണറി ഹൃദ്രോഗം എന്ന് വിളിക്കുന്നത്.
ഈ പഠനം പിന്നീട് ഹൃദ്രോഗ സാധ്യത വിലയിരുത്തുന്നതിൽ ലോക വ്യാപകമായി അംഗീകരിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്തു. പക്ഷെ അന്ന് ഗവേഷകർ പഠനം നടത്തിയിരുന്നത് വെളുത്ത അമേരിക്കക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു.
എച്ച്ഡിഎൽ കൊളസ്ട്രോൾ വെളുത്ത വർഗക്കാരിലെ ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും കറുത്ത വർഗക്കാരിൽ ഈ കൊളസ്ട്രോളിന്റെ സാന്നിധ്യം താരതമ്യേന അത്ര ഗുണം ചെയ്യുന്നില്ല എന്നാണ് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ഇപ്പോൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഉയർന്ന അളവിലുള്ള എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ സാന്നിധ്യം രണ്ട് ഗ്രൂപ്പുകൾക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത പണ്ട് വിശ്വാസിച്ചിരുന്ന അത്രതന്നെ കുറയ്ക്കുന്നതായി കണ്ടെത്തിയില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
വംശീയ വ്യത്യാസമില്ലാതെ എച്ച്‌ഡിഎൽ കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയുന്നത് ഹാനികരമാണെന്ന് എതിരില്ലാതെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പോർട്ട്‌ലാൻഡിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ നൈറ്റ് കാർഡിയോവാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ നതാലി പാമിർ പറഞ്ഞു.
ഹൃദയാഘാതം വരുന്നവരുടെ ഭൂമിശാസ്ത്രപരവും വംശീയവുമായ വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളിൽ എൻറോൾ ചെയ്ത ആയിരക്കണക്കിന് ആളുകളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചു. 2003 നും 2007 നും ഇടയിൽ ഈ ഗവേഷണത്തിന് ഭാഗമായ ആളുകളുടെ പ്രായം കുറഞ്ഞത് 45 വയസ്സായിരുന്നു. അവരുടെ ആരോഗ്യം ശരാശരി 10 വർഷക്കാലം ഗവേഷകർ വിശകലനം ചെയ്തു.
ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോളും (ചീത്ത കൊളസ്‌ട്രോൾ) ട്രൈഗ്ലിസറൈഡുകളും വംശീയ വ്യത്യാസമില്ലാതെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. എന്നാൽ എച്ച്‌ഡിഎല്ലും ഹൃദ്രോഗ സാധ്യതയും തമ്മിലുള്ള ബന്ധത്തിൽ ഈ വംശീയ വ്യത്യാസത്തിന്റെ പങ്ക് എന്താണെന്ന് മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം ഹൃദ്രോഗ സാധ്യതയെക്കുറിച്ചുള്ള നിലവിലെ ക്ലിനിക്കൽ വിലയിരുത്തലുകൾ, "കറുത്ത വർഗക്കാരിലെ സാധ്യതകളെ തെറ്റായി തരംതിരിച്ചേക്കാമെന്നും ഇത് ഈ ഗ്രൂപ്പിനുള്ള ഒപ്റ്റിമൽ കാർഡിയോവാസ്കുലാർ ഡിസീസ് പ്രിവൻഷനും മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ഭംഗം വരുത്തുന്നുവെന്നും പഠനത്തിൽ പറയുന്നു.
കൂടുതൽ വംശീയ-വർഗ-വ്യക്തതയുള്ള ഗവേഷണത്തിന്റെ ആവശ്യകതയാണ് ഈ പഠനം ഉയർത്തിക്കാട്ടുന്നതെന്ന് സിഎൻഎൻ മെഡിക്കൽ കറസ്‌പോണ്ടന്റും ലെനോക്‌സ് ഹിൽ വിമൻസ് ഹാർട്ട് പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്‌ടറുമായ ഡോ. താര നരുല പറഞ്ഞു.
കൂടാതെ, ഉയർന്ന അളവിലുള്ള എച്ച്‌ഡിഎൽ ഒരു ആനുകൂല്യമല്ലെന്നും ഉയർന്ന എൽഡിഎൽ നിയന്ത്രിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ ഈ ഗവേഷണം ഊന്നിപ്പറയുന്നുവെന്നും ഡോ. താര കൂട്ടിച്ചേർത്തു.
എന്താണ് കൊളസ്ട്രോൾ?
ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമായ ഘടകമാണ് കൊളസ്‌ട്രോള്‍. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ് ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.
അതേസമയം ആരോഗ്യകരമായ ജീവിതത്തിന് കൊളസ്ട്രോൾ നിയന്ത്രണം അത്യാവശ്യവുമാണ്. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL), ചീത്ത കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ LDL).
ചീത്ത കൊളസ്ട്രോൾ ആണ് ഏറ്റവും അപകടകാരി. ഇത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കും. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.
ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനായി പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുക, പൂരിത കൊഴുപ്പുകൾ, പഞ്ചസാര നിറഞ്ഞ ഭക്ഷണം, ഉയർന്ന കലോറിയുള്ള മറ്റ് ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങൾ ജീവിതശൈലിയിൽ വരുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.